റോള്‍സ്-റോയ്‌സ് കുള്ളിനന്‍ പ്രത്യക്ഷപ്പെട്ടു

റോള്‍സ്-റോയ്‌സ് കുള്ളിനന്‍ പ്രത്യക്ഷപ്പെട്ടു

2019 ജനുവരിയില്‍ കാര്‍ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 5 കോടി രൂപയായിരിക്കും വില

ഗുഡ്‌വുഡ് (യുകെ) : റോള്‍സ്-റോയ്‌സിന്റെ സൂപ്പര്‍ ലക്ഷ്വറി എസ്‌യുവിയായ ഓള്‍-ന്യൂ കുള്ളിനന്‍ ആഗോള അരങ്ങേറ്റം നടത്തി. ഇതോടെ നാളുകളായുള്ള കാത്തിരിപ്പിനാണ് വിരാമമായത്. ഹൈ-ബോഡി, ഓള്‍-ടെറെയ്ന്‍ വാഹനമാണ് റോള്‍സ്-റോയ്‌സ് കുള്ളിനന്‍. റോള്‍സ്-റോയ്‌സിന്റെ സ്‌റ്റൈലിംഗില്‍ വരുന്ന വലിയ കാറാണ് കുള്ളിനന്‍ എന്നും വിശേഷിപ്പിക്കാം. 5.3 മീറ്റര്‍ (5,341 എംഎം) നീളത്തിലും 2.1 മീറ്റര്‍ (2,164 എംഎം) വീതിയിലുമാണ് കുള്ളിനന്‍ നിര്‍മ്മിച്ചിരിക്കുന്നത്. 5,200 മില്ലി മീറ്ററാണ് എക്‌സ്‌റ്റെന്‍ഡഡ് വീല്‍ബേസ്. കുള്ളിനന്‍ എത്ര വലുതാണെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ.

4 സീറ്റര്‍, 5 സീറ്റര്‍ എന്നീ രണ്ട് വിധത്തിലാണ് റോള്‍സ്-റോയ്‌സ് കുള്ളിനന്‍ പുറത്തിറക്കിയിരിക്കുന്നത്. കുള്ളിനന്‍ എന്ന 3,106 കാരറ്റ് വജ്രത്തില്‍നിന്നാണ് കാറിന് പേര് സ്വീകരിച്ചത്. 1905 ല്‍ ദക്ഷിണാഫ്രിക്കയിലെ ഖനിയില്‍നിന്നാണ് 3,106 കാരറ്റ് വജ്രം കണ്ടെത്തിയത്. റോള്‍സ്-റോയ്‌സിന്റെ പുതിയ ‘ആര്‍ക്കിടെക്ച്ചര്‍ ഓഫ് ലക്ഷ്വറി’ അഥവാ അലുമിനിയം സ്‌പേസ്‌ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് നിര്‍മ്മാണം. 2017 ല്‍ പുറത്തിറങ്ങിയ പുതു തലമുറ റോള്‍സ്-റോയ്‌സ് ഫാന്റം നിര്‍മ്മിച്ചതും ഇതേ പ്ലാറ്റ്‌ഫോമില്‍ തന്നെ. രണ്ട് കാറുകളുടെയും ഡ്രൈവ്‌ട്രെയ്‌നിലും മാറ്റമില്ല.

റോള്‍സ്-റോയ്‌സിന്റെ 6.75 ലിറ്റര്‍ വി12 എന്‍ജിനാണ് കുള്ളിനന്‍ എസ്‌യുവിയുടെ ഹൃദയം. 563 ബിഎച്ച്പി കരുത്തും 850 എന്‍എം പരമാവധി ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ പുറത്തെടുക്കുന്നത്. റോള്‍സ്-റോയ്‌സ് ഫാന്റവുമായി എന്‍ജിന്‍ ഔട്ട്പുട്ട് ഏറെക്കുറെ സമാനമാണ്. എന്നാല്‍ ഫാന്റത്തേക്കാള്‍ കുള്ളിനന്‍ എസ്‌യുവിയിലെ എന്‍ജിന്‍ 50 എന്‍എം കുറവ് ടോര്‍ക്കാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 1,900 ആര്‍പിഎമ്മില്‍ പരമാവധി ടോര്‍ക്ക് ലഭിക്കും. 4-വീല്‍ സ്റ്റിയറിംഗ് സഹിതം ഓള്‍-വീല്‍ ഡ്രൈവ് കാറാണ് കുള്ളിനന്‍. എവരിവേര്‍ എന്ന ഒരു ഓഫ്-റോഡ് മോഡ് മാത്രമാണ് കുള്ളിനന്‍ നല്‍കുന്നത്. ട്രാക്ക്, ചരല്‍, നനഞ്ഞ പുല്ല്, ചെളി, മഞ്ഞ്, മണല്‍ എന്നിവ താണ്ടുന്നതിന് എവരിവേര്‍ എന്ന ഓഫ്-റോഡ് മോഡ് വീണ്ടും കസ്റ്റമൈസ് ചെയ്യാം. 540 മില്ലി മീറ്ററാണ് വേഡിംഗ് ഡെപ്ത്. ഓരോ ചക്രത്തിലേക്കും പരമാവധി ടോര്‍ക്ക് കൈമാറാന്‍ കാറിന് കഴിയും.

