എമിറേറ്റ്‌സും ഇത്തിഹാദും തമ്മിലുള്ള ലയനസാധ്യതള്‍ തള്ളി ഷേഖ് അഹമ്മദ്

എമിറേറ്റ്‌സും ഇത്തിഹാദും തമ്മിലുള്ള ലയനസാധ്യതള്‍ തള്ളി ഷേഖ് അഹമ്മദ്

ഇരുകമ്പനികളും തമ്മില്‍ ലയിക്കാതെ തന്നെ സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം നിലവിലുണ്ടെന്ന് എമിറേറ്റ്‌സ് ചെയര്‍മാനും സിഇഒയുമായ ഷേഖ് അഹമ്മദ് ബിന്‍ സയിദ് അല്‍ മക്തൂം

ദുബായ്: യുഎഇയിലെ പ്രധാന വിമാന കമ്പനികളായ എമിറേറ്റ്‌സും ഇത്തിഹാദും തമ്മില്‍ ലയനമുണ്ടാകില്ലെന്ന് വ്യക്തമായി. അത്തരമൊരു സാധ്യത നിലനില്‍ക്കുന്നില്ലെന്ന് എമിറേറ്റ്‌സ് ചെയര്‍മാനും സിഇഒയുമായ ഷേഖ് അഹമ്മദ് ബിന്‍ സയിദ് അല്‍ മക്തൂം പറഞ്ഞു. ലയിക്കേണ്ട സാഹചര്യമില്ലെന്നും അല്ലാതെ തന്നെ ഇരുകമ്പനികള്‍ക്കും സഹകരിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎഇയിലെ രണ്ട് വലിയ എയര്‍ലൈനുകള്‍ തമ്മില്‍ ലയനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും തന്നെ നടക്കുന്നില്ല. എന്നാല്‍ സഹകരണം പരമാവധി കൂട്ടാന്‍ ശ്രമിക്കുന്നുണ്ട്-ഷേഖ് അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു ലയനത്തെക്കുറിച്ച് ഒരിക്കലും ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു കമ്പനികളുടെയും സേവനവും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചാണ് ആലോചനയെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കുന്നു.

ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സും യുഎഇയുടെ ദേശീയ എയര്‍ലൈനും തമ്മില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് പോലുള്ള വിഷയങ്ങളില്‍ സഹകരണം സാധ്യമാകുമെന്ന് ഷേഖ് അഹമ്മദ് പറഞ്ഞു. എമിറേറ്റ്‌സിന്റെ പ്രധാന എതിരാളിയായ ഇത്തിഹാദ് എയര്‍വേസുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെട്ട് നേരത്തെ കമ്പനിക്ക് നേതൃത്വം നല്‍കുന്ന ടിം ക്ലര്‍ക്ക് രംഗത്തെത്തിയിരുന്നു.

എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ വരുമാനം 27.9 ബില്ല്യണ്‍ ഡോളറാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ എട്ട് ശതമാനം വര്‍ധനയുണ്ടായി. എയര്‍പോര്‍ട്ട് സര്‍വീസസ് കമ്പനിയായ ഡിനാറ്റയും എമിറേറ്റ്‌സ് ഗ്രൂപ്പില്‍ ഉള്‍പ്പെടും

അതേസമയം എമിറേറ്റ്‌സ് ഗ്രൂപ്പ് മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രകടനം നടത്തിയതായുള്ള കണക്കുകളും കഴിഞ്ഞ ദിവസം പുറത്തുവന്നു. മുഴുനീള വര്‍ഷത്തെ ലാഭം 1.1 ബില്ല്യണ്‍ ഡോളറാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ലാഭത്തിലുണ്ടായത് 67 ശതമാനം വര്‍ധനയാണ്.

എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ വരുമാനം 27.9 ബില്ല്യണ്‍ ഡോളറാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ എട്ട് ശതമാനം വര്‍ധനയുണ്ടായി. എയര്‍പോര്‍ട്ട് സര്‍വീസസ് കമ്പനിയായ ഡിനാറ്റയും എമിറേറ്റ്‌സ് ഗ്രൂപ്പില്‍ ഉള്‍പ്പെടും. 545 മില്ല്യണ്‍ ഡോളറിന്റെ ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

എമിറേറ്റ്‌സ് എയര്‍ലൈനിന്റെ മാത്രം അറ്റാദായം 762 മില്ല്യണ്‍ ഡോളറാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തിലുണ്ടായത് 124 ശതമാനം വര്‍ധന. വരുമാനം 25.2 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നു. യാത്രികരുടെ എണ്ണത്തിലും മികച്ച വര്‍ധനയുണ്ടായി. 58 ദശലക്ഷത്തിലേക്കാണ് പാസഞ്ചര്‍ ട്രാഫിക് ഉയര്‍ന്നത്.

യുഎഇ വനിതകള്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യതയുള്ള ബ്രാന്‍ഡായും എമിറേറ്റ്‌സ് അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. യുവ് ഗവ് പ്രസിദ്ധീകരിച്ച യുഎഇ ബ്രാന്‍ഡ് റാങ്കിംഗിലായിരുന്നു എമിറേറ്റ്‌സ് നേട്ടമുണ്ടാക്കിയത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിമാനകമ്പനി ബ്രാന്‍ഡ് റാങ്കിംഗില്‍ മുന്നിലെത്തുന്നത്. 25 വയസിനു മുകളിലുള്ള സ്ത്രീകളാണ് കൂടുതലായും സര്‍വേയില്‍ പങ്കെടുത്തത്.

എമിറേറ്റ്‌സിന്റെ മൊത്തം തൊഴില്‍ ശക്തിയില്‍ 44 ശതമാനവും സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്. ആഗോള ഭീമന്‍മാരായാ പല ടെക് ബ്രാന്‍ഡുകളെയും പിന്തള്ളിയാണ് എമിറേറ്റ്‌സ് മുന്നിലെത്തിയത്. മൊത്തത്തിലുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പോയ വര്‍ഷം എമിറേറ്റ്‌സിന് മികച്ചതായിരുന്നുവെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

Comments

comments

Categories: Arabia