കാനറ ബാങ്കിന് 4,860 കോടി രൂപയുടെ നഷ്ടം

കാനറ ബാങ്കിന് 4,860 കോടി രൂപയുടെ നഷ്ടം

മുംബൈ: പൊതുമേഖലാ സ്ഥാപനമായ കാനറ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ (ജനുവരി-മാര്‍ച്ച്) പ്രകടന ഫലം പുറത്തുവിട്ടു. 4,859.8 കോടി രൂപയുടെ അറ്റ നഷ്ടമാണ് ഈ പാദത്തില്‍ ബാങ്കിന് നേടാനായത്. കിട്ടാക്കടം മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടിയുള്ള നീക്കിയിരിപ്പാണ് (പ്രൊവിഷന്‍സ് ഫോര്‍ ബാഡ്‌ലോണ്‍) നഷ്ടം രേഖപ്പെടുത്താനുള്ള കാരണമായി ബാങ്ക് പറയുന്നത്. 2016-2017 സാമ്പത്തിക വര്‍ഷം മാര്‍ച്ച് പാദത്തില്‍ ബാങ്ക് 214 കോടി രൂപയുടെ അറ്റലാഭം നേടിയിരുന്നു.

ബ്ലൂംബെര്‍ഗ് നടത്തിയ സര്‍വേയില്‍ കാനറ ബാങ്ക് കഴിഞ്ഞ പാദത്തില്‍ 698 കോടി രൂപയുടെ അറ്റ നഷ്ടം കുറിക്കുമെന്നായിരുന്നു നിഗമനം. സമ്മര്‍ദിത വായ്പകളില്‍ പരിഹാരം കാണുന്നതിന് 180 ദിവസത്തെ സമയമനുവദിച്ചുകൊണ്ട് ഫെബ്രുവരി 12ന് കേന്ദ്ര ബാങ്ക് ഒരു വിജ്ഞാപനമിറക്കിയിരുന്നു. ഇതേ തുടര്‍ന്ന് കിട്ടാക്കടം പരിഹരിക്കുന്നതിനുള്ള നീക്കിയിരിപ്പ് വര്‍ധിച്ചതായി ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കാനറ ബാങ്കിന്റെ പ്രൊവിഷന്‍സില്‍ 235 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനയാണ് മാര്‍ച്ച് പാദത്തില്‍ രേഖപ്പെടുത്തിയത്. ഡിസംബര്‍ പാദത്തില്‍ 2,674 കോടി രൂപയായിരുന്ന പ്രൊവിഷന്‍സ് മാര്‍ച്ച് പാദത്തില്‍ 9,075 കോടി രൂപയായി ഉയര്‍ന്നു. ഇക്കാലയളവില്‍ 47,468 കോടി രൂപയുടെ കിട്ടാക്കടമാണ് ബാങ്ക് രേഖപ്പെടുത്തിയിട്ടുള്ളത്. ഡിസംബര്‍ പാദത്തില്‍ 40,312 കോടി രൂപയായിരുന്നു ബാങ്കിന്റെ കിട്ടാക്കടം. കാനറ ബാങ്കിനെ കൂടാതെ യുകോ ബാങ്ക്, അലഹബാദ് ബാങ്ക്, ദേന ബാങ്ക് എന്നിവയും നാലാം പാദത്തില്‍ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. 6,869 കോടി രൂപയാണ് ഈ ബാങ്കുകളുടെ സംയോജിത നഷ്ടം. കേന്ദ്ര ബാങ്കിന്റെ തിരുത്തല്‍ നടപടികളുടെ കീഴിലാണ് ഈ മൂന്ന് ബാങ്കുകളും.

Comments

comments

Categories: Banking