സെല്‍ഫ് ഡ്രൈവ് ഇലക്ട്രിക് ട്രാക്റ്ററുമായി ‘ഓട്ടോനെക്‌സ്റ്റ്’

സെല്‍ഫ് ഡ്രൈവ് ഇലക്ട്രിക് ട്രാക്റ്ററുമായി ‘ഓട്ടോനെക്‌സ്റ്റ്’

സാങ്കേതിക വിദ്യയിലൂടെ കൃഷിയിടങ്ങളില്‍ ഓട്ടോമേഷന്‍ വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് ഓട്ടോനെക്‌സ്റ്റ് എന്ന സംരംഭത്തിലൂടെ കൗസ്തുഭും കൂട്ടരും. പൂര്‍ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ സ്വയം നിയന്ത്രിത ട്രാക്റ്ററിനാണ് അവര്‍ രൂപം നല്‍കിയിരിക്കുന്നത്

ഓട്ടോമേഷന്‍ നമ്മുടെ നാട്ടില്‍ പ്രചാരത്തിലായിട്ട് നാളുകളേറെയായി. വാച്ചുകളിലും വിവിധ എഞ്ചിനുകളിലും വാഹനങ്ങളിലും എന്തിനേറെ റോബോട്ടുകളില്‍ പോലും ഈ സാങ്കേതിക വിദ്യ ഇന്നു വ്യപിച്ചുകഴിഞ്ഞിരിക്കുന്നു. മനുഷ്യന്റെ മേല്‍നോട്ടമോ നിര്‍ദേശങ്ങളോ കൂടാതെ സ്വയം പ്രവര്‍ത്തിക്കാനാവുന്ന സംവിധാനത്തിലേക്ക് എത്തിച്ചിരിക്കുന്ന സാങ്കേതിക വിദ്യയാണിത്. ആളുകളുടെ ജോലി എളുപ്പത്തിലാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഓട്ടോമേഷന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനങ്ങളുടെ സമഗ്ര ശാക്തീകരണം ലക്ഷ്യമിട്ടു തുടങ്ങിയ സ്റ്റാര്‍ട്ടപ്പാണ് ഓട്ടോനെക്‌സ്റ്റ് ഓട്ടോമേഷന്‍. കാര്‍ഷിക മേഖലയിലെ വിപഌവത്തിന് തുടക്കമിട്ടുകൊണ്ട് ഇവര്‍ വികസിപ്പിച്ച സെല്‍ഫ് ഡ്രൈവിംഗ് ഇലക്ട്രിക് ട്രാക്റ്ററാണ് ഇപ്പോള്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധേയമായിരിക്കുന്നത്. ലോകത്തില്‍ തന്നെ ആദ്യമായി വികസിപ്പിച്ചിരിക്കുന്ന സെല്‍ഫ് ഡ്രൈവിംഗ് ഇലക്ട്രിക് ട്രാക്റ്ററാണ് ഇത്.

കാര്‍ഷിക മേഖലയില്‍ ഓട്ടോമാറ്റിക് വിപ്ലവം

രണ്ടു വര്‍ഷം മുമ്പ് മുംബൈ ആസ്ഥാനമായി തുടങ്ങിയ ഓട്ടോനെക്‌സ്റ്റിന്റെ അമരക്കാരന്‍ കൗസ്തുഭ് ഡോണ്‍ഡെയാണ്. ഒട്ടും തന്നെ ഫ്യുവല്‍ ആവശ്യമില്ലാതെ പൂര്‍ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാക്റ്ററിന്റെ കണ്ടുപിടുത്തം ഓട്ടോനെക്‌സ്റ്റിന്റെ ഇന്നൊവേറ്റീവ് പരീക്ഷണങ്ങളില്‍ ഏറ്റവും മികച്ചതായാണ് വിലയിരുത്തപ്പെടുന്നത്.

