ഫോഴ്‌സ് മോട്ടോഴ്‌സ് ഇന്ത്യന്‍ സൈന്യത്തിന് ലൈറ്റ് സ്‌ട്രൈക്ക് വാഹനങ്ങള്‍ നല്‍കും

ഫോഴ്‌സ് മോട്ടോഴ്‌സ് ഇന്ത്യന്‍ സൈന്യത്തിന് ലൈറ്റ് സ്‌ട്രൈക്ക് വാഹനങ്ങള്‍ നല്‍കും

ഫോഴ്‌സ് മോട്ടോഴ്‌സിന്റെ ഗവേഷണ-വികസന വിഭാഗം പൂര്‍ണമായും തദ്ദേശീയമായി വാഹനങ്ങള്‍ നിര്‍മ്മിക്കും

ന്യൂഡെല്‍ഹി : ഇന്ത്യന്‍ സൈന്യത്തിന് ലൈറ്റ് സ്‌ട്രൈക്ക് വാഹനങ്ങള്‍ (എല്‍എസ്‌വി) വിതരണം ചെയ്യുന്നതിനുള്ള ഓര്‍ഡര്‍ പുണെ ആസ്ഥാനമായ ഫോഴ്‌സ് മോട്ടോഴ്‌സ് സ്വന്തമാക്കി. കമ്പനിയുടെ ഗവേഷണ-വികസന വിഭാഗം പൂര്‍ണമായും തദ്ദേശീയമായി വാഹനങ്ങള്‍ നിര്‍മ്മിക്കും. സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ രീതിയിലാണ് വാഹനം നിര്‍മ്മിക്കുന്നത്. ഇതിനായി ഫോഴ്‌സ് മോട്ടോഴ്‌സിന്റെ എന്‍ജിനുകളും ട്രാന്‍സ്മിഷനുകളും ഇന്ത്യന്‍ സൈന്യത്തിന്റെ ആവശ്യങ്ങള്‍ അനുസരിച്ച് പരിഷ്‌കരിച്ചു. രാജസ്ഥാനിലും ഹിമാലയത്തിലുമെല്ലാം വാഹനത്തിന്റെ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയിരുന്നു.

ഫോഴ്‌സ് മോട്ടോഴ്‌സിന്റെ ലൈറ്റ് സ്‌ട്രൈക്ക് വാഹനത്തില്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണ വിശ്വാസമര്‍പ്പിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന് വക്താവ് പ്രതികരിച്ചു. സൈന്യത്തിന് പൂര്‍ണമായും തദ്ദേശീയമായ പ്രത്യേക വാഹനങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്നതിന്റെ എളിയ തുടക്കമാണ് ഇതെന്നും ഫോഴ്‌സ് മോട്ടോഴ്‌സ് വക്താവ് പറഞ്ഞു.

രാജസ്ഥാനിലും ഹിമാലയത്തിലുമെല്ലാം വാഹനത്തിന്റെ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയിരുന്നു

4 വീല്‍ ഡ്രൈവ് വാഹനമായാണ് ലൈറ്റ് സ്‌ട്രൈക്ക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്. ഫോഴ്‌സ് ഗൂര്‍ഖയിലേതുപോലെ എല്ലാ വീലുകളിലും ഡിഫ്രന്‍ഷ്യല്‍ ലോക്കുകള്‍ സവിശേഷതയാണ്. റണ്‍ ഫ്‌ളാറ്റ് ടയറുകളാണ് വാഹനത്തിന് നല്‍കുന്നത്. റോക്കറ്റ് ലോഞ്ചറും മെഷീന്‍ ഗണ്ണുകളും വാഹനത്തില്‍ ഘടിപ്പിക്കാന്‍ കഴിയും. എയര്‍ലിഫ്റ്റ് നടത്തി വാഹനം മറ്റ് സ്ഥലങ്ങളില്‍ അതിവേഗം എത്തിക്കാം. വാഹനങ്ങള്‍ അധികം വൈകാതെ ഇന്ത്യന്‍ കരസേനയ്ക്ക് കൈമാറും.

Comments

comments

Categories: Auto