100 ദിവസത്തിനുള്ളില്‍ നൂറു ശതമാനം റീഫണ്ട്

100 ദിവസത്തിനുള്ളില്‍ നൂറു ശതമാനം റീഫണ്ട്

ആഴ്ചയിലെ എല്ലാ ദിവസവും സണ്‍ഡെ എന്നപോലെ സുഖനിദ്ര നല്‍കുമെന്നാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്‍ഡെ മാട്രസിന്റെ അവകാശവാദം. ആധുനിക സാങ്കേതിക വിദ്യയും അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റുകളുമായി ചുരുങ്ങിയ കാലത്തിനുള്ളില്‍ ടെക്കികള്‍ക്കിടയില്‍ ശ്രദ്ധേയമായിരിക്കുകയാണ് ഈ സംരംഭം

ഞായര്‍ എന്നു കേള്‍ക്കുമ്പോഴേ ഒട്ടുമിക്കരിലും അവധി എന്നതാണ് ആദ്യം ഓര്‍മയിലെത്തുക. സുഖമായി ഉറങ്ങാമെന്ന ചിന്തയാണ് പിന്നീടുള്ള സന്തോഷം. ഉറക്കത്തിന്റെ സുഖം ഞായര്‍ ദിവസത്തില്‍ അല്‍പം അധികമായതുകൊണ്ടാവാം ഈ സ്റ്റാര്‍ട്ടപ്പിന്റെ പേര് തന്നെ സണ്‍ഡെ എന്നാണ്. അന്തര്‍ദേശീയ സര്‍ട്ടിഫിക്കറ്റോടുകൂടിയ മെത്തകളും പില്ലോകളും വിതരണം ചെയ്യുന്ന ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്റ്റാര്‍ട്ടപ്പാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്‍ഡെ.

മാനവരാശിക്ക് ഉപയോഗപ്രദമായ എല്ലാ തലങ്ങളിലേക്കും സാങ്കേതിക വിദ്യ കടന്നുകയറിയിട്ടുണ്ട്. ഇപ്പോഴിതാ ഉറക്കത്തിലേക്കും. സുഖമായി ഉറങ്ങാന്‍ സഹായിക്കുന്ന മെത്തകളുടെ രൂപത്തിലാണെന്നു മാത്രം. ഇന്ത്യയിലെ പൂന്തോട്ടനഗരം എന്നു വിളിപ്പേരുള്ള ബെംഗളൂരുല്‍ പ്രവര്‍ത്തിക്കുന്ന ഈ സംരംഭം സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ച മെത്തകള്‍ വഴി എല്ലാ ദിവസം ഞായര്‍ എന്ന പോലെ ഉപഭോക്താക്കളെ ഉറങ്ങാന്‍ സഹായിക്കുമെന്നാണ് അവകാശപ്പെടുന്നത്. ആന്ധ്രാപ്രദേശിലെ മദനപല്ലെ സ്വദേശിയായ അല്‍ഫോണ്‍സ് റെഡ്ഡി 2015 ലാണ് സണ്‍ഡെയ്ക്കു തുടക്കമിടുന്നത്. പിലാനി ബിഐടിഎസ് (ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ് ടെക്‌നോളജി ആന്‍ഡ് സയന്‍സ്), ഫ്രാന്‍സിലെ ഇന്‍സീഡ് ബിസിനസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് അല്‍ഫോണ്‍സ് സംരംഭക മേഖലയിലേക്ക് പ്രവേശിക്കുന്നത്. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സ്വരൂപിച്ച 40 ലക്ഷം രൂപയുടെ പ്രാഥമിക നിക്ഷേപത്തിലാണ് സണ്‍ഡെയുടെ തുടക്കം.

കട്ടിലിന്റെ വിലയല്ല, മെത്തയുടെ ഗുണമാണ് പ്രധാനം

ഇന്ത്യക്കാര്‍ ഏറെ വില കൊടുത്ത് കട്ടിലുകള്‍ വീടുകളിലേക്ക് വാങ്ങുന്നവരാണ്. തേക്ക്, മഹാഗണി, സ്റ്റീല്‍ എന്നിങ്ങനെ നീളുന്നു അവരുടെ ഇഷ്ട നിരകള്‍. എന്നാല്‍ ഇവയിലൊന്നുമല്ല അവയ്ക്കു മീതെ ഇടുന്ന മെത്തയിലാണ് ഉറക്കത്തിന്റെ സുഖമെന്ന് അല്‍ഫോണ്‍സ് പറയുന്നു. മെത്ത തയാറാക്കാന്‍ എടുത്തിരിക്കുന്ന മെറ്റീരിയല്‍, സ്പ്രിംഗ്, അതിന്റെ വീതി എന്നിവയെ ആശ്രയിച്ചാണ് ഗുണമേന്‍മ നിശ്ചയിക്കപ്പെടുന്നത്. മുതിര്‍ന്ന ആളുകള്‍ കൂടുതലും കാഠിന്യമേറിയ മെത്തകള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ യുവതലമുറ പരീക്ഷണത്തിന് തയാറാണ്- അല്‍ഫോണ്‍സ് പറയുന്നു. 100 ദിവസത്തിനുള്ളില്‍ നൂറു ശതമാനം റീഫണ്ട് നല്‍കുന്നു എന്നതാണ് കമ്പിനിയുടെ ഹൈലൈറ്റ്. 9,999 രൂപ മുതല്‍ 49,999 രൂപ വരെയാണ് മെത്തകളുടെ വില.

