വിപണി മൂല്യത്തില്‍ വാള്‍മാര്‍ട്ടിന് നഷ്ടം പത്ത് ബില്യണ്‍ ഡോളര്‍

വിപണി മൂല്യത്തില്‍ വാള്‍മാര്‍ട്ടിന് നഷ്ടം പത്ത് ബില്യണ്‍ ഡോളര്‍

താല്‍ക്കാലിക തിരിച്ചടിയും പ്രവര്‍ത്തന നഷ്ടവും പ്രതീക്ഷിച്ചിരുന്നത്

ബെംഗളൂരു: ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം യുഎസ് റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ടിന് ഓഹരി വിപണിയില്‍ തിരിച്ചടിയായി. വിപണി മൂല്യത്തില്‍ പത്ത് ബില്യണ്‍ ഡോളര്‍ നഷ്ടം ഇതുവഴി വാള്‍മാര്‍ട്ടിനുണ്ടായെന്നാണ് കണക്കാക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടുമായുള്ള കരാര്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെ നിക്ഷേപകര്‍ പ്രതികൂലമായി പ്രതികരിച്ചതാണ് വിപണിയില്‍ വാള്‍മാര്‍ട്ട് തിരിച്ചടി നേരിടാന്‍ കാരണമായത്.

ഇന്ത്യന്‍ സമയം വൈകിട്ട് 8.45ന് 4.04 ശതമാനം നഷ്ടത്തോടെയാണ് ന്യൂയോര്‍ക്ക് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ വാള്‍മാര്‍ട്ട് ഓഹരികള്‍ ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ കമ്പനിയുടെ മൊത്തം വിപണി മൂല്യം 242.9 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങി. ഇതേസമയം, ആഗോളതലത്തില്‍ വാള്‍മാര്‍ട്ടിന്റെ മുഖ്യ എതിരാളി കൂടിയായ ആമസോണ്‍ വിപണിയില്‍ നേട്ടം കൊയ്തു. 0.2 ശതമാനം നേട്ടത്തോടെയാണ് ആമസോണ്‍ ഓഹരികള്‍ ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഈ സമയം 774.18 ബില്യണ്‍ ഡോളറായിരുന്നു ആമസോണിന്റെ വിപണി മൂല്യം. വാള്‍മാര്‍ട്ടിന്റെ വിപണി മൂല്യത്തിന്റെ മൂന്ന് മടങ്ങിലുമധികമാണിത്.
ഓഹരി വിപണിയിലെ തിരിച്ചടിക്കുപുറമെ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി വാള്‍മാര്‍ട്ടിന്റെ വീക്ഷണം സ്ഥിരതയില്‍ നിന്നും നെഗറ്റീവ് തലത്തിലേക്ക് താഴ്ത്തിയിട്ടുണ്ട്. മൂന്നാമത്തെ ഉയര്‍ന്ന ഇന്‍വെസ്റ്റ്‌മെന്റ് ഗ്രേഡ് ആയ ‘എഎ’ ആണ് നിലവില്‍ വാള്‍മാര്‍ട്ടിന് നല്‍കിയിട്ടുള്ള റേറ്റിംഗ്. ഓണ്‍ലൈന്‍ മേഖലയിലെ വിപുലീകരണത്തിനായി കമ്പനി നടത്തുന്ന ചെലവിടലുകള്‍ സംബന്ധിച്ച ആശങ്കകളാണ് ഇതിനുകാരണമായി എസ് ആന്‍ഡ് പി ചൂണ്ടിക്കാട്ടുന്നത്. ആഗോളതലത്തില്‍ വാള്‍മാര്‍ട്ട് തുടരുന്ന ഓഹരി തിരികെവാങ്ങല്‍ നടപടികളും കമ്പനിയുടെ റേറ്റിംഗ് താഴ്ത്താന്‍ കാരണമായി.

ബുധനാഴ്ച വൈകിട്ടോടെയാണ് ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കുന്നതായി വാള്‍മാര്‍ട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 16 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തികൊണ്ട് ഫ്‌ളിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികളാണ് വാള്‍മാര്‍ട്ട് സ്വന്തമാക്കുന്നത്. ഈ നിക്ഷേപം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ മൊത്തം മൂല്യം 21 ബില്യണ്‍ ഡോളറാകും. അതേസമയം, ഫ്‌ളിപ്കാര്‍ട്ടുമായുള്ള ഇടപാടിന്റെ ഫലമായി ഓഹരി വിപണിയില്‍ തിരിച്ചടി നേരിടുമെന്നും പ്രവര്‍ത്തന നഷ്ടം പ്രതീക്ഷിക്കുന്നതായും വാള്‍മാര്‍ട്ട് അറിയിച്ചിട്ടുണ്ട്.

നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയോടുകൂടി ഫ്‌ളിപ്കാര്‍ട്ടുമായുള്ള ഇടപാട് പൂര്‍ത്തീകരിക്കാനായാല്‍ അത് പ്രതി ഓഹരിവരുമാനത്തില്‍ (ഇപിഎസ്) 0.25 ഡോളര്‍ മുതല്‍ 0.30 ഡോളര്‍ വരെ നഷ്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വാള്‍മാര്‍ട്ട് പ്രസ്താവനയിലൂടെ അറിയിച്ചു. 2020 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ വളര്‍ച്ചാ വേഗം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളായിരിക്കും കമ്പനി ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഒരു ഓഹരിയില്‍ നിന്നുള്ള വരുമാനത്തില്‍ ഏകദേശം 0.60 ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നാണ് വാള്‍മാര്‍ട്ടിന്റെ കണക്കുകൂട്ടല്‍.

വാള്‍മാര്‍ട്ട്-ഫ്‌ളിപ്കാര്‍ട്ട് ഇടപാടിന് ഇന്ത്യയില്‍ യാതൊരുവിധത്തിലുള്ള നയപരമായ തടസങ്ങളും ഉണ്ടാകാനിടയില്ല. ഇ-കൊമേഴ്‌സ് രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപം നടത്തുന്നതിന് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ട്. ചില നിയന്ത്രണങ്ങളോടുകൂടിയാണ് ഇ-കൊമേഴ്‌സ് രംഗത്ത് എഫ്ഡിഐ നയം ഉദാരമാക്കിയിട്ടുള്ളത്.

Comments

comments

Categories: Business & Economy