റോയല്‍ എന്‍ഫീല്‍ഡ് തെക്കുകിഴക്കന്‍ ഏഷ്യയില്‍ പ്ലാന്റ് സ്ഥാപിക്കും

റോയല്‍ എന്‍ഫീല്‍ഡ് തെക്കുകിഴക്കന്‍ ഏഷ്യയില്‍ പ്ലാന്റ് സ്ഥാപിക്കും

തായ്‌ലാന്‍ഡിലോ വിയറ്റ്‌നാമിലോ പുതിയ അസംബ്ലി പ്ലാന്റ് പ്രവര്‍ത്തനമാരംഭിക്കും

ന്യൂഡെല്‍ഹി : ചെന്നൈ ആസ്ഥാനമായ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് തെക്കുകിഴക്കന്‍ ഏഷ്യയില്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കും. ആഗോളതലത്തില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. തെക്കുകിഴക്കന്‍ ഏഷ്യയില്‍ തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലായിരിക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ഗവേഷണ-വികസന വിഭാഗം നിലവില്‍ യുകെയില്‍ പ്രവര്‍ത്തനനിരതമാണ്. തായ്‌ലാന്‍ഡിലോ വിയറ്റ്‌നാമിലോ പുതിയ അസംബ്ലി പ്ലാന്റ് ആരംഭിക്കുന്നതോടെ റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പനയില്‍ വീണ്ടും കുതിപ്പ് കാണാനാകും.

ഇന്ത്യയിലും യുകെയിലും യുഎസ്സിലും ഏറെ ആരാധകരുള്ള റോയല്‍ എന്‍ഫീല്‍ഡ്, തെക്കുകിഴക്കന്‍ ഏഷ്യയില്‍ ശക്തമായ സാന്നിധ്യത്തിനാണ് ശ്രമിക്കുന്നത്. 2018-19 ല്‍ ഇന്തോനേഷ്യയിലും തായ്‌ലാന്‍ഡിലും പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനികള്‍ ആരംഭിക്കാനാണ് തീരുമാനം.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ റോയല്‍ എന്‍ഫീല്‍ഡ് അര്‍ജന്റീനയില്‍ തങ്ങളുടെ ആദ്യ ഡീലര്‍ഷിപ്പ് തുറന്നിരുന്നു. കഴിഞ്ഞ മാസം മലേഷ്യയിലും ഡീലര്‍ഷിപ്പ് പ്രവര്‍ത്തനമാരംഭിച്ചു. ബ്രസീല്‍, അര്‍ജന്റീന, കൊളംബിയ എന്നിവിടങ്ങളിലായി ലാറ്റിന്‍ അമേരിക്കയില്‍ റോയല്‍ എന്‍ഫീല്‍ഡിന് മൂന്ന് ഡീലര്‍ഷിപ്പുകളാണ് ഉള്ളത്. ലാറ്റിന്‍ അമേരിക്കയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും പ്രധാന വിപണികളാണ് ഈ മൂന്ന് രാജ്യങ്ങള്‍. ഇന്ത്യയിലെ 790 ഡീലര്‍ഷിപ്പുകള്‍ കൂടാതെ ലോകമാകെ അമ്പതിലധികം രാജ്യങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ വാങ്ങാന്‍ കഴിയും.

ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നീ മോട്ടോര്‍സൈക്കിളുകള്‍ ഈ വര്‍ഷം വിപണിയിലെത്തിക്കും

റോയല്‍ എന്‍ഫീല്‍ഡ് ഈ വര്‍ഷം രണ്ട് ബ്രാന്‍ഡ്-ന്യൂ മോട്ടോര്‍സൈക്കിളുകള്‍ വിപണിയിലെത്തിക്കും. ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയാണ് ഈ ബൈക്കുകള്‍. പുതിയ 650 സിസി, പാരലല്‍ ട്വിന്‍ എന്‍ജിനായിരിക്കും ബൈക്കുകള്‍ക്ക് കരുത്തേകുന്നത്. ഇന്റര്‍സെപ്റ്റര്‍ 650 യുടെ വില 3 ലക്ഷം രൂപയായിരിക്കും. കോണ്ടിനെന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളിന് അല്‍പ്പം വില കൂടും.

Comments

comments

Categories: Auto