സണ്‍ഡെയുടെ മെത്തകള്‍ യൂറോപ്യന്‍ സ്റ്റാന്റേര്‍ഡ് പ്രകാരം തയാറാക്കപ്പെട്ടിട്ടുള്ളതാണ്. കാന്‍സറിന് കാരണമാകുന്ന തരത്തിലുള്ള യാതൊരു വസ്തുക്കളും മെത്ത നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടില്ല. മാത്രവുമല്ല ജര്‍മനിയില്‍ നിന്നുള്ള എല്‍ജിഎ സര്‍ട്ടിഫിക്കറ്റും ഇവര്‍ കരസ്ഥമാക്കിയിട്ടുണ്ട്

അന്തരാഷ്ട്ര നിലവാരത്തിലുള്ള മെത്തകള്‍

സണ്‍ഡെയുടെ മെത്തകള്‍ യൂറോപ്യന്‍ സ്റ്റാന്റേര്‍ഡ് പ്രകാരം തയാറാക്കപ്പെട്ടിട്ടുള്ളതാണ്. കാന്‍സറിന് കാരണമാകുന്ന തരത്തിലുള്ള യാതൊരു വസ്തുക്കളും മെത്ത നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടില്ല. മാത്രവുമല്ല ജര്‍മനിയില്‍ നിന്നുള്ള എല്‍ജിഎ സര്‍ട്ടിഫിക്കറ്റും ഇവര്‍ കരസ്ഥമാക്കിയിട്ടുണ്ട്. എത്ര നാളേക്ക് മെത്തയുടെ ഗുണനിലവാരമുണ്ട് എന്നതിനുള്ള സര്‍ട്ടിഫിക്കറ്റാണിത്. ഒന്നു മുതല്‍ 100 വരെ സൂചികയില്‍ 50 ആണ് സര്‍ഫിക്കറ്റ് നേടാനുള്ള കുറഞ്ഞ സംഖ്യ. ഈ സൂചികയില്‍ സണ്‍ഡെയ്ക്ക് ലഭിച്ചിരിക്കുന്നത് 99 ആണെന്നും അല്‍ഫോണ്‍സ് പറയുന്നു.

യുവാക്കളായ ടെക്കികളാണ് കൂടുതലായും സണ്‍ഡെയുടെ ഉപഭോക്താക്കള്‍. രണ്ടു വര്‍ഷത്തിനിടയില്‍ 25,000 മെത്തകള്‍ വിറ്റുപോയിരിക്കുന്നു. ഓണ്‍ലൈന്‍ വഴിയുള്ള റീട്ടെയ്ല്‍ വ്യാപാരത്തിനു പുറമെ ബെംഗളൂരില്‍ ഓഫ്‌ലൈന്‍ സ്റ്റോര്‍ വഴിയും ഇവര്‍ വിപണനം നടത്തുന്നുണ്ട്. ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡെല്‍ഹി എന്നിവിടങ്ങളില്‍ പുതിയ സ്റ്റോറുകള്‍ തുടങ്ങാനുള്ള പദ്ധതിയിലാണിപ്പോള്‍ കമ്പിനി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേഷന്‍ എന്നിവയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 15 അംഗ സംഘമാണ് സണ്‍ഡെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നത്. 2016-17 ല്‍ പ്രതിമാസ വരുമാനത്തില്‍ 10-15 ശതമാനം വരെ വര്‍ധനവ് കമ്പനി നേടിയിട്ടുണ്ട്. ഒരു വര്‍ഷം കൊണ്ടുതന്നെ ലാഭത്തിലെത്തിയതും ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറി വരുന്നതും ഒരു സംരംഭകന്‍ എന്ന നിലയില്‍ ഏറെ പ്രചോദനം നല്‍കുന്ന ഒന്നാണെന്നും അല്‍ഫോണ്‍സ് പറയുന്നു.

Comments

comments