ജസ്റ്റിസ് കെ.എം ജോസഫിനെ ശുപാര്‍ശ ചെയ്യുന്നതിന് സുപ്രീംകോടതി കൊളീജിയം ഇന്ന് യോഗം ചേരും

ജസ്റ്റിസ് കെ.എം ജോസഫിനെ ശുപാര്‍ശ ചെയ്യുന്നതിന് സുപ്രീംകോടതി കൊളീജിയം ഇന്ന് യോഗം ചേരും

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതിനുള്ള ശുപാര്‍ശ വീണ്ടും അയയ്ക്കുന്നതില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും. ഇതിനായി നിര്‍ണായക കൊളീജിയം യോഗം ചേരും.

ജസ്റ്റീസ് ജോസഫിന്റെ നിയമനം തള്ളിക്കൊണ്ട് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് നല്‍കിയ കത്തിലെ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നു വിശദമാക്കുന്ന രേഖകളും കണക്കുകളും യോഗം പരിഗണിക്കും. ജസ്റ്റീസ് ജോസഫിനെ ഏകകണ്ഠമായി ശുപാര്‍ശ ചെയ്ത് കഴിഞ്ഞ ജനുവരി പത്തിലെ കൊളീജിയം തീരുമാനം ആവര്‍ത്തിക്കുന്നതിന് ഒട്ടും വൈകരുതെന്നാവശ്യപ്പെട്ട് കൊളീജിയത്തിെല മുതിര്‍ന്ന അംഗമായ ജസ്റ്റീസ് ജസ്തി ചെലമേശ്വര്‍, ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കു കത്തു നല്‍കിയതിനു പിന്നാലെയാണ് യോഗം വിളിച്ചത്. ജോലിയില്‍നിന്നു വിരമിക്കാന്‍ പ്രായോഗികമായി ആറു ദിവസം മാത്രം ശേഷിക്കേയാണ് ചെലമേശ്വര്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചത്.

ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ വീണ്ടും ശിപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് ബുധനാഴ്ചയാണ് ജസ്റ്റീസ് ചെലമേശ്വര്‍ ചീഫ് ജസ്റ്റീസിനു കത്തു നല്‍കിയത്. അനൗപചാരികമായി ബുധനാഴ്ച ചേര്‍ന്ന കൊളീജിയം യോഗത്തില്‍നിന്ന് ചെലമേശ്വര്‍ വിട്ടുനിന്നിരുന്നു. പക്ഷേ, എത്രയും വേഗം കൊളീജിയം യോഗം വിളിച്ച് കെ.എം. ജോസഫിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാരിനു വീണ്ടും നല്‍കണമെന്ന കര്‍ക്കശ നിലപാട് ദീപക് മിശ്രയുമായി നടത്തിയ ചര്‍ച്ചയില്‍ ഗൊഗോയി, ലോകൂര്‍, കുര്യന്‍ എന്നിവര്‍ വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Current Affairs