ഇന്‍ഷുറന്‍സ് ഇടനില സേവനങ്ങളില്‍ 100% എഫ്ഡിഐ പരിഗണിക്കുന്നു

ഇന്‍ഷുറന്‍സ് ഇടനില സേവനങ്ങളില്‍ 100% എഫ്ഡിഐ പരിഗണിക്കുന്നു

ന്യൂഡെല്‍ഹി: ഇന്‍ഷുറന്‍സ് ഇടനില സേവനങ്ങളില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇന്‍ഷുറന്‍സ് മേഖലയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ നീക്കം.

ഇന്‍ഷുറന്‍സ് ബ്രോക്കിംഗ്, തേഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, സര്‍വെയര്‍മാര്‍, നഷ്ട നിര്‍ണയിതാക്കള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് ഇന്‍ഷുറന്‍സ് ഇടനില സേവനങ്ങള്‍. ഇതുള്‍പ്പെടെയുള്ള ഇന്‍ഷുറന്‍സ് മേഖലയില്‍ നിലവില്‍ 49 ശതമാനം വിദേശ നിക്ഷേപമാണ് അനുവദിച്ചിട്ടുള്ളത്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും വേര്‍തിരിച്ച് ഇന്‍ഷുറന്‍സ് ഇടനില സേവനങ്ങളിലെ വിദേശ നിക്ഷേപ പരിധി വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്

ഇന്‍ഷുറന്‍സ് ഇടനില സ്ഥാപനങ്ങളെ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുള്ള മറ്റ് സാമ്പത്തിക സേവന ഇടനിലക്കാര്‍ക്ക് തുല്യമായി പരിഗണിക്കണമെന്ന ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിക്കുകയാണ്. ദുര്‍ബലമായ വിതരണ ശൃംഖലകള്‍ ഇന്‍ഷുറന്‍സ് മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് വ്യവസായ വിദഗ്ധര്‍ പറയുന്നത്. മേഖലയെ മൊത്തത്തില്‍ ബലപ്പെടുത്തുന്നതിന് വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണ്. ആഗോള തലത്തില്‍ ഇന്‍ഷുറന്‍സ് വ്യാപനം ശരാശരി 6.2 ശതമാനമെന്ന തലത്തിലാണെങ്കില്‍ രാജ്യത്തെ ഇന്‍ഷുറന്‍സ് വ്യാപനം 3.4 ശതമാനമാനത്തിന് മുകളില്‍ മാത്രമാണ്.

Comments

comments

Categories: Business & Economy