ഇന്ത്യയില്‍ നിന്നും ഇടം നേടിയത് 42 സര്‍വകലാശാലകള്‍

ഇന്ത്യയില്‍ നിന്നും ഇടം നേടിയത് 42 സര്‍വകലാശാലകള്‍

ഇന്ത്യന്‍ സര്‍വകലാശാലകളില്‍ ഏറ്റവും മുന്നിലുള്ളത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബെംഗളൂരുവാണ്

കൊല്‍ക്കത്ത: ടൈംസ് ഹയര്‍ എജുക്കേഷന്‍ മാഗസിന്‍ തയാറാക്കിയ വികസ്വര സമ്പദ്‌വ്യവസ്ഥകളിലെ മികച്ച സര്‍വകലാശാലകളുടെ റാങ്കിംഗില്‍ ഇന്ത്യയില്‍ നിന്നുള്ള 42 സര്‍വകലാശാലകള്‍ ഇടം നേടി. 2017ലെ റാങ്കിംഗില്‍ 27 ഇന്ത്യന്‍ സര്‍വകലാശാലകളാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. റാങ്കിംഗില്‍ ഏറ്റവും മികച്ച പ്രാതിനിധ്യമുള്ള രണ്ടാമത്തെ രാജ്യമെന്ന പദവി ഈ വര്‍ഷവും ഇന്ത്യക്ക് നിലനിര്‍ത്താനായിട്ടുണ്ട്. 63 സര്‍വകലാശാലകളുമായി ചൈനയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

ഇന്ത്യന്‍ സര്‍വകലാശാലകളില്‍ ഏറ്റവും മുന്നിലുള്ളത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബെംഗളൂരുവാണ്. കഴിഞ്ഞ വര്‍ഷം 14-ാം സ്ഥാനത്തായിരുന്ന സ്ഥാപനം റാങ്കിംഗില്‍ ഈ വര്‍ഷം 13-ാംസ്ഥാനത്തെത്തി. ഐഐടി ഖരക്പൂര്‍ 26 സ്ഥാനം മുന്നിട്ട് (45ല്‍) പട്ടികയിലെ മികച്ച 50 സര്‍വകലാശാലകളില്‍ ഇടം നേടി. ഐഐടി ബോംബെ 26-ാം സ്ഥാനം നിലനിര്‍ത്തി. മൊത്തം റാങ്കിംഗില്‍ എന്‍ഐടി റൂര്‍ക്കേലയാണ് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്. 57 സ്ഥാനം മുന്നോട്ടുവന്ന് എന്‍ഐടി റൂര്‍ക്കേല 138-ാം സ്ഥാനത്തെത്തി. ഗവേഷണ പ്രവര്‍ത്തനങ്ങളിലെ പുരോഗതിയും അംഗീകാരവുമാണ് റാങ്കിംഗ് മെച്ചപ്പെടുത്താന്‍ എന്‍ഐടി റൂര്‍ക്കേലയെ സഹായിച്ചത്.

തേസ്പൂര്‍ സര്‍വകലാശാല 41 സ്ഥാനം മുന്നേറി ആദ്യ 100ല്‍ ഇത്തവണ പിടിച്ചു. ഗവേഷണങ്ങളിലെ മികവും സ്ഥാപനത്തിലെ അധ്യാപന അന്തരീക്ഷം മെച്ചപ്പെട്ടതും തേസ്പൂര്‍ സര്‍വകലാശാലയ്ക്ക് റാങ്കിംഗ് മെച്ചപ്പെടുത്താന്‍ സഹായകമായി. അതേസമയം, ഐഐടി മദ്രാസ്, ഐഐടി ഡെല്‍ഹി തുടങ്ങിയ നിരവധി ഇന്ത്യന്‍ സര്‍വകലാശാലകള്‍ ഇത്തവണ പട്ടികയില്‍ ആദ്യ 50 നിന്നും പുറത്തുപോയി. ഐഐടി ധന്‍ബാദ് (146), ഐഐടി-ബിഎച്ച്‌യു, ജമിയ മിലിയ ഇസ്ലാമിയ, യൂണിവേഴ്‌സിറ്റി ഓഫ് കേരള, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി എന്നിവയാണ് റാങ്കിംഗില്‍ പുതുതായി ഇടം പിടിച്ച ഇന്ത്യന്‍ സ്ഥാപനങ്ങള്‍

സ്വപ്‌നതുല്യമായ നേട്ടമാണ് റാങ്കിംഗില്‍ ഇന്ത്യക്ക് രേഖപ്പെടുത്താനായതെന്നും വരും വര്‍ഷങ്ങളില്‍ ആഗോള ഉന്നത വിദ്യാഭ്യാസ രംഗത്ത് നിര്‍ണായക പങ്കുവഹിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നതില്‍ സംശയമില്ലെന്നും ടൈംസ് ഹയര്‍ എജുക്കേഷന്‍ ഗ്ലോബല്‍ റാങ്കിംഗ് എഡിറ്റോറിയല്‍ ഡയറക്റ്റര്‍ ഫില്‍ ബാട്ടി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനു വേണ്ടിയുള്ള സര്‍ക്കാര്‍ പദ്ധതി തെരഞ്ഞെടുത്ത സര്‍വകലാശാലകളെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാല് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 42 രാജ്യങ്ങളിലെ സര്‍വകലാശാലകളെയാണ് ടൈംസ് ഹയര്‍ എജുക്കേഷന്‍ റാങ്ക് ചെയ്തിട്ടുള്ളത്. 350ല്‍ അധികം സര്‍വകലാശാലകള്‍ ഈ വര്‍ഷത്തെ റാങ്കിംഗില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 300 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്. ചൈനയിലെ പെക്കിംഗ് സര്‍വകലാശാലയാണ് റാങ്കിംഗില്‍ ഏറ്റവും മുന്നിലുള്ളത്. സിംഗുവ യൂണിവേഴ്‌സിറ്റി രണ്ടാം സ്ഥാനത്തും ഇടം നേടി. തുടര്‍ച്ചയായി അഞ്ചാമത്തെ വര്‍ഷമാണ് പെക്കിംഗ് സര്‍വകലാശാല ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്.

Comments

comments

Categories: Slider, Top Stories