ജര്‍മ്മനിയില്‍ ഔഡി എ6 ഉല്‍പ്പാദനം നിര്‍ത്തി

ജര്‍മ്മനിയില്‍ ഔഡി എ6 ഉല്‍പ്പാദനം നിര്‍ത്തി

ബഹിര്‍ഗമന പരിശോധന ഫലങ്ങളില്‍ തട്ടിപ്പ് നടത്തുന്നതിന് സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ചതായി സംശയം

ഹാംബര്‍ഗ് : ഔഡി എ6 മോഡലിന്റെ ഉല്‍പ്പാദനം ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ നിര്‍ത്തി. കാറിന്റെ ബഹിര്‍ഗമന പരിശോധന ഫലങ്ങളില്‍ കൃത്രിമം നടത്തുന്നതിന് പ്രത്യേക സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ചതായി സംശയം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണം നടക്കുകയാണ്. ഇതിനിടയിലാണ് ജര്‍മ്മന്‍ കമ്പനിയുടെ തീരുമാനം പുറത്തുവന്നത്. അറുപതിനായിരത്തോളം ഔഡി കാറുകളില്‍ നിയമവിരുദ്ധമായി പുതിയ ഉപകരണം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്നതായി ജര്‍മ്മന്‍ ഗതാഗത മന്ത്രി പറഞ്ഞു. ഈ കാറുകളില്‍ പകുതിയോളം ഓടുന്നത് ജര്‍മ്മനിയിലെ നിരത്തുകളിലാണ്. ഡീസല്‍ഗേറ്റ് വിവാദത്തില്‍നിന്ന് ഔഡിയുടെ മാതൃ കമ്പനിയായ ഫോക്‌സ്‌വാഗണ്‍ ഇനിയും മുക്തരായിട്ടില്ല. ഇതിനിടയിലാണ് പുതിയ സംഭവവികാസങ്ങള്‍.

നിലവിലെ ഔഡി എ6 മോഡലിന്റെ ജീവിതചക്രത്തിലെ അവസാന 2,400 കിലോമീറ്ററില്‍ ആഡ്ബ്ലൂ എന്ന പൊല്ലൂഷന്‍ ക്ലീനിംഗ് ദ്രാവകത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനാണ് ഔഡി തെറ്റായ മാര്‍ഗ്ഗം സ്വീകരിച്ചത്. കാറില്‍ സ്ഥാപിച്ച പ്രത്യേക സോഫ്റ്റ്‌വെയറിന് ഇത്തരത്തില്‍ ആഡ്ബ്ലൂ ലിക്വിഡിന്റെ ഉപയോഗം കുറയ്ക്കാന്‍ കഴിയുമെന്ന് ജര്‍മ്മന്‍ വാര്‍ത്ത വാരികയായ ഷ്പീഗല്‍ റിപ്പോര്‍ട്ട് ചെയ്തു. കാറിന് പഴക്കം ചെല്ലുന്തോറും സാധാരണ സര്‍വീസ് സമയങ്ങളില്‍ ഉടമകള്‍ക്ക് ഔഡി എ6 കാറുകളില്‍ ആഡ്ബ്ലൂ വീണ്ടും നിറയ്‌ക്കേണ്ടതായി വരില്ല. ഈ സമയങ്ങളില്‍ കാറിന്റെ എക്‌സ്‌ഹോസ്റ്റ് വഴി പുറത്തുവരുന്ന നൈട്രജന്‍ ഓക്‌സൈഡ് മാരകമാകും. ഡീസല്‍ കാറുകള്‍ കൂടുതലായി വായു മലിനീകരണം നടത്തുന്നതിനാണ് ഇത് ഇടവരുത്തുന്നത്.

ഇത്തരം സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ച ഔഡി കാറുകള്‍ ജര്‍മ്മന്‍ നിരത്തുകളില്‍നിന്ന് തിരിച്ചുവിളിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഷ്പീഗല്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സ്വന്തം നാടായ ജര്‍മ്മനിയില്‍ ഔഡി എ6 മോഡലിന്റെ ഉല്‍പ്പാദനം നിര്‍ത്തിവെച്ചു. ജര്‍മ്മനിയിലെ ഫെഡറല്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയായ കെബിഎ ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഗതാഗത മന്ത്രി അറിയിച്ചു. അറുപതിനായിരത്തോളം വരുന്ന ഔഡി എ6, എ7 മോഡലുകളില്‍ കൃത്രിമ ഉപകരണം സ്ഥാപിച്ചതായാണ് സംശയിക്കുന്നത്. ഇതില്‍ 33,000 കാറുകള്‍ ജര്‍മ്മനിയിലെ നിരത്തുകളില്‍ തലങ്ങും വിലങ്ങും പായുകയാണ്. ജര്‍മ്മന്‍ കാര്‍ വ്യവസായത്തെ ഇതാദ്യമല്ല ആഡ്ബ്ലൂ വിവാദം പിടിച്ചുലയ്ക്കുന്നത്. സമാനമായ ദുഷ്പ്രവൃത്തി ചെയ്തുവെന്ന് ഫെബ്രുവരിയില്‍ സമ്മതിച്ചതിനെതുടര്‍ന്ന് ഡയ്മ്‌ലറും ഫോക്‌സ്‌വാഗണും വാഹനം തിരിച്ചുവിളിക്കല്‍ ഭീഷണി നേരിടുകയാണ്.

ഫെഡറല്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയായ കെബിഎ അന്വേഷണം ആരംഭിച്ചതായി ജര്‍മ്മന്‍ ഗതാഗത മന്ത്രി അറിയിച്ചു

2015 ല്‍ ഫോക്‌സ്‌വാഗണ്‍ നടത്തിയ ഡീസല്‍ഗേറ്റ് തട്ടിപ്പും ഇപ്പോഴത്തെ ആഡ്ബ്ലൂ വിവാദവും തമ്മില്‍ വ്യത്യാസമുണ്ട്. ലോകത്താകമാനം 11 മില്യണ്‍ ഡീസല്‍ കാറുകളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ചിരുന്നതായാണ് ഫോക്‌സ്‌വാഗണ്‍ സമ്മതിച്ചത്. വാഹനത്തിന്റെ മലിനീകരണ പരിശോധനകള്‍ നടക്കുന്നത് തിരിച്ചറിയാനും അതനുസരിച്ച് മലിനീകരണം കുറയ്ക്കാനും കഴിയുന്നതായിരുന്നു ഈ സോഫ്റ്റ്‌വെയര്‍. എന്നാല്‍ ലാബിന് പുറത്ത് പൊതു നിരത്തുകളില്‍ അനുവദനീയമായതിനേക്കാള്‍ നാല്‍പ്പത് മടങ്ങ് അധികം വിഷ വാതകങ്ങളാണ് ഈ കാറുകള്‍ പുറന്തള്ളിയിരുന്നത്. സ്വന്തം ബ്രാന്‍ഡിന്റെ പ്രതിച്ഛായ മാത്രമല്ല, ഔഡി, പോര്‍ഷെ, സ്‌കോഡ, സീറ്റ് തുടങ്ങിയ ബ്രാന്‍ഡുകളെയും ഡീസല്‍ഗേറ്റ് വിവാദം ബാധിച്ചു. പിഴയും നഷ്ടപരിഹാരവും മറ്റുമായി 25 ബില്യണ്‍ യൂറോയാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ചെലവഴിച്ചത്. നാട്ടിലും വിദേശത്തും നിയമ നടപടികള്‍ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നു.

Comments

comments

Categories: Auto