നിര്‍മാണം 2021ല്‍ പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ദൈര്‍ഘ്യമേറിയ അതിവേഗ പാതയായ പൂര്‍വാഞ്ചല്‍ എക്സ്പ്രസ്വേയുടെ നിര്‍മാണ ചെലവിലേക്ക് 12,000 കോടി രൂപയുടെ ഫണ്ട് സ്വരൂപിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പദ്ധതിയിടുന്നു. ലക്നൗ മുതല്‍ ഗാസിപൂര്‍ വരെ 341 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് അതിവേഗ പാതയെത്തുന്നത്. നിക്ഷേപം സ്വരൂപിക്കുന്നതിനായുള്ള താല്പര്യപത്രം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്വിറ്റി ഫണ്ടുകള്‍, ബാങ്കുകള്‍, ബദല്‍ ഫണ്ടിംഗ് ഏജന്‍സികള്‍ എന്നിവയുള്‍പ്പെടെയുള്ള ആഭ്യന്തര, അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നാണ് ഫണ്ട് നേടാന്‍ ശ്രമിക്കുന്നത്. വായ്പ, നിക്ഷേപം അല്ലെങ്കില്‍ മറ്റ് രൂപത്തിലുള്ള ഇന്‍ഫ്രാസ്ട്രക്ടചര്‍ ഫണ്ടിംഗ് എന്നിവ വഴിയാണ് നിക്ഷേപം നേടുക.
പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അനുവദിച്ചിട്ടുള്ള കാലയളവായ മൂന്ന് വര്‍ഷത്തിന് (മൊത്തം 15 വര്‍ഷത്തെ കാലയളവ്) ശേഷം 12 വര്‍ഷ കാലാവധിയില്‍ പണം തിരികെ അടയ്ക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ്പ്രസ്വേ പദ്ധതിക്ക് തറക്കല്ലിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഏറ്റവും ചെലവേറിയ അതിവേഗ പാതകളിലൊന്ന് കൂടിയാണ് പൂര്‍വാഞ്ചല്‍ എക്സ്പ്രസ്വേ. പദ്ധതിക്കായി മൊത്തം 23,349 കോടി രൂപയുടെ ചെലവാണ് കണക്കാക്കുന്നത്.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി 11,718 കോടി രൂപയോളം ചെലവ് വരും. പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ 91 ശതമാനം വാങ്ങുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതിനകം 6100 കോടി രൂപയോളം ചെലവഴിച്ചിട്ടുണ്ട്.
അതിവേഗ പാതയുടെ നിര്‍മാണത്തിനായി വീണ്ടും കരാര്‍ ക്ഷണിച്ചതുള്‍പ്പെടെയുള്ള നടപടികള്‍ വഴി പദ്ധതിയുടെ ചെലവ് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ സംസ്ഥാനം നടത്തിയിരുന്നു. അതിവേഗ പാതയുടെ ഇരുവശത്തെ റോഡുകളെയും വേര്‍തിരിക്കുന്ന മീഡിയന്റെ വീതി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി കൂടിയാലോചിച്ച് പ്രാഥമികമായി കണക്കാക്കിയ 22.5 മീറ്ററില്‍ നിന്ന് 5.5 മീറ്ററായി കുറച്ചിരുന്നു. ഇതുവഴി 883 കോടി രൂപ ലാഭിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. വാഹമോടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ റോഡുകളെ വേര്‍തിരിക്കുന്ന മീഡിയന്റെ ഇരുവശങ്ങളിലും ആന്റിഗ്ലെയര്‍ സ്ക്രീനുകളും ബാരിയറുകളും സ്ഥാപിക്കും. ഒമ്പത് കാര്‍ഷിക പ്രധാന ജില്ലകളെ സംസ്ഥാനത്തിന്റെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന അതിവേഗ പാതയുടെ നിര്‍മാണം 2021ല്‍ പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.