81 മില്ല്യണ്‍ ഡോളറിന്റെ ഷോപ്പിംഗ് മാളുമായി നഖീല്‍

81 മില്ല്യണ്‍ ഡോളറിന്റെ ഷോപ്പിംഗ് മാളുമായി നഖീല്‍

അല്‍ നസര്‍ കള്‍ച്ചറല്‍ & സ്‌പോര്‍ട്‌സ് ക്ലബ്ബുമായി സഹകരിച്ചാണ് നഖീല്‍ ഈ പുതിയ റീട്ടെയ്ല്‍ പദ്ധതി നടപ്പാക്കുക

ദുബായ്: അല്‍ നസര്‍ കള്‍ച്ചറല്‍ & സ്‌പോര്‍ട്‌സ് ക്ലബ്ബുമായി ചേര്‍ന്ന് ദുബായിലെ അല്‍ കവനീജ് ജില്ലയില്‍ വമ്പന്‍ മാളിന് മാസ്റ്റര്‍ ഡെവലപ്പര്‍ നഖീല്‍ പദ്ധതിയിടുന്നു. 81 മില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കിലാണ് മാള്‍ വരുന്നത്. റീട്ടെയ്ല്‍, ഡൈനിംഗ്, എന്റര്‍ടെയ്ന്‍മെന്റ് എന്നിവയില്‍ അതുല്യ അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും പുതിയ മാള്‍ എന്ന് നഖീല്‍ അറിയിച്ചു.

മാളിന്റെ മൊത്തം ബില്‍റ്റപ്പ് ഏരിയ 775,000 ചതുരശ്രയടിയാണ്, ഇതില്‍ 330,000 ചതുരശ്രയടിയാണ് ലീസബിള്‍ സ്‌പേസ്. നഖീല്‍ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍ സബ്‌സിഡിയറി കമ്പനിയായ നഖീല്‍ മാള്‍സാണ് പുതിയ പദ്ധതിയും മാനേജ് ചെയ്യുക. 700 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സ്‌പേസ് ഗ്രൗണ്ട്ഫ്‌ളോറിലുണ്ടാകും. ഷോപ്പുകള്‍, റെസ്റ്ററന്റുകള്‍, എന്റര്‍ടെയ്ന്‍മെന്റ് ഔട്ട്‌ലെറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റ്, സിനിമ കോംപ്ലക്‌സ്, ഫിറ്റ്‌നെസ് സെന്റര്‍, ഫണ്‍സോണ്‍, ഫുഡ് കോര്‍ട്ട് തുടങ്ങി എല്ലാവിധ സൗകര്യങ്ങളും മാളിലുണ്ടാകുമെന്ന് നഖീല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മേഖലയിലെ ഏറ്റവും പ്രമുഖമായ സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍ കേന്ദ്രത്തെയും ഏറ്റവും വലിയ റീട്ടെയ്ല്‍ ഡെവലപ്പറെയും ഒന്നിമിപ്പിക്കുന്നതാണ് പുതിയ മാള്‍ എന്ന് നഖീല്‍ ചെയര്‍മാന്‍ അലി റഷിദ് ലൂട്ട പറഞ്ഞു.

കഴിഞ്ഞ മാസമാണ് ദുബായ്ക്ക് പുറത്തുള്ള തങ്ങളുടെ ആദ്യ പദ്ധതി നടപ്പാക്കുന്നതിനായി ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി നഖീല്‍ കരാറില്‍ ഒപ്പുവെച്ചത്

അല്‍ നസര്‍ ക്ലബ്ബുമായി സഹകരിക്കാന്‍ സാധിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. റീട്ടെയ്ല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ള ഞങ്ങളുടെ വിജയം ആവര്‍ത്തിക്കാനാണ് ഇതിലൂടെയും ലക്ഷ്യമിടുന്നത്. അല്‍ നസര്‍ ക്ലബ്ബുമായി സഹകരണം കൂടുതല്‍ അര്‍ത്ഥവത്തായി മാറുമെന്നാണ് കരുതുന്നത്-അദ്ദേഹം പറഞ്ഞു.

തങ്ങളുടെ വൈവിധ്യവല്‍ക്കരണ നയങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതിയുമായി സഹകരിക്കുന്നതെന്ന് അല്‍ നസര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് കമ്പനിയുടെ ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ഫര്‍ദാന്‍ പറഞ്ഞു.

കഴിഞ്ഞ മാസമാണ് ദുബായ്ക്ക് പുറത്തുള്ള തങ്ങളുടെ ആദ്യ പദ്ധതി നടപ്പാക്കുന്നതിനായി ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി നഖീല്‍ കരാറില്‍ ഒപ്പുവെച്ചത്. അല്‍ റഹ്മാനിയയിലെ റീട്ടെയ്ല്‍ സെന്ററിന് വേണ്ടിയായിരുന്നു അത്.

കഴിഞ്ഞ ദിവസമാണ് നഖീലിന്റെ ആദ്യ പാദഫലങ്ങള്‍ പുറത്തുവന്നത്. ആദ്യ മൂന്ന് മാസങ്ങളില്‍ 420 മില്ല്യണ്‍ ഡോളറിന്റെ അറ്റാദായമാണ് കമ്പനി നേടിയത്. 2017ലെ ആദ്യ പാദത്തെ അപേക്ഷിച്ച് അറ്റാദായത്തിലുണ്ടായത് 5 ശതമാനത്തിന്റെ വര്‍ധനയാണ്. റീട്ടെയ്ല്‍, ഹോസ്പിറ്റാലിറ്റി, റെസിഡന്‍ഷ്യല്‍ ലീസിംഗ് ബിസിനസുകള്‍ എല്ലാ തന്നെ മികച്ച പ്രകടനം നടത്തിയതായും കമ്പനി അറിയിച്ചിരുന്നു. ആദ്യ പാദത്തില്‍ ഉപഭോക്താക്കള്‍ക്ക് 200 യൂണിറ്റുകള്‍ പണിപൂര്‍ത്തിയാക്കി കൈമാറ്റം ചെയ്തു. 5 ബില്ല്യണ്‍ എഇഡി മൂല്യം വരുന്ന കോണ്‍ട്രാക്റ്റുകളും കഴിഞ്ഞ പാദത്തില്‍ നഖീല്‍ ഒപ്പുവെച്ചു. ദി പാം ടവര്‍, നഖീല്‍ മാള്‍, ദി പാം ഗേറ്റ് വേ, ദയ്‌റ ഐലന്‍ഡ്‌സ് നൈറ്റ് സൗക്ക്, ദയ്‌റ മാള്‍, സെന്റാര റിസോര്‍ട്ടുകള്‍ തുടങ്ങി നിരവധി പദ്ധതികളുടെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതിന്റെ കൂട്ടത്തിലേക്കാണ് ഇപ്പോള്‍ പുതിയ പദ്ധതി കൂടി വന്നിരിക്കുന്നത്.

Comments

comments

Categories: Arabia