ട്രാക്റ്ററിന്റെ നിര്‍മാണത്തിലേക്ക് നയിച്ച ആശയം വളരെ രസകരമാണ്. മഹാരാഷ്ട്രയിലെ വായ് സ്വദേശിയായ കൗസ്തുഭ് കോളെജില്‍ എന്‍ജിയറിംഗിന് പഠിക്കുന്ന കാലത്താണ് ഈ ആശയം ഉദിക്കുന്നത്. ഒരിക്കല്‍ അദ്ദേഹത്തിന്റെ ബന്ധു തന്റെ ട്രാക്റ്റര്‍ വില്‍ക്കുന്നത് കാണാനിടയായതും അതിന്റെ കാരണവും മനസിലാക്കിയാണ് ട്രാക്റ്ററിനെ ഈ ശനിദശയില്‍ നിന്നും മോചിപ്പിക്കണമെന്ന് തോന്നിത്തുടങ്ങിയത്. എല്ലാ വര്‍ഷവും ട്രാക്റ്ററിനു വേണ്ടി വരുന്ന അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും മുന്‍നിര്‍ത്തിയാണ് കൃഷിക്കാരനായ അദ്ദേഹം ട്രാക്റ്റര്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. ട്രാക്റ്റര്‍ അഭിമുഖീകരിക്കുന്ന ഈ സാഹചര്യത്തിന് പരിഹാരം കാണുകയായിരുന്നു കൗസ്തുഭിന്റെ പിന്നീടുള്ള ലക്ഷ്യം. വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം സംരംഭത്തിലൂടെ അതിനു കഴിഞ്ഞിരിക്കുന്നു. ഒരു ഡസനോളം വരുന്ന ഓട്ടോനെക്‌സ്റ്റിലെ എന്‍ജിനീയര്‍മാരും ഈ നവീന കണ്ടുപിടിത്തത്തിനായി കൗസ്തുഭിനൊപ്പം അണിനിരന്നിരുന്നു.

വലിയ തോതിലുള്ള അറ്റകുറ്റപ്പണികള്‍ ഡീസല്‍ ട്രാക്റ്ററുകള്‍ക്ക് സാധാരണഗതിയില്‍ അംഗീകരിക്കപ്പെട്ട പൊതു സ്വഭാവമാണ്. മാത്രവുമല്ല ഇതുപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന വൈബ്രേഷന്‍ മൂലം കര്‍ഷകര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. ഇക്കാരങ്ങളാണ് ഓട്ടോനെക്‌സ്റ്റിലൂടെ ഇലക്ട്രിക് ട്രാക്റ്റര്‍ പുറത്തിറക്കാന്‍ കൗസ്തുഭിനും സംഘത്തിനും പ്രചോദനം നല്‍കിയത്. പരമ്പരാഗത ശൈലിയിലുള്ള ട്രാക്റ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും മറ്റും ചെലവ് വളരെ കൂടുതലാണ്. വളരെ നൈപുണ്യമുള്ള ഡ്രൈവര്‍മാരെയും ഇതിനാവശ്യമായി വരുന്നു. മികച്ച ഡ്രൈവര്‍മാരെ കണ്ടെത്തി ഭീമമായ തുക നല്‍കി ജോലിക്കിറക്കാന്‍ ഇന്ത്യയിലെ മിക്ക കര്‍ഷകര്‍ക്കും കഴിയാറില്ല. എന്നാല്‍ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ കഴിവുള്ള സെല്‍ഫ്‌ഡ്രൈവ് ട്രാക്റ്ററാണ് ഓട്ടോനെക്‌സ്റ്റ് പുറത്തിറക്കിയിരിക്കുന്നത്.