കാറില്‍ കയറുന്നതിന് അണ്‍ലോക്ക് ചെയ്താല്‍, എയര്‍ സസ്‌പെന്‍ഷനില്‍നിന്നുകൊണ്ട് 40 എംഎം ഓട്ടോമാറ്റിക്കായി താഴ്ന്നുവരാന്‍ കുള്ളിനന്‍ എസ്‌യുവിക്ക് കഴിയും. കാര്‍ സ്റ്റാര്‍ട്ട് ചെയ്താല്‍ വാമനത്വം വിട്ടുമാറി യഥാര്‍ത്ഥ ഉയരം വീണ്ടെടുത്ത് കുള്ളിനന്‍ വിശ്വരൂപം കാണിക്കും. സെല്‍ഫ്-ലെവലിംഗ് എയര്‍ സസ്‌പെന്‍ഷനിലാണ് കാര്‍ അഭിമാനം കൊള്ളുന്നത്. റോഡിന്റെ അവസ്ഥയും വീല്‍ ആര്‍ട്ടിക്കുലേഷനും കാറിന്റെ വേഗവും ‘വായിച്ച്’ ഓരോ സെക്കന്‍ഡിലും ദശലക്ഷക്കണക്കിന് കണക്കുകൂട്ടലുകളാണ് കാറിന്റെ സസ്‌പെന്‍ഷന്‍ സെറ്റപ്പ് നടത്തുന്നത്. ഇലക്ട്രോണിക്കലായി ഷോക്ക് അബ്‌സോര്‍ബര്‍ ക്രമീകരണങ്ങള്‍ നടത്തുന്നതിനാണിത്.

റോള്‍സ്-റോയ്‌സിന്റെ പുതിയ ‘ആര്‍ക്കിടെക്ച്ചര്‍ ഓഫ് ലക്ഷ്വറി’ അഥവാ അലുമിനിയം സ്‌പേസ്‌ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് നിര്‍മ്മാണം

കുള്ളിനന്‍ എസ്‌യുവിക്ക് വലിയ സ്റ്റാന്‍സ് ലഭിക്കുന്നതിന് 22 ഇഞ്ച് വീലുകളാണ് സഹായിക്കുന്നത്. 1,835 മില്ലി മീറ്ററാണ് കാറിന്റെ ഉയരം. വീല്‍ബേസ് 3,295 എംഎം. ലോകത്തെ ആദ്യ 3-ബോക്‌സ് എസ്‌യുവിയാണ് കുള്ളിനന്‍ എന്ന് റോള്‍സ്-റോയ്‌സ് അവകാശപ്പെടുന്നു. പാസഞ്ചര്‍ കാബിനില്‍നിന്ന് കാര്‍ഗോ ഏരിയ വേര്‍പ്പെടുത്തിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്പ്ലിറ്റ് ടെയ്ല്‍ഗേറ്റാണ് കുള്ളിനന്‍ എസ്‌യുവിയില്‍ നല്‍കിയിരിക്കുന്നത്. ബട്ടണ്‍ അമര്‍ത്തിയാല്‍ രണ്ട് ഭാഗങ്ങളായി താഴേയ്ക്കും മുകളിലേക്കും തുറക്കും. 560 ലിറ്ററാണ് സ്റ്റാന്‍ഡേഡ് ബൂട്ട് സ്‌പേസ്. 1,930 ലിറ്ററായി വര്‍ധിപ്പിക്കാം. 2019 ജനുവരിയില്‍ കാര്‍ ഇന്ത്യയിലെത്തിയേക്കും. ഏകദേശം 5 കോടി രൂപയായിരിക്കും വില.

Comments

comments

Categories: Auto