പ്രതാപം വീണ്ടെടുക്കാന്‍ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍

പ്രതാപം വീണ്ടെടുക്കാന്‍ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍

വരും നാളുകളില്‍ വിവിധ മള്‍ട്ടി പര്‍പ്പസ് വാഹന മോഡലുകള്‍ പുറത്തിറങ്ങും

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വിപണിയില്‍ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ (എംപിവി) തിരിച്ചുവരവ് നടത്താനൊരുങ്ങുന്നു. പ്രതാപകാലം വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങളാണ് എംപിവി സെഗ്‌മെന്റില്‍ കാണുന്നത്. വിപണിയിലെ അനുകൂല അന്തരീക്ഷത്തോടൊപ്പം വരും നാളുകളില്‍ വിവിധ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ പുറത്തിറങ്ങും. കഴിഞ്ഞ 5-6 വര്‍ഷങ്ങളിലായി എംപിവികളുടെ വിപണി വിഹിതത്തില്‍ രണ്ട് ശതമാനത്തോളം ഇടിവ് കണ്ടെങ്കിലും മാരുതി സുസുകിയുടെയും മഹീന്ദ്രയുടെയും മറ്റ് വാഹന നിര്‍മ്മാതാക്കളുടെയും പുതിയ ലോഞ്ചുകള്‍ വിപണി വിഹിതം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി പുതു തലമുറ എര്‍ട്ടിഗ എംപിവി ഈ വര്‍ഷത്തെ ദീപാവലി നാളുകളില്‍ വിപണിയിലെത്തിക്കും. വാഗണ്‍ആര്‍ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കുന്ന മറ്റൊരു എംപിവിയും മാരുതിയില്‍നിന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയിലെ എംപിവി സെഗ്‌മെന്റ് കുറച്ചുനാളുകളായി റെനോ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. റെനോയുടെ കോംപാക്റ്റ് മള്‍ട്ടി പര്‍പ്പസ് വാഹനമായ ലോഡ്ജിയുടെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാന്‍ സാധ്യതയുണ്ട്. പുതിയ മോഡല്‍ എന്ന നിലയില്‍ പുറത്തിറക്കുന്ന ഈ 7 സീറ്റര്‍ എംപിവിയുടെ എതിരാളികള്‍ മാരുതി എര്‍ട്ടിഗ, ടൊയോട്ട ഇന്നോവ എന്നിവയായിരിക്കും. എംപിവി സെഗ്‌മെന്റിലെ ലീഡറായ ടൊയോട്ട തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍ ഇന്നോവയില്‍ മിനുക്കുപണികള്‍ നടത്തിയേക്കും.

പുതു തലമുറ എര്‍ട്ടിഗ എംപിവി ഈ വര്‍ഷത്തെ ദീപാവലി നാളുകളില്‍ മാരുതി സുസുകി വിപണിയിലെത്തിക്കും

വരുന്ന ഉത്സവ സീസണില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓള്‍-ന്യൂ എംപിവി അവതരിപ്പിക്കും. നിലവില്‍ ബൊലേറോ, സ്‌കോര്‍പിയോ, എക്‌സ്‌യുവി500 എന്നിവയാണ് യൂട്ടിലിറ്റി വാഹന സെഗ്‌മെന്റില്‍ വില്‍ക്കുന്നത്.

Comments

comments

Categories: Auto