നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 50 പുതിയ സ്റ്റോറുകള്‍ തുറക്കുമെന്ന് വാള്‍മാര്‍ട്ട്

നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 50 പുതിയ സ്റ്റോറുകള്‍ തുറക്കുമെന്ന് വാള്‍മാര്‍ട്ട്

ഈ വര്‍ഷം രാജ്യത്ത് 5 സ്റ്റോറുകള്‍ ആരംഭിക്കാനാകുമെന്നാണ് വാള്‍മാര്‍ട്ട് പ്രതീക്ഷിക്കുന്നത്

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ഫ്‌ളിപ്കാര്‍ട്ടിനെ 16 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തതിന് പിന്നാലെ ഇന്ത്യയില്‍ 50 പുതിയ സ്റ്റോറുകള്‍ തുറക്കുമെന്ന് അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട് പ്രഖ്യാപിച്ചു. കാഷ് ആന്‍ഡ് കാരി ബിസിനസില്‍ വളര്‍ച്ച തുടരാണ് കമ്പനിയുടെ പദ്ധതി. ‘ നിലവില്‍ വാള്‍മാര്‍ട്ടിന് 21 സ്‌റ്റോറുകളാണ് ഇന്ത്യയിലുള്ളത്. അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ 50 എണ്ണം കൂടി തുറക്കാനാണ് പദ്ധതി’, ഫ്‌ളിപ്കാര്‍ട്ടുമായുള്ള ഇടപാട് വിശദീകരിക്കുന്നതിനിടെ വാള്‍മാര്‍ട്ട് ഇന്ത്യ പ്രസിഡന്റും സിഇഒയുമായ ക്രിഷ് അയ്യര്‍ പറഞ്ഞു.

ഫ്‌ളിപ്കാര്‍ട്ട് സഹ സ്ഥാപകനായ ബിന്നി ബന്‍സാല്‍ സിഇഒ സ്ഥാനത്ത് തുടരുമെന്നും പ്രത്യേക ബോര്‍ഡിന്റെ കീഴില്‍ ഫ്‌ളിപ്കാര്‍ട്ട് പ്രവര്‍ത്തനം തുടരുമെന്നും വാള്‍മാര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഡഗ് മക്മില്ലന്‍ പറഞ്ഞു. ഫ്‌ളിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികളാണ് വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്. ഉപഭോക്താക്കള്‍ക്ക് വിദേശ കമ്പനികള്‍ നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് (കാഷ് ആന്‍ഡ് കാരി മൊത്ത വ്യാപാര സെഗ്മെന്റ് ഒഴികെ) ഇന്ത്യയുടെ റീട്ടെയ്ല്‍ നയം അനുമതി നല്‍കുന്നില്ല. അതിനാല്‍ തന്നെ രാജ്യത്തെ ഈ മേഖലയില്‍ ചുവടുറപ്പിക്കാന്‍ വാള്‍മാര്‍ട്ടിന് സാധിച്ചിരുന്നില്ല. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ പോലുള്ള കമ്പനികള്‍ ഇ കൊമേഴ്‌സ് മാര്‍ക്കറ്റ്‌പ്ലേസ് എന്ന നിലയ്ക്കാണ് പ്രവര്‍ത്തിക്കുന്നത്.100 ശതമാനം നേരിട്ടുള്ള നിക്ഷേപത്തിന് അനുമതിയുള്ള മേഖലയാണിത്.
ഈ വര്‍ഷം രാജ്യത്ത് 5 സ്റ്റോറുകള്‍ ആരംഭിക്കാനാകുമെന്നാണ് വാള്‍മാര്‍ട്ട് പ്രതീക്ഷിക്കുന്നത്. ക്രമേണ ഈ പ്രക്രിയ വേഗത്തിലാക്കി ഒരു വര്‍ഷം 12-15 സ്റ്റോറുകള്‍ ആരംഭിക്കുന്നതിലേക്ക് എത്തിക്കും. കാഷ് ആന്‍ഡ് കാരി ബിസിനസില്‍ ഒമ്പത് സംസ്ഥാനങ്ങളിലായി രാജ്യത്തെ 19 നഗരങ്ങളില്‍ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങളിലാണ് പ്രാഥമികമായി വാള്‍മാര്‍ട്ട് ശ്രദ്ധ കേന്ദ്രീകരിക്കുക.

നിലവില്‍ ഇന്ത്യയിലുള്ള 21 ബെസ്റ്റ് പ്രൈസ് ഹോള്‍സെയ്ല്‍സ് സ്റ്റോറുകള്‍ വഴി എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍ മുതല്‍ ഫര്‍ണിച്ചറുകള്‍ വരെ മറ്റ് റീട്ടെയ്‌ലര്‍മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും വാള്‍മാര്‍ട്ട് വില്‍പ്പന നടത്തുന്നുണ്ട്. ഫ്‌ളിപ്കാര്‍ട്ടിന്റൈ ഓണ്‍ലൈന്‍ വില്‍പ്പനയിലെ വിതരണ കേന്ദ്രങ്ങളായി ഈ ബെസ്റ്റ് പ്രൈസ് സ്റ്റോറുകളെ വാള്‍മാര്‍ട്ട് ഉപയോഗിച്ചേക്കും. രാജ്യത്തെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ 34 ശതമാനം വിപണി വിഹിതമുള്ള ഫ്‌ളിപ്കാര്‍ട്ടിന് വാള്‍മാര്‍ട്ടിന്റെ നിക്ഷേപത്തോടെ ലോജിസ്റ്റിക്‌സ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ഓണ്‍ലൈന്‍ പലചരക്ക് പോലെയുള്ള പുതിയ മേഖലകളിലേക്ക് നീങ്ങാനും സാധിക്കുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.

Comments

comments

Categories: Slider, Top Stories