സമീപഭാവിയില്‍ ബിഎസ്എന്‍എലിന് വലിയ അവസരങ്ങളുണ്ട്: മനോജ് സിന്‍ഹ

സമീപഭാവിയില്‍ ബിഎസ്എന്‍എലിന് വലിയ അവസരങ്ങളുണ്ട്: മനോജ് സിന്‍ഹ

ബിഎസ്എന്‍എലിന്റെ വിപണി വിഹിതം 7.6 ശതമാനത്തില്‍ നിന്നും 9.43 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്

ന്യൂഡെല്‍ഹി: സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ക്കുകീഴില്‍ 150 കോടി രൂപ മൂല്യം വരുന്ന ജോലികള്‍ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എലിനു നല്‍കിയതായും സമീപ ഭാവിയില്‍ നിരവധി വമ്പന്‍ അവസരങ്ങള്‍ കമ്പനിക്കുണ്ടെന്നും കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. ബിഎസ്എന്‍എല്‍ സംഘടിപ്പിച്ച ഒരു സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സ്‌പെക്ട്രം നെറ്റ്‌വര്‍ക്ക് വിപുലീകരണം, എഫ്ടിടിഎച്ച് (ഫൈബര്‍ ടു ദ ഹോം) തുടങ്ങിയ വിഭാഗങ്ങളിലും ബിഎസ്എന്‍എല്‍ വിവിധ പ്രൊജക്റ്റുകള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതും കമ്പനിക്ക് പ്രയോജനം ചെയ്യുമെന്ന് മനോജ് സിന്‍ഹ പറഞ്ഞു. 2ജി, 3ജി, 4ജി സേവന വിഭാഗത്തിലായി നിരവധി ടെന്‍ഡറുകള്‍ കമ്പനിക്ക് ലഭിച്ചതായും സ്മാര്‍ട്ട് സിറ്റി പദ്ധതികളിലും സ്‌പെക്ട്രം നെറ്റ്‌വര്‍ക്ക് വിപുലീകരണത്തിലും എഫ്ടിടിഎച്ച് വിഭാഗത്തിലും നിര്‍ണായക പങ്കുവഹിക്കാന്‍ ബിഎസ്എന്‍എലിന് സാധിക്കുമെന്നും മനോജ് സിന്‍ഹ വ്യക്തമാക്കി.

ബിഎസ്എന്‍എലിന്റെ വിപണി വിഹിതം 7.6 ശതമാനത്തില്‍ നിന്നും 9.43 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പ്രതിരോധ മേഖലയ്ക്ക് വേണ്ടി ഏകദേശം 23,000 കോടി രൂപ ചെലവ് വരുന്ന ഓപ്റ്റിക്കല്‍ ഫൈബര്‍ ബേസ് കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക് പദ്ധതി ബിഎസ്എന്‍എല്‍ ഏറ്റെടുത്തിട്ടുണ്ട്. സ്‌പെക്ട്രം നെറ്റ്‌വര്‍ക്ക് പ്രൊജക്റ്റും ഇതിന്റെ ഭാഗമായുണ്ട്. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിലും ബിഎസ്എന്‍എലിനെ കുറിച്ച് ഉപഭോക്താക്കള്‍ക്കിടയിലുള്ള നെഗറ്റീവ് ധാരണകള്‍ മാറ്റുന്നതിലും കമ്പനിയുടെ ഫീല്‍ഡ് ഓഫീസര്‍മാര്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

കടുത്ത വിപണി മത്സരം അഭിമുഖീകരിക്കുന്ന ഇന്ത്യന്‍ ടെലികോം വിപണിയില്‍ ബിഎസ്എന്‍എല്‍ ആക്രമണോത്സുകവും പുതുമയുള്ളതുമായ പ്രവര്‍ത്തനം നടത്തേണ്ടതുണ്ടെന്ന് ടെലികോം വകുപ്പ് സെക്രട്ടറി അരുണ സുന്ദരരരാജന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഭാരത്‌നെറ്റ് പദ്ധതിയുടെ പ്രധാന പങ്കാളികളിലൊന്നാണ് ബിഎസ്എന്‍എല്‍. ഈ ഘട്ടത്തില്‍ സ്മാര്‍ട്ട് ആയിട്ടുള്ള ആശയങ്ങള്‍ അവതരിപ്പിക്കുന്നതും അവ സ്മാര്‍ട്ട് ആയി നടപ്പിലാക്കുന്നതും കമ്പനിയെ മുന്നോട്ടു നയിക്കുമെന്ന് അരുണ സുന്ദരരാജന്‍ വ്യക്തമാക്കി.

ദേശീയ ടെലികോം നയം, ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ നയം (എന്‍ഡിസിപി)-2018 എന്നാക്കി കേന്ദ്ര സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. 2022ഓടെ രാജ്യത്ത് എല്ലാവര്‍ക്കും 10 എംബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് സേവനം എത്തിക്കുക എന്നതാണ് എന്‍ഡിസിപിയിലുടെ പ്രഥമ ലക്ഷ്യമെന്നും അരുണ സുന്ദരരാജന്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy