ലോകം ഇപ്പോള്‍ യുവാക്കളുടെ കൈകളില്‍: മൊഹമ്മദ് അലബ്ബാര്‍

ലോകം ഇപ്പോള്‍ യുവാക്കളുടെ കൈകളില്‍: മൊഹമ്മദ് അലബ്ബാര്‍

കാനഡയിലെ പ്രധാനമന്ത്രിയെ നോക്കൂ നിങ്ങള്‍. ഫ്രഞ്ച് പ്രസിഡന്റിനെ നോക്കൂ, സൗദി അറേബ്യയുടെ കിരീടാവകാശിയെ നോക്കൂ, മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ നോക്കൂ….

ദുബായ്: ലോകത്തെ ഇപ്പോള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് യുവാക്കളാണെന്ന് യുഎഇയിലെ പ്രമുഖ സംരംഭകനും ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ ചെയര്‍മാനും ഇ-കൊമേഴ്‌സ് പോര്‍ട്ടലായ നൂണ്‍ ഡോട് കോമിന്റെ സ്ഥാപകനുമായ മൊഹമ്മദ് അലബ്ബാര്‍.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റേണല്‍ ഓഡിറ്റേഴ്‌സിന്റെ അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കവെയാണ് മൊഹമ്മദ് അലബ്ബാര്‍ മാറുന്ന ലോകത്തെകുറിച്ചും ബിസിനസിനെകുറിച്ചുമെല്ലാം മനസ്സ് തുറന്നത്.

ബിസിനസിലെ അടിസ്ഥാന തത്വങ്ങള്‍ ഇപ്പോഴും 20 വര്‍ഷം മുമ്പും ഒന്നുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നൊവേഷന്‍ 20 വര്‍ഷം മുമ്പുമുണ്ടായിരുന്നു. ബിസിനസ് പ്ലാന്‍, പ്രൊസസ്, റിസ്‌ക്, ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പരിഗണന-ബിസിനസിന്റെ ഈ മൂന്ന് അടിസ്ഥാനതത്വങ്ങള്‍ മാറില്ല-അലബ്ബാര്‍ പറഞ്ഞു.

എന്നാല്‍ ഇപ്പോഴത്തെ മാറ്റത്തെകുറിച്ച് അലബ്ബാറിന് വ്യക്തമായ കാഴ്ച്ചപ്പാടുമുണ്ട്. പ്രധാനപ്പെട്ട മാറ്റമെന്ന് ലോകം ഇപ്പോള്‍ നിയന്ത്രിക്കുന്നത് യുവാക്കളാണെന്നതാണ്. കാനഡയിലെ പ്രധാനമന്ത്രിയെ നോക്കൂ നിങ്ങള്‍. ഫ്രഞ്ച് പ്രസിഡന്റിനെ നോക്കൂ, സൗദി അറേബ്യയുടെ കിരീടാവകാശിയെ നോക്കൂ, മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ നോക്കൂ….ലോകം ഇപ്പോള്‍ നിയന്ത്രിക്കുന്നത് വളരെ ഊര്‍ജ്ജസ്വലരായ, ബൗദ്ധിക നിലവാരമുള്ള, ഐക്യു(ഇന്റലിജന്‍സ് ക്വാഷ്യന്റ്) കൂടുതലുള്ള ചെറുപ്പക്കാരാണ്. അവര്‍ വ്യത്യസ്തമായാണ് ചിന്തിക്കുന്നത്. അതേസമയം സാങ്കേതികവിദ്യയുടെ കരുത്തോടെ അവര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു-മൊഹമ്മദ് അലബ്ബാര്‍ പറഞ്ഞു.

ബിസിനസിനെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചത് കാലികപ്രസക്തമായ കാര്യങ്ങളാണ്. നിങ്ങളുടെ ഫോണ്‍ ഓരോ മാസവും അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. അഥുപോലെ തന്നെയാണ് ബിസിനസിന്റെ കാര്യവും. അതിലും അപ്‌ഡേഷന്‍ ഇടയ്ക്കിടെ വേണം. അതിന് സംഭവിച്ചുകൊണ്ടിരിക്കുന്ന യഥാര്‍ത്ഥ മാറ്റത്തെക്കുറിച്ച് ധാരണ വേണം-അലബ്ബാര്‍ ചൂണ്ടിക്കാട്ടി.

ഒരു ബിസിനസിന്റെ പ്രവൃത്തി സമയം ഒമ്പത് മുതല്‍ അഞ്ച് മണി വരെയെന്നത് പഴകിയ സങ്കല്‍പ്പമാണെന്നും അതിന്റെ കാലം കഴിഞ്ഞുവെന്നും സൂചിപ്പിച്ച അലബ്ബാര്‍ ബിസിനസ് ലോകം 24X7 എന്ന തലത്തിലേക്ക് സമയക്രമം മാറ്റണമെന്നും നിര്‍ദേശിച്ചു.

