ഹാരി-മേഗന്‍ വിവാഹം : മിനിയുടെ വക പ്രത്യേക കാര്‍ സമ്മാനം

ഹാരി-മേഗന്‍ വിവാഹം : മിനിയുടെ വക പ്രത്യേക കാര്‍ സമ്മാനം

മിനി 3 ഡോര്‍ അടിസ്ഥാനമാക്കിയാണ് ‘ഒരിക്കല്‍ മാത്രം സംഭവിക്കുന്ന’ കാര്‍ നിര്‍മ്മിച്ചത്

ലണ്ടന്‍ : ഈ മാസം 19 നാണ് ആ രാജകീയ വിവാഹം. ഹാരി രാജകുമാരന്‍ മേഗന്‍ മാര്‍ക്കിളിനെ ജീവിതസഖിയാക്കുന്നത് കാണാന്‍ യുകെ മാത്രമല്ല ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്. ബ്രിട്ടീഷ് റോയല്‍ വെഡ്ഡിംഗ് അടുത്തുവരുന്നതിന്റെ ആവേശത്തിലാണ് ജനങ്ങള്‍. ബിഎംഡബ്ല്യു ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ഓട്ടോമോട്ടീവ് ബ്രാന്‍ഡായ മിനിയും വിവാഹ ആഘോഷങ്ങളില്‍ പങ്കുചേരുകയാണ്. റോയല്‍ വെഡ്ഡിംഗ് പ്രമാണിച്ച് പ്രത്യേക മിനി ഹാച്ച്ബാക്ക് നിര്‍മ്മിച്ചിരിക്കുകയാണ് യുകെ ആസ്ഥാനമായ കമ്പനി. പ്രത്യേകം രൂപകല്‍പ്പന ചെയ്ത റൂഫ് ഗ്രാഫിക്‌സ്, പേഴ്‌സണലൈസ്ഡ് 3ഡി പ്രിന്റഡ് ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഡീറ്റെയ്‌ലിംഗ്, പ്രത്യേക എംബ്രോയ്ഡറി എന്നിവ വധൂവരന്‍മാര്‍ക്കായി നിര്‍മ്മിക്കുന്ന കാറില്‍ കാണാമെന്ന് മിനി ഡിസൈന്‍ മേധാവി ഒളിവര്‍ ഹെയ്ല്‍മെര്‍ പറഞ്ഞു.

മിനി 3 ഡോര്‍ അടിസ്ഥാനമാക്കിയാണ് ‘ഒരിക്കല്‍ മാത്രം സംഭവിക്കുന്ന’ കാര്‍ നിര്‍മ്മിച്ചത്. ക്രിസ്റ്റല്‍ വൈറ്റ് പെയിന്റ് സ്‌കീമാണ് കാറിന് നല്‍കിയിരിക്കുന്നത്. സില്‍വര്‍, ബ്ലൂ ആക്‌സന്റ് സ്ട്രിപ്പുകളും കാണാം. മിനിയുടെ സവിശേഷ ഹെക്‌സാഗണല്‍ ഗ്രില്ല്, ഹെഡ്‌ലാംപുകള്‍ക്കും ടെയ്ല്‍ ലാംപുകള്‍ക്കും ചുറ്റിലും, ഡോര്‍ ഹാന്‍ഡിലുകളിലും ക്രോം ആക്‌സന്റുകള്‍ എന്നിവ ആകര്‍ഷകമാണ്. ടെയ്ല്‍ലൈറ്റുകളില്‍ യൂണിയന്‍ ജാക്ക് ഡിസൈന്‍, അലോയ് വീലുകളില്‍ ഡാര്‍ക്ക് ബ്ലൂ ഫിനിഷ് എന്നിവ നല്‍കിയിരിക്കുന്നു. കാഴ്ച്ചയില്‍ കാര്‍ ബ്രിട്ടീഷുകാരന്‍ തന്നെ.

കൈകൊണ്ട് നിര്‍മ്മിച്ചതും 3ഡി പ്രിന്റിംഗ് നടത്തിയതുമായ റൂഫ് ഗ്രാഫിക്‌സ് ശ്രദ്ധേയമാണ്. യുകെയുടെ ദേശീയ പതാകയായ യൂണിയന്‍ ജാക്കിനെയും യുഎസ്സിന്റെ ദേശീയ പതാകയായ സ്റ്റാര്‍സ് ആന്‍ഡ് സ്‌ട്രൈപ്‌സിനെയും ഓര്‍മ്മയില്‍ കൊണ്ടുവരുന്നതാണ് റൂഫില്‍ നല്‍കിയ മള്‍ട്ടി കളര്‍ ഗ്രാഫിക്‌സ്. യുഎസ്സിലെ ലോസ് ആഞ്ജലസ് സ്വദേശിനിയാണ് മേഗന്‍ മാര്‍ക്കിള്‍. ഇരുവരുടെയും പേരിന്റെ ആദ്യ അക്ഷരമെടുത്ത് സൈഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളില്‍ എം ആന്‍ഡ് എച്ച് എന്ന് 3ഡി പ്രിന്റിംഗ് നടത്തി അലങ്കരിച്ചിട്ടുണ്ട്. ജസ്റ്റ് മാരീഡ് എന്ന് തറയില്‍ എഴുതികാണിക്കുന്ന പ്രൊജക്ഷന്‍ ലാംപ് ഫ്രണ്ട് ഡോറുകളില്‍ നല്‍കി.

ചില്‍ഡ്രന്‍സ് എച്ച്‌ഐവി അസോസിയേഷന് കാര്‍ സമ്മാനിക്കാനാണ് തീരുമാനം. ലേലം ചെയ്ത് ലഭിക്കുന്ന തുക സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും

കാബിനില്‍ സാറ്റലൈറ്റ് ഗ്രേ ലെതര്‍ അപ്‌ഹോള്‍സ്റ്ററിയാണ് നല്‍കിയിരിക്കുന്നത്. ദമ്പതികളുടെ ആദ്യ പേര്, വിവാഹ തിയ്യതി, വരനും വധുവിനുമുള്ള ആശംസകള്‍ എന്നിവ ഫ്രണ്ട് പാസഞ്ചര്‍ സീറ്റിന് മുന്നില്‍ വായിക്കാം. റോയല്‍ വെഡ്ഡിംഗ് പ്രമാണിച്ച് നിര്‍മ്മിച്ച കാര്‍ ചില്‍ഡ്രന്‍സ് എച്ച്‌ഐവി അസോസിയേഷന് സമ്മാനിക്കാനാണ് തീരുമാനം. പിന്നീട് കാര്‍ ലേലം ചെയ്ത് ലഭിക്കുന്ന തുക സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും.

Comments

comments

Categories: Auto