മാരുതി ഇതുവരെ വിറ്റത് 2.75 ലക്ഷം വിറ്റാര ബ്രെസ്സ

മാരുതി ഇതുവരെ വിറ്റത് 2.75 ലക്ഷം വിറ്റാര ബ്രെസ്സ

ഇസഡ് ഡിഐ, ഇസഡ് ഡിഐ പ്ലസ് എന്നീ ടോപ് വേരിയന്റുകളാണ് ഏറ്റവുമധികം വിറ്റുപോകുന്നത്

ന്യൂഡെല്‍ഹി : 2016 ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചശേഷം മാരുതി സുസുകി ഇതുവരെ വിറ്റത് 2.75 ലക്ഷത്തില്‍ കൂടുതല്‍ വിറ്റാര ബ്രെസ്സ. സബ്‌കോംപാക്റ്റ് എസ്‌യുവി പുതിയ നാഴികക്കല്ല് താണ്ടിയതായി മാരുതി സുസുകി അറിയിച്ചു. വിറ്റാര ബ്രെസ്സയുടെ ഇസഡ് ഡിഐ, ഇസഡ് ഡിഐ പ്ലസ് എന്നീ ടോപ് വേരിയന്റുകളാണ് ഏറ്റവുമധികം വിറ്റുപോകുന്നത്. ബ്രെസ്സയുടെ ആകെ വില്‍പ്പനയില്‍ 56 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ഈ രണ്ട് വേരിയന്റുകളാണ്.

2016 മാര്‍ച്ചിലാണ് മാരുതി സുസുകി വിറ്റാര ബ്രെസ്സ ഇന്ത്യയില്‍ അവതരിപ്പിച്ചത്. മഹീന്ദ്ര ബൊലേറോയെ പിന്തള്ളി മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ ടോപ് സെല്ലിംഗ് യൂട്ടിലിറ്റി വാഹനമായി വിറ്റാര ബ്രെസ്സ വളര്‍ന്നു. നിലവില്‍ പ്രതിമാസം ശരാശരി 12,300 യൂണിറ്റ് വിറ്റാര ബ്രെസ്സയാണ് വിറ്റുപോകുന്നത്. മാരുതി സുസുകി കഴിഞ്ഞ മാസം മാത്രം ഇന്ത്യയിലെ യൂട്ടിലിറ്റി വാഹന വിപണിയില്‍ 20,804 വാഹനങ്ങളാണ് വിറ്റത്. ഇതില്‍ അമ്പത് ശതമാനത്തിലധികം വിറ്റാര ബ്രെസ്സ ആയിരുന്നു.

ബ്രെസ്സയുടെ എഎംടി പതിപ്പ് മാരുതി സുസുകി ഈയിടെ പുറത്തിറക്കിയിരുന്നു

വിറ്റാര ബ്രെസ്സയുടെ എഎംടി പതിപ്പ് (ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍) മാരുതി സുസുകി ഈയിടെ പുറത്തിറക്കിയിരുന്നു. 8.54 ലക്ഷം രൂപ മുതലാണ് വിറ്റാര ബ്രെസ്സ എഎംടിയുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ഇന്ത്യയിലെ എസ്‌യുവി വിപണിയില്‍ വിറ്റാര ബ്രെസ്സ ഗെയിം ചേഞ്ചറാണെന്ന് മാരുതി സുസുകി മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ആര്‍എസ് കല്‍സി പറഞ്ഞു.

Comments

comments

Categories: Auto