ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറയ്ക്കില്ല

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറയ്ക്കില്ല

ന്യൂഡെല്‍ഹി: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണമേര്‍പ്പെടുത്തിയേക്കില്ലെന്ന് വിപണി നിരീക്ഷകര്‍. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ വെറും പത്ത് ശതമാനം പങ്കാളിത്തം മാത്രമാണ് 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ ഇറാന്‍ വഹിച്ചിട്ടുള്ളതെങ്കിലും ഇറാനില്‍ നിന്നുള്ള എണ്ണ വിതരണം കുറയുന്നത് ഇന്ത്യയുടെ കറന്റ് എക്കൗണ്ട് കമ്മിയിലും (സിഎഡി) ധനക്കമ്മിയിലും പ്രതിഫലിക്കുമെന്ന് അനലിസ്റ്റുകള്‍ പറയുന്നു. ഇറാനെതിരെ ഉപരോധം പുനഃസ്ഥാപിക്കാന്‍ യുഎസ് ഒരുങ്ങുന്ന സാഹചര്യത്തിലാണ് അനലിസ്റ്റുകള്‍ ഇതുസംബന്ധിച്ച വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്.

ഒപെകിലെ മൂന്നാമത്തെ വലിയ എണ്ണ ഉല്‍പ്പാദക രാജ്യമാണ് ഇറാന്‍. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ 28 ശതമാനം പങ്കാളിത്തമാണ് സ്വീറ്റ് ഗ്രേഡ് ബ്രെന്റ് ക്രൂഡ് ഓയിലിനുള്ളത്. എന്നാല്‍, ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ പങ്ക് കണക്കിലെടുക്കുമ്പോള്‍ ബദല്‍ മാര്‍ഗങ്ങള്‍ ഉണ്ടെന്നും സ്വീറ്റ് ഗ്രേഡ് ബ്രെന്റ് ക്രൂഡിനോട് താരതമ്യപ്പെടുത്താവുന്ന എണ്ണ ലഭ്യമാണെന്നും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എംകെ സുരാന പറഞ്ഞു. അതേസമയം, ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഡിസ്‌കൗണ്ട് ഓഫറുകള്‍ ലഭിക്കും. ഇത് മാറ്റ് എണ്ണ രാജ്യങ്ങളില്‍ നിന്നും ലഭിക്കാനിടയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്കാര്‍ക്ക് 90 ദിവസത്തെ ക്രെഡിറ്റാണ് ഇറാന്‍ നല്‍കുന്നത്. മറ്റ് എണ്ണ വിതരണ രാജ്യങ്ങള്‍ 30 ദിവസത്തെ ക്രെഡിറ്റ് നല്‍കുന്ന സ്ഥാനത്താണിത്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരാണ് ഇറാന്‍. ഇറാഖും സൗദി അറേബ്യയുമാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍. ചൈനയും തുര്‍ക്കിയും ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിലനിര്‍ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇറാനെതിരെ ഉപരോധം പുനഃസ്ഥാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം ആഗോള വിപണിയില്‍ ഹ്രസ്വ-ഇടക്കാലാടിസ്ഥാനത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതിന് കാരണമാകുമെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. സാമ്പത്തിക മാന്ദ്യം ബാധിച്ച വെനസ്വലയില്‍ ക്രൂഡ് ഉല്‍പ്പാദനം കുറഞ്ഞതുകാരണം ഇപ്പോള്‍ തന്നെ ആഗോള വിപണികളില്‍ എണ്ണ വിതരണം കുറഞ്ഞിട്ടുണ്ട്.

Comments

comments

Categories: Business & Economy