ദുബായ് വളരെ നല്ല നഗരമാണ് എന്നെ സംബന്ധിച്ചിടത്തോളം. ദുബായ് നഗരത്തിന്റെ വളര്‍ച്ച, അതിന്റെ നേതൃത്വം, അടിസ്ഥാന സൗകര്യം…ഇതെല്ലാം ഞങ്ങളുടെ വളര്‍ച്ചയ്ക്കും സഹായകമായി-മൊഹമ്മദ് അലബ്ബാര്‍

കമ്പനികള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ അതിവേഗത്തിലുള്ള ഡിജിറ്റല്‍ മാറ്റത്തിനൊപ്പം സഞ്ചരിക്കുകതന്നെ വേണമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. പ്രതിമാസം 30 ശതമാനം എന്ന നിരക്കിലാണ് ഡിജിറ്റല്‍ കമ്പനികളുടെ വളര്‍ച്ച. എന്റെ ബിസിനസുകളുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 20 ശതമാനമാണ്. ഡിജിറ്റല്‍ ഉപഭോക്താക്കള്‍ക്ക് സമയക്രമമൊന്നുമില്ല. 24 മണിക്കൂറും ബിസിനസ് ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറ്റിയാലേ മാറ്റത്തിനൊപ്പം സഞ്ചരിച്ച് നേട്ടം കൊയ്യാന്‍ സാധിക്കൂ. അതുകൊണ്ട് ഷോപ്പ് ക്ലോസ് ചെയ്യുന്ന സമയം എന്നൊന്നില്ല-അലബ്ബാര്‍ പറഞ്ഞു.

നമുക്കെല്ലാവര്‍ക്കും സമയം വളരെ വിലപ്പെട്ടത്താണ്. നമ്മള്‍ ഇപ്പോഴും ചെറുപ്പം തന്നെയാണ്. എന്നാല്‍ എത്രമാത്രം കാര്യക്ഷതയോടെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് നോക്കേണ്ടത്. എത്രമാത്രം വേഗത്തില്‍ റിസ്‌കിനെ കുറിച്ച് ചിന്തിക്കാനും പഠിക്കാനും വിലയിരുത്താനും പരിഹരിക്കാനും നമുക്ക് സാധിക്കും. അതാണ് വെല്ലുവിളി. അതുകൊണ്ട് ഇനി ഇത്രസമയം മാത്രം ബിസിനസ് എന്നൊന്നും ചിന്തിക്കേണ്ട. നിങ്ങള്‍ അപ്രസക്താരാകതിരിക്കാന്‍ അതേ വഴിയുള്ളൂ-ബിസിനസിന്റെ ഭാവിയെക്കുറിച്ച് അലബ്ബാര്‍ വ്യക്തമാക്കി.

ദുബായ് വളരെ നല്ല നഗരമാണ് തന്നെ സംബന്ധിച്ചിടത്തോളമെന്നും അലബ്ബാര്‍ പറഞ്ഞു. ദുബായ് നഗരത്തിന്റെ വളര്‍ച്ച, അതിന്റെ നേതൃത്വം, അടിസ്ഥാന സൗകര്യം…ഇതെല്ലാം ഞങ്ങളുടെ വളര്‍ച്ചയ്ക്കും സഹായകമായി-അദ്ദേഹം പറഞ്ഞു. യുഎഇ സൈന്യത്തിന്റെ അച്ചടക്കവും കാര്യക്ഷമതയും എന്നും തനിക്ക് പ്രചോദനമായിരുന്നുവെന്നും അലബ്ബാര്‍ വ്യക്തമാക്കി.

ഷേഖ് മൊഹമ്മദ്, അദ്ദേഹം ഗുരുവാണ്

ഷേഖ് മൊഹമ്മദാണ് തന്റെ ഗുരുവെന്ന് മൊഹമ്മദ് അലബ്ബാര്‍ പറയുന്നു. അദ്ദേഹത്തിന് വേണ്ടി ഞാന്‍ 30 വര്‍ഷത്തോളം ജോലി ചെയ്തു. അദ്ദേഹത്തില്‍ നിന്നാണ് റിസ്‌ക് എടുക്കേണ്ടതിന്റെ പ്രാധാന്യം ഞാന്‍ പഠിച്ചത്. ഉത്തരവാദിത്തബോധം കൈവരിക്കേണ്ടതിന്റെ ആവശ്യകത ഞാന്‍ മനസിലാക്കിയത്. ഓരോരുത്തരെയും കാര്യങ്ങള്‍ ഏല്‍പ്പിക്കേണ്ട ഡെലിഗേഷന്‍ എന്ന കല ഞാന്‍ സ്വായത്തമാക്കിയത്. നിങ്ങള്‍ അദ്ദേഹത്തിന് എന്തെങ്കിലും വാഗ്ദാനം നല്‍കൂ. തീര്‍ച്ചയായും അത് നിങ്ങള്‍ നിറവേറ്റുക തന്നെ ചെയ്യും-യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മൊഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂമിനെക്കുറിച്ച് ആവേശത്തോടെ അലബ്ബാര്‍ പറഞ്ഞു.

Comments

comments

Categories: Arabia