നൂറിലധികം പരിഷ്‌കാരങ്ങളുമായി 2018 ട്രയംഫ് ടൈഗര്‍ 1200

നൂറിലധികം പരിഷ്‌കാരങ്ങളുമായി 2018 ട്രയംഫ് ടൈഗര്‍ 1200

എക്‌സ് ഷോറൂം വില 17 ലക്ഷം രൂപ

ന്യൂഡെല്‍ഹി : പൂര്‍ണമായി പരിഷ്‌കരിച്ച 2018 ട്രയംഫ് ടൈഗര്‍ 1200 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എക്‌സ്‌സിഎക്‌സ് വേരിയന്റ് മാത്രമാണ് ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. 17 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇതുവരെ കണ്ടതില്‍വെച്ച് ഏറ്റവും അഡ്വാന്‍സ്ഡ് ടൈഗര്‍ മോട്ടോര്‍സൈക്കിളുകളാണ് ഇവയെന്ന് ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് അവകാശപ്പെട്ടു. ഏതാണ്ട് എണ്‍പത് വര്‍ഷം മുമ്പാണ് ആദ്യ ട്രയംഫ് ടൈഗര്‍ പുറത്തുവന്നത്. മോട്ടോര്‍സൈക്കിളില്‍ ട്രയംഫ് കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബൈക്കിന് നൂറിലധികം പുതിയ അപ്‌ഡേറ്റുകള്‍ നല്‍കിയെന്നാണ് ട്രയംഫിന്റെ അവകാശവാദം.

പുതിയ ടൈഗര്‍ 1200 മോട്ടോര്‍സൈക്കിളിന് മുന്‍ മോഡലിനേക്കാള്‍ 11 കിലോഗ്രാം ഭാരം കുറവാണ് (എക്‌സ്‌സിഎക്‌സ് വേരിയന്റിന് മുമ്പത്തേതിനേക്കാള്‍ 5 കിലോഗ്രാം കുറവ്). ഷാസി, എന്‍ജിന്‍, എക്‌സ്‌ഹോസ്റ്റ് എന്നിവയിലാണ് ഭാരം കുറച്ചത്. ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് (ഐഎംയു) ടൈഗര്‍ 1200 ന്റെ പുതിയ സവിശേഷതയാണ്. മെച്ചപ്പെടുത്തിയ കോര്‍ണറിംഗ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, വിവിധ മോഡലുകള്‍ അനുസരിച്ച് ആറ് വരെ റൈഡിംഗ് മോഡുകള്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍, ഓപ്ഷണല്‍ ഹീറ്റഡ് ഗ്രിപ്പുകളും സീറ്റുകളും, 12 വോള്‍ട്ട് പവര്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയാണ് ഫീച്ചറുകള്‍.

പുതിയ 5 ഇഞ്ച് ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ബാക്ക്‌ലിറ്റ് സ്വിച്ച്ഗിയര്‍, പൂര്‍ണമായും എല്‍ഇഡി ലൈറ്റിംഗ്, അഡാപ്റ്റീവ് കോര്‍ണറിംഗ് ലൈറ്റുകള്‍, പരിഷ്‌കരിച്ച ക്രൂസ് കണ്‍ട്രോള്‍, കീലെസ് ഇഗ്നിഷന്‍ എന്നിവയും ഫീച്ചറുകള്‍ തന്നെ. മുമ്പത്തെ അതേ എന്‍ജിന്‍ തന്നെയാണ് 2018 ടൈഗര്‍ 1200 ഉപയോഗിക്കുന്നത്. 1215 സിസി, ഇന്‍-ലൈന്‍ 3 മോട്ടോര്‍ 9,350 ആര്‍പിഎമ്മില്‍ 139 ബിഎച്ച്പി കരുത്തും 7,600 ആര്‍പിഎമ്മില്‍ 122 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്റര്‍ സഹിതം 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനുമായാണ് എന്‍ജിന്‍ ചേര്‍ത്തിരിക്കുന്നത്.

ഓസ്ട്രിയന്‍ കമ്പനിയായ ഡബ്ല്യുപിയുടെ 48 എംഎം അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ പുതിയ ടൈഗര്‍ 1200 ന്റെ മുന്നിലെ സസ്‌പെന്‍ഷന്‍ ജോലികള്‍ നിര്‍വ്വഹിക്കും. 190 മില്ലി മീറ്റര്‍ ട്രാവല്‍ ചെയ്യാന്‍ കഴിയുന്ന സസ്‌പെന്‍ഷന്‍ ഇലക്ട്രോണിക്കലായി ക്രമീകരിക്കാന്‍ സാധിക്കും. പിന്നില്‍ ഡബ്ല്യുപിയുടെ മോണോഷോക്കാണ് നല്‍കിയിരിക്കുന്നത്. 193 മില്ലി മീറ്റര്‍ ട്രാവല്‍ ചെയ്യുന്ന മോണോഷോക്ക് റൈഡര്‍ക്ക് ക്രമീകരിക്കാം. ബൈക്കിന്റെ മുന്‍ ചക്രത്തില്‍ 305 എംഎം വലുപ്പമുള്ള ഇരട്ട ഡിസ്‌ക്കുകളും (ഇറ്റാലിയന്‍ കമ്പനിയായ ബ്രെംബോയുടെ 4 പിസ്റ്റണ്‍ കാലിപറുകള്‍ സഹിതം) പിന്‍ ചക്രത്തില്‍ 282 എംഎം വലുപ്പമുള്ള സിംഗിള്‍ ഡിസ്‌കും (ജാപ്പനീസ് കമ്പനിയായ നിസ്സിന്റെ 2 പിസ്റ്റണ്‍ കാലിപര്‍ സഹിതം) നല്‍കിയിരിക്കുന്നു.

മുന്‍ മോഡലിനേക്കാള്‍ 11 കിലോഗ്രാം ഭാരം കുറവാണ് പുതിയ ടൈഗര്‍ 1200 മോട്ടോര്‍സൈക്കിളിന്. എക്‌സ്‌സിഎക്‌സ് വേരിയന്റ് മാത്രമാണ് ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്

ഡുകാറ്റി മള്‍ട്ടിസ്ട്രാഡ 1200, അധികം വൈകാതെ പുറത്തിറങ്ങുന്ന ഡുകാറ്റി മള്‍ട്ടിസ്ട്രാഡ 1260, ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ് എന്നിവയാണ് പുതിയ ടൈഗര്‍ 1200 മോട്ടോര്‍സൈക്കിളിന്റെ എതിരാളികള്‍.

Comments

comments

Categories: Auto