ആദിത്യ പുരിക്ക് ശേഷം എച്ച്ഡിഎഫ്‌സി ബാങ്കിനെ ആര് നയിക്കും?

ആദിത്യ പുരിക്ക് ശേഷം എച്ച്ഡിഎഫ്‌സി ബാങ്കിനെ ആര് നയിക്കും?

മുംബൈ: വിപണി മൂല്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്‌സി ബാങ്ക് അടുത്ത ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. എച്ച്ഡിഎഫ്‌സി ബാങ്ക് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ആദിത്യ പുരി 2020ല്‍ വിരമിക്കാനിരിക്കെയാണ് അടുത്ത നേതൃത്വത്തെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ബാങ്ക് ആരംഭിച്ചിരിക്കുന്നത്. ബ്രോക്കറേജ് സംരംഭമായ ഇഡില്‍വെയ്‌സ് സെക്യൂരിറ്റീസ് ആണ് ഇക്കാര്യം അറിയിച്ചത്.

2020ല്‍ ആദിത്യ പുരി വിരമിക്കുമെന്നും അതിന് 12 മാസം മുന്‍പ് അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കണ്ടെത്തുമെന്നും ഈഡില്‍വെയ്‌സ് സെക്യൂരിറ്റീസ് പ്രസ്താവനയിലൂടെ അറിയിച്ചു. സിഎക്കാരനായ പുരി 1994 സെപ്റ്റംബര്‍ മുതല്‍ എച്ച്ഡിഎഫ്‌സി ബാങ്കില്‍ മാനേജിംഗ് ഡയറക്റ്ററാണ്. എച്ച്ഡിഎഫ്‌സി ബാങ്കില്‍ എത്തുന്നതിനു മുന്‍പ് 1992 മുതല്‍ 1994 വരെ സിറ്റി ബാങ്ക് സിഇഒ ആയിരുന്നു അദ്ദേഹം. പുരി വിരമിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് അദ്ദേഹത്തിന്റെ പിന്‍ഗാമിയെ പ്രഖ്യാപിക്കുമെന്ന് മോട്ടിലാല്‍ ഒസ്വാള്‍ സെക്യൂരിറ്റീസ് ലിമിറ്റഡും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ അറ്റാദായം 20.28 ശതമാനം വര്‍ധിച്ചതായി എച്ച്ഡിഎഫ്‌സി ബാങ്ക് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അറ്റ പലിശ വരുമാത്തിലും മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തിലുമുണ്ടായ വര്‍ധനയാണ് ബാങ്കിന്റെ അറ്റാദായത്തില്‍ പ്രതിഫലിച്ചത്. 2018 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2020 സാമ്പത്തിക വര്‍ഷം എച്ച്ഡിഎഫ്‌സി ബാങ്ക് വരുമാനത്തില്‍ 25 ശതമാനത്തിലധികം സംയോജിത വാര്‍ഷിക വളര്‍ച്ച നേടുമെന്നാണ് ഈഡില്‍വെയ്‌സ് സെക്യൂരിറ്റീസ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Banking