പതിനാറ് തികഞ്ഞാല്‍ ഇ-സ്‌കൂട്ടര്‍ ഓടിക്കാന്‍ അനുവദിച്ചേക്കും

പതിനാറ് തികഞ്ഞാല്‍ ഇ-സ്‌കൂട്ടര്‍ ഓടിക്കാന്‍ അനുവദിച്ചേക്കും

ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡെല്‍ഹി : പതിനാറ് വയസ്സ് തികഞ്ഞവര്‍ക്ക് ഇനി മുതല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ കഴിഞ്ഞേക്കും. ഇവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. 1988 ലെ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് 50 സിസിയോ അതില്‍ താഴെയോ എന്‍ജിന്‍ ശേഷിയുള്ള ഗിയര്‍ ഇല്ലാത്ത സ്‌കൂട്ടറുകള്‍ ഓടിക്കാന്‍ മാത്രമാണ് നിലവില്‍ 16 വയസ്സ് തികഞ്ഞവരെ അനുവദിക്കുന്നത്. എന്നാല്‍ ഇത്തരം ഇരുചക്ര വാഹനങ്ങള്‍ നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്നില്ല എന്നതാണ് രസകരമായ കാര്യം.

രാജ്യത്തെ യുവജനത ഭാവിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) ഉപയോഗിക്കുന്നതിന് പുതിയ നീക്കം സഹായിക്കുമെന്ന് നിതിന്‍ ഗഡ്കരി വിശ്വസിക്കുന്നു. ആദ്യം ഓടിച്ചുതുടങ്ങുന്നത് ഇലക്ട്രിക് വാഹനമാകുന്നതിനാല്‍ ഇത്തരം വാഹനങ്ങളോട് സ്വാഭാവികമായി അടുപ്പം തോന്നുമെന്ന് സര്‍ക്കാര്‍ കരുതുന്നു. നിലവില്‍ 1-1.5 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് ഇന്ത്യയിലെ നിരത്തുകളിലുള്ളത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് ആകെ വാഹനങ്ങളുടെ 5 ശതമാനമായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

50 സിസിയോ അതില്‍ താഴെയോ എന്‍ജിന്‍ ശേഷിയുള്ള ഗിയര്‍ ഇല്ലാത്ത സ്‌കൂട്ടറുകള്‍ ഓടിക്കാന്‍ മാത്രമാണ് നിലവില്‍ പതിനാറ് തികഞ്ഞവരെ അനുവദിക്കുന്നത്

ടാക്‌സി അഗ്രഗേറ്റര്‍മാരുടെ നിശ്ചിത ശതമാനം വാഹനങ്ങള്‍ ഇലക്ട്രിക് ആയിരിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുന്നതും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് മാര്‍ഗ്ഗങ്ങള്‍ പലതും തേടുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. 2020 മുതല്‍ ഓരോ വര്‍ഷവും ടാക്‌സി അഗ്രഗേറ്റര്‍മാരുടെ കൈവശമുള്ള വാഹനങ്ങളുടെ ഒരു ശതമാനം വീതം ഇലക്ട്രിക് വാഹനങ്ങളായി വര്‍ധിപ്പിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.

Comments

comments

Categories: Auto