വയോധികരെ സംരക്ഷിക്കുന്നതിനായി പുതിയ നിയമവ്യവസ്ഥ; ക്രൂരത കാണിച്ചാല്‍ തടവ്ശിക്ഷയും

വയോധികരെ സംരക്ഷിക്കുന്നതിനായി പുതിയ നിയമവ്യവസ്ഥ; ക്രൂരത കാണിച്ചാല്‍ തടവ്ശിക്ഷയും

ന്യൂഡല്‍ഹി: വയോധികരെ എഴുതിത്തള്ളുന്നവര്‍ക്കെതിരെ നിയമവ്യവസ്ഥകള്‍ വരുന്നു. 60 കഴിഞ്ഞവരെ ഉപേക്ഷിക്കുകയോ അധിക്ഷേപിക്കുയോ ചെയ്യുന്ന മക്കളും മരുമക്കളുമെല്ലാം ആറു മാസം വരെ ജയിലില്‍ കിടക്കേണ്ടിവരുമെന്നാണ് പുതിയ നിയമം.

വാര്‍ദ്ധക്യ കാലത്ത് പൊന്നു പോലെ നോക്കാമെന്ന വാഗ്ദാനം കൊണ്ട് സ്വത്ത് തട്ടിയെടുത്ത് പിന്നീട് ഉറപ്പ് ലംഘിക്കുകയും ചെയ്താല്‍ മാതാപിതാക്കള്‍ക്ക് സ്വത്ത് തിരിച്ചുകൊടുക്കേണ്ടി വരും. വയോജന പീഡനങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നിലവിലെ നിയമം ഭേദഗതിചെയ്യാന്‍ തയാറാക്കിയ കരട് ബില്ലിലാണ് ഈ നിര്‍ദേശങ്ങള്‍. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമത്തിനും ജീവനാംശത്തിനുമുള്ള കരട് ബില്‍ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയമാണ് തയാറാക്കിയത്. പൊതുജനാഭിപ്രായം തേടി ആവശ്യമായ ഭേദഗതികളോടെ മന്ത്രിസഭ അംഗീകരിക്കുന്ന മുറക്ക് ബില്‍ പാര്‍ലമെന്റ് പരിഗണനക്കു വരും. മക്കള്‍ എന്നതിന്റെ നിര്‍വചനം വിപുലപ്പെടുത്തി മക്കള്‍, ചെറുമക്കള്‍, മക്കളുടെ ഭാര്യ, ഭര്‍ത്താക്കന്മാര്‍, ചെറുമക്കളുടെ ഭാര്യഭര്‍ത്താക്കാന്മാര്‍, ദത്തെടുത്ത മക്കള്‍ എന്നിവരെയെല്ലാം നിര്‍വചനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും.

ഭക്ഷണം, വസ്ത്രം, ചികിത്സ, കിടക്കാനിടം എന്നിവ മാത്രമല്ല, മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷിതത്വവും അതില്‍ ഉള്‍പ്പെടുത്തും. പ്രതിമാസ ജീവനാംശ തുക ഇപ്പോള്‍ 10,000 രൂപയാണ്. കൂടുതല്‍ വരുമാനം ലഭിക്കുന്ന മക്കള്‍ കൂടുതല്‍ നല്‍കാനും വ്യവസ്ഥയുണ്ട്. പ്രതിമാസ അലവന്‍സ് കൊടുക്കാതിരുന്നാല്‍ ഒരു മാസം വരെ തടവുശിക്ഷ ലഭിക്കും. രാജ്യത്തെ ഓരോ ജില്ലയിലും ചുരുങ്ങിയത് ഒരു വയോജന പരിപാലന കേന്ദ്രമെങ്കിലും സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും ആവിഷ്‌ക്കരിക്കും.

Comments

comments

Categories: FK News
Tags: aged man, oldage