ഇലക്ട്രിക് ട്രാക്റ്ററിന്റെ തുടക്കം

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഇലക്ട്രിക് ട്രാക്റ്ററിന്റെ രൂപകല്‍പ്പനയ്ക്ക് കൗസ്തുഭും കൂട്ടരും തുടക്കമിട്ടത്. ആദ്യം വാടകയ്ക്ക് ഒരു ട്രാക്റ്റര്‍ എടുത്ത് അതില്‍ ഓട്ടോണമസ് കിറ്റ് ഘടിപ്പിപ്പിച്ച് പരീക്ഷണം തുടങ്ങി. പിന്നീട് ഒരു പഴയ ട്രാക്റ്റര്‍ സ്വന്തമാക്കി അതിനെ ഇലക്ട്രിക്, ഓട്ടോണമസ് ട്രാക്റ്ററിലേക്ക് രൂപാന്തരപ്പെടുത്തി പരീക്ഷണം ആവര്‍ത്തിച്ചു. 10 പേരടങ്ങുന്ന സംഘം രണ്ടു വര്‍ഷത്തിനുള്ളില്‍ ട്രാക്റ്റര്‍ ഉപയോഗയോഗ്യമാക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. റോഡുകളില്‍ സാധാരണ ഇലക്ട്രിക് വാഹനമായി ഓടിക്കാവുന്ന ട്രാക്റ്റര്‍ കൃഷിയിടത്തില്‍ മാത്രമാണ് സ്വയം നിയന്ത്രിത വാഹനമായി (ഓട്ടോണമസ്) ഉപയോഗിക്കാനാവുക. മൂന്നു മണിക്കൂര്‍ ബാറ്ററി ചാര്‍ജ് ചെയ്താല്‍ പത്ത് മണിക്കൂറോളം ഏകദേശം 200 കിലോമീറ്റര്‍ പരിധിയില്‍ വാഹനമോടിക്കാമെന്നും കൗസ്തുഭ് പറയുന്നു.

ഒരു തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 50 യൂണിറ്റ് വൈദ്യുതി മാത്രമേ ട്രാക്റ്ററിന്റെ പ്രവര്‍ത്തനത്തിന് വേണ്ടിവരൂ. മാത്രമല്ല മറ്റ് പരമ്പരാഗത ട്രാക്റ്ററുകളുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍, ഡീസല്‍ ട്രാക്റ്ററുകളുടെ പ്രവര്‍ത്തനത്തിനായി വേണ്ടിവരുന്നതിന്റെ 25ശതമാനം ചെലവ് മാത്രമേ ഈ ഇലക്ട്രിക് ട്രാക്റ്ററിന് ആവുകയുള്ളൂ

സ്വയം നിയന്ത്രിക്കാന്‍ ശേഷിയുള്ള സംവിധാനം ഈ ട്രാക്റ്ററിന്റെ സവിശേഷതകളില്‍ ഒന്നുമാത്രമാണ്. ട്രാക്റ്റര്‍ ഉപയോഗിക്കുന്ന കൃഷിയിടം പൂര്‍ണമായും വിര്‍ച്വല്‍ ജിയോഗ്രഫിക് ബൗണ്ടറിയില്‍ (ജിയോഫെന്‍സ്ഡ് ) ആയിരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇതുവഴി ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനിലൂടെ ട്രാക്റ്ററിനെ ഒരു ടാബ്‌ലെറ്റുമായി ബന്ധിപ്പിച്ച് നമ്മുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിപ്പിക്കാനും കഴിയും. നിലം ഉഴുന്നതിനും, ടൈലിംഗിനും വെള്ളം നനയ്ക്കാനുമെല്ലാം ഇതുപയോഗിക്കാനാകുമെന്നും കൗസ്തുഭ് പറയുന്നു. കൃഷിയിടം ജിയോഫെന്‍സ്ഡ് ആയതിനാല്‍ ട്രാക്റ്റര്‍ നിര്‍ദിഷ്ട കൃഷിയിടത്തില്‍ പ്രവേശിക്കുന്നതും പുറത്തു പോകുന്നതും അറിയാനാകും. മാത്രമല്ല ബൗണ്ടറി കൃത്യമായി സെറ്റ് ചെയ്യാനും കഴിയും.

