വ്യാപാര കയറ്റുമതിക്കാര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കും

വ്യാപാര കയറ്റുമതിക്കാര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കും

വായ്പാ ചെലവ് കുറയ്ക്കുന്നതിനുള്ള നടപടികള്‍ പരിഗണിക്കുന്നു

ന്യൂഡെല്‍ഹി: ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ചയിലെ മാന്ദ്യം കണക്കിലെടുത്ത് വ്യാപാര കയറ്റുമതിക്കാര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു. മൂല്യാടിസ്ഥാനത്തില്‍ രാജ്യത്തെ കയറ്റുമതിയുടെ മൂന്നിലൊന്ന് സംഭാവന ചെയ്യുന്നത് വ്യാപാര കയറ്റുമതിക്കാരാണ്. എന്നാല്‍ നിര്‍മാണ കയറ്റുമതിക്കാര്‍ക്ക് ലഭ്യമാകുന്നത് പോലെ അവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് വിലയിരുത്തുന്നത്.

വ്യാപാര കയറ്റുമതിക്കാര്‍ക്ക് നിര്‍മാണ സൗകര്യങ്ങള്‍ സ്വന്തമായില്ല. അവര്‍ രാജ്യത്തെ നിര്‍മാതാക്കളില്‍ നിന്നും ചരക്കുകള്‍ വാങ്ങുകയും വിദേശ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുകയുമാണ് ചെയ്യുന്നത്. നിരവധി വില്‍പ്പനക്കാരില്‍ നിന്നും ചരക്കുകള്‍ സ്വന്തമാക്കാനും പിന്നീട് മികച്ച വിലകള്‍ നോക്കി വിദേശ വാങ്ങലുകാര്‍ക്ക് അവ വില്‍ക്കുന്നതിനുമുള്ള സൗകര്യം വ്യാപാര കയറ്റുമതിക്കാര്‍ക്കുണ്ട്. വില്‍പ്പനക്കാര്‍, വാങ്ങലുകാര്‍, ചരക്കു നീക്കം എന്നിവയെല്ലാമായി ബന്ധപ്പെട്ട് മറ്റു കയറ്റുമതിക്കാരേക്കാളും മികച്ച നിരക്കുകള്‍ വ്യാപാര കയറ്റുമതിക്കാര്‍ നേടുന്നുണ്ട്.

വ്യാപാര കയറ്റുമതിക്കാരുടെ വായ്പാ ചെലവ് കുറയ്ക്കുന്നതിനുള്ള വഴികള്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം പരിഗണിച്ച് വരികയാണ്. വ്യാപാര കയറ്റുമതിക്കാരെ പ്രോത്സാഹിപ്പിക്കുന്നതും ആഗോള പങ്കാളികളുമായുള്ള അവരുടെ വിപണനവും ഇടപാട് ശേഷിയും പ്രയോജനപ്പെടുത്തുന്നതും നിര്‍ണായകമാണെന്നാണ് മന്ത്രാലയം കണക്കാക്കുന്നത്.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2017-18ല്‍ രാജ്യത്തെ കയറ്റുമതി 300 ബില്യണ്‍ ഡോളര്‍ കടന്നിരുന്നു. എന്നാല്‍ നാല് മാസത്തെ വളര്‍ച്ചയ്ക്കു ശേഷം മാര്‍ച്ചില്‍ കയറ്റുമതിയില്‍ ഇടിവുണ്ടായി. രത്‌ന-ആഭരണമേഖല, ടെക്‌സ്റ്റൈല്‍ മേഖല, ചണം നിര്‍മാണ മേഖല, കാര്‍ഷികോല്‍പ്പന്നങ്ങള്‍ തുടങ്ങിയ കൂടുതല്‍ തൊഴില്‍ ശേഷിയുള്ള മേഖലകളിലെല്ലാം കയറ്റുമതിയില്‍ ഇടിവുണ്ടായി.

‘നിര്‍മാണ കയറ്റുമതിക്കാര്‍ക്ക് പല പരിമിതികളുമുണ്ട്. എന്നാല്‍ വ്യാപാര കയറ്റുമതിക്കാര്‍ കൂടുതല്‍ മത്സരാധിഷ്ഠിതമാണ് ‘, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ ഡയറക്റ്റര്‍ ജനറല്‍ അജയ് സാഹി പറയുന്നു. വ്യാപാര കയറ്റുമതിക്കാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതിനായി അവര്‍ അഗ്രഗേറ്റര്‍ മോഡല്‍ പിന്തുടരുകയാണെന്നും അത് അവിടെ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള വ്യാപാര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ രാജ്യത്തെ കയറ്റുമതി സ്ഥാപനങ്ങളെ സജ്ജമാക്കുന്നതിനുള്ള നടപടികളും നടക്കുന്നുണ്ട്.

Comments

comments

Categories: Business & Economy

Related Articles