ഇലക്ട്രിക് കാര്‍ ബാറ്ററികളുടെ ജിഎസ്ടി കുറയും

ഇലക്ട്രിക് കാര്‍ ബാറ്ററികളുടെ ജിഎസ്ടി കുറയും

ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍നിന്ന് 12 ശതമാനമായി കുറയ്ക്കണമെന്ന് റോഡ് ഗതാഗത മന്ത്രാലയം

ന്യൂഡെല്‍ഹി : ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിവിധങ്ങളായ മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പച്ച നമ്പര്‍ പ്ലേറ്റുകള്‍, കൊമേഴ്‌സ്യല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കുന്നതിന് പെര്‍മിറ്റ് ഒഴിവാക്കുക, പതിനാറ് വയസ്സ് തികഞ്ഞവരെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓടിക്കാന്‍ അനുവദിക്കുക, ഇലക്ട്രിക് കാറുകള്‍ക്ക് പാര്‍ക്കിംഗ് ഏരിയകളില്‍ മുന്‍ഗണന നല്‍കുക തുടങ്ങിയ ആലോചനകള്‍ ഇവയില്‍ ചിലതാണ്. ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുന്ന ബാറ്ററികളുടെ വില കുറയ്ക്കുന്നതും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പരിഗണിക്കുന്നു.

ഇലക്ട്രിക് കാറുകള്‍ കൂടുതല്‍ സ്വീകാര്യമാകുന്നതിന് ഇത്തരമൊരു നീക്കം സഹായിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവില്‍ ഇലക്ട്രിക് കാര്‍ ബാറ്ററികളുടെ ചരക്ക് സേവന നികുതി 28 ശതമാനമാണ്. ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍നിന്ന് 12 ശതമാനമായി കുറയ്ക്കണമെന്നാണ് റോഡ് ഗതാഗത മന്ത്രാലയം ആവശ്യപ്പെടുന്നത്. ഇതോടെ ഇലക്ട്രിക് കാറുകള്‍ക്ക് ചുമത്തിയിരിക്കുന്ന ജിഎസ്ടി നിരക്കായ 12 ശതമാനം തന്നെയായിരിക്കും ബാറ്ററികളുടെ ജിഎസ്ടി. നിലവില്‍ മഹീന്ദ്രയും ടാറ്റ മോട്ടോഴ്‌സുമാണ് ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്നത്. ബാറ്ററികളുടെ ജിഎസ്ടി നിരക്ക് കുറയുന്നതോടെ ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാണ ചെലവില്‍ കുറവ് വരും.

ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ ഉല്‍പ്പാദനം, അസംബ്ലിംഗ് എന്നിവ വര്‍ധിപ്പിക്കുന്നതിന് ബാറ്ററികളുടെ ജിഎസ്ടി കുറയ്ക്കുന്നതിലൂടെ കഴിയും. ബാറ്ററി സ്വാപ്പിംഗ് വളരെയധികം വ്യാപകമാകുന്നതിനും പുതിയ നിര്‍ദ്ദേശം സഹായിക്കും. ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്നവര്‍ നിലവില്‍ ചൈന, യുഎസ് എന്നിവിടങ്ങളില്‍നിന്നാണ് ബാറ്ററി പാക്കുകള്‍ ഇറക്കുമതി ചെയ്യുന്നത്. അതേസമയം, പൂര്‍ണമായി നിര്‍മ്മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് കാറുകളുടെ വിലയില്‍ കുറവ് സംഭവിക്കില്ല. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ സിബിയു രീതിയിലുള്ള ഇലക്ട്രിക് കാറുകള്‍ ലഭ്യമല്ല.

ബാറ്ററികളുടെ ജിഎസ്ടി കുറയുന്നതോടെ ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാണ ചെലവില്‍ കുറവ് വരും

ഏതൊരു ഇലക്ട്രിക് വാഹനത്തിന്റെയും ഏറ്റവും വിലയേറിയ പാര്‍ട് ഇലക്ട്രിക് ബാറ്ററിയാണ്. നിലവില്‍ ഒരു കിലോവാട്ട്അവര്‍ ഇലക്ട്രിക് കാര്‍ ബാറ്ററിയുടെ വില 225 മുതല്‍ 250 വരെ യുഎസ് ഡോളറാണ്. എന്നാല്‍ 2010 ല്‍ ഇത് 1,000 യുഎസ് ഡോളറായിരുന്നു. ബ്ലൂംബര്‍ഗ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍, 2026 ഓടെ ഇലക്ട്രിക് കാര്‍ ബാറ്ററികളുടെ വില 100 യുഎസ് ഡോളറില്‍ താഴെയായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് കാറുകളുടെ വില അതിന് അനുസരിച്ച് കുറയും.

Comments

comments

Categories: Auto