അപകടങ്ങളില്‍ ആംബുലന്‍സ് സൗകര്യമൊരുക്കാന്‍ പുതിയ സംവിധാനം ഒരുങ്ങി

അപകടങ്ങളില്‍ ആംബുലന്‍സ് സൗകര്യമൊരുക്കാന്‍ പുതിയ സംവിധാനം ഒരുങ്ങി

തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടപ്പാക്കിയ അത്യാധുനിക ട്രോമാ കെയര്‍ സേവനം സംസ്ഥാനത്തു നിലവില്‍വന്നു. പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ എവിടെ റോഡപകടമുണ്ടായാലും ട്രോമാ പരിചരണം ലഭിക്കുന്നതിനു രൂപവത്കരിച്ച 9188 100 100 എന്ന നമ്പര്‍ മുഖ്യമന്ത്രി ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്ക്കു നല്‍കിയാണ് പദ്ധതിക്കു തുടക്കംകുറിച്ചത്. ഈ നമ്പറില്‍ വിളിച്ചാല്‍ ഉടന്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാകും.

കേരളാ പോലീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. സംസ്ഥാനത്തെ ആയിരത്തോളം ആംബുലന്‍സുകളെയാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രമേശ്കുമാര്‍ ഫൗണ്ടേഷനും പദ്ധതിയില്‍ സഹകരിക്കുന്നുണ്ട്. അപകടസ്ഥലത്തുനിന്ന് മൊബൈല്‍ നമ്പരിലേക്കു വിളിച്ചാല്‍ തിരുവനന്തപുരത്തെ പോലീസ് കണ്‍ട്രോള്‍ റൂമിലാണു വിളിയെത്തുക. ഇവിടെ പ്രത്യേകമായി പരിശീലനം നല്‍കിയ സംഘം വിളിച്ചയാളുടെ കൃത്യസ്ഥലം മനസ്സിലാക്കി മാപ്പില്‍ അടയാളപ്പെടുത്തും. തുടര്‍ന്ന് ഏറ്റവും അടുത്തുള്ള ആംബുലന്‍സിലെ ജീവനക്കാര്‍ക്കു വിവരം കൈമാറും. ഇതിനായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പോലീസ് പരിശീലനം നല്‍കിയിട്ടുണ്ട്.

നിലവില്‍ നോണ്‍ ഐ.സി.യു. ആംബുലന്‍സുകള്‍ക്ക് മിനിമം 500 രൂപയും ഐ.സി.യു. ആംബുലന്‍സുകള്‍ക്ക് 600 രൂപയും അധികം കിലോമീറ്ററര്‍ ഒന്നിന് 10 രൂപയുമാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. രോഗിയോ, കൂടെയുള്ളവരോ വാടക നല്‍കണം. പ്രത്യേക സാഹചര്യത്തില്‍ പണം നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ഡോ.രമേഷ്‌കുമാര്‍ ഫൗണ്ടേഷനില്‍നിന്നു തുക നല്‍കും.

 

Comments

comments

Categories: Current Affairs, Slider