കര്‍ഷകരുടെ ജോലിഭാരവും ചെലവും കുറയും

പൂര്‍ണമായും ഇലക്ട്രിക് ആയതിനാല്‍ ട്രാക്റ്ററിന്റെ ചെലവും മറ്റും കര്‍ഷകര്‍ക്ക് താങ്ങാനാകുമോ എന്നതിലും ആശങ്ക വേണ്ട. ഒരു തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 50 യൂണിറ്റ് വൈദ്യുതി മാത്രമേ ഇതിനു വേണ്ടിവരൂ. മാത്രമല്ല മറ്റ് പരമ്പരാഗത ട്രാക്റ്ററുകളുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍ ഡീസല്‍ ട്രാക്റ്ററുകളുടെ പ്രവര്‍ത്തനത്തിനായി വേണ്ടിവരുന്നതിന്റെ 25ശതമാനം ചെലവ് മാത്രമേ ഈ ഇലക്ട്രിക് ട്രാക്റ്ററിന് ആവുകയുള്ളൂ. അതിനാല്‍ ചെലവ് മാറ്റി നിര്‍ത്തി കര്‍ഷകര്‍ക്ക് പണം നിക്ഷേപമാക്കി വെക്കാന്‍ ഇതുവഴി കഴിയും- കൗസ്തുഭ് പറയുന്നു. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഡീസല്‍ വിലയില്‍ നിന്നും തൊഴിലാളി ക്ഷാമത്തില്‍ നിന്നുമെല്ലാം കര്‍ഷകരെ തീര്‍ത്തും പിന്തുണയ്ക്കുന്ന ഒന്നാണ് ഈ സെല്‍ഫ് ഡ്രൈവ് ഇലക്ട്രിക് ട്രാക്റ്റര്‍.

റോഡുകളില്‍ സാധാരണ ഇലക്ട്രിക് വാഹനമായി ഓടിക്കാവുന്ന ട്രാക്റ്റര്‍ കൃഷിയിടത്തില്‍ മാത്രമാണ് സ്വയം നിയന്ത്രിത വാഹനമായി (ഓട്ടോണമസ്) ഉപയോഗിക്കാനാവുക. മൂന്നു മണിക്കൂര്‍ ബാറ്ററി ചാര്‍ജ് ചെയ്താല്‍ പത്ത് മണിക്കൂറോളം ഏകദേശം 200 കിലോമീറ്റര്‍ പരിധിയില്‍ വാഹനമോടിക്കാനാകും

ലിഥിയം വേരിയന്റ് ബാറ്ററികളാണ് ട്രാക്റ്ററില്‍ ഉപയോഗിക്കുന്നത്. കൃത്യതയാര്‍ന്ന അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ 10 മുതല്‍ 12 വര്‍ഷം വരെ ഈ ബാറ്ററികള്‍ സുഗമമമായി പ്രവര്‍ത്തിക്കും. പരസ്ഥിതി സൗഹാര്‍ദമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നിലവില്‍ പിന്തുണ നല്‍കി വരുന്ന സര്‍ക്കാര്‍ നവീന രീതിയിലുള്ള ഈ ട്രാക്റ്റര്‍ കര്‍ഷകര്‍ക്കിടയില്‍ വ്യാപകമാകുന്നതിന് സഹായകമായ രീതിയില്‍ പ്രവര്‍ത്തിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. ട്രാക്റ്ററിന്റെ അവസാന പ്രോട്ടോടൈപ്പ് ഡിസൈന്‍ നിര്‍മാണത്തിനായി പുതിയ നിക്ഷേപ സമാഹരണത്തിനു ശ്രമിക്കുകയാണിപ്പോള്‍ കമ്പനി.

ട്രാക്റ്ററിലെ ഓട്ടോമേഷനു പുറമെ വാട്ടര്‍ പമ്പ് ഓട്ടോമേഷന്‍, ഹോം ഓട്ടോമേഷന്‍ എന്നിങ്ങനെ വിവിധ പ്രോജക്റ്റുകളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ ഈ യുവ സംരംഭകന്‍. സാങ്കേതിക വിദ്യയിലൂടെ കര്‍ഷകരുടെ ജോലിഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ഈ പുതിയ പരീക്ഷണം അധികം വൈകാതെ തന്നെ നമ്മുടെ കൃഷിയിടങ്ങള്‍ കീഴടക്കുമെന്നു പ്രതീക്ഷിക്കാം.

Comments

comments