രാജ്യാന്തര പ്രവാസം പോലെ തന്നെ സജീവമായി നടന്നുപോരുന്ന പ്രക്രിയകളിലൊന്നാണ് ദേശാന്തര കുടിയേറ്റവും. ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും പ്രാദേശികവാദത്തിന്റെയുമൊക്കെ കണ്ണിലൂടെയല്ലാതെ നോക്കിയാല്‍ കുടിയേറ്റത്തിന് ഗുണപരമായ ധാരാളം വശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ലേഖിക
തൊഴില്‍തേടി ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ സംസ്ഥാനങ്ങളുടെയും രാജ്യത്തിന്റെയാകെയും സാമ്പത്തിക ഉന്നമനത്തിന് നല്കുന്ന സംഭാവന വളരെ വലുതാണ്. രാജ്യത്ത് 50 ലക്ഷം മുതല്‍ 60 ലക്ഷം വരെ ആളുകള്‍ ഓരോ വര്‍ഷവും തൊഴില്‍തേടി അന്യദേശങ്ങളിലേക്ക് പോകുന്നുവെന്നാണ് കണക്ക്. രാജ്യത്തെ മൊത്തം ആഭ്യന്തര പ്രവാസികളുടെ എണ്ണം 130 ദശലക്ഷം വരുമെന്ന് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് ഇന്ത്യന്‍ ജനസംഖ്യയുടെ പത്ത് ശതമാനം വരും.
ഇത്രയധികം പേര് തൊഴില്‍തേടി ദേശാന്തരഗമനം നടത്തുന്നുവെന്നത് ദാരിദ്ര്യത്തിന്റെയും വികസനത്തിലെ അസന്തുലിതാവസ്ഥയുടെയും പ്രതിഫലനം മാത്രമായി കാണാനാകില്ല. തൊഴില്‍കുടിയേറ്റത്തിലൂടെ കൂടുതല്‍ വരുമാനം നേടാനും ജീവിതനിലവാരം കൂടുതല്‍ മെച്ചപ്പെടുത്താനും അവര്‍ക്ക് സാധിക്കുന്നുണ്ട്. വരുമാനത്തിലുണ്ടാകുന്ന വര്‍ധനവ് അവരുടെ ഭക്ഷണത്തില്‍ മുതല്‍ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ വരെ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുന്നു.
തൊഴിലിന്റെ ചലനാത്മകതയാണ് ഇതിന്റെ ഗുണപരമായ മറ്റൊരു ഘടകം. തൊഴില്‍ കുടിയേറ്റത്തിന്റെ ഫലമായി അതത് സംസ്ഥാനങ്ങളിലേക്കുള്ള പണത്തിന്റെ വരവിലുണ്ടാകുന്ന വര്‍ധന സാമൂഹ്യ വളര്‍ച്ചക്കും ദേശീയോദ്ഗ്രഥത്തിനും വരെ സഹായകമാകുന്നുണ്ട്.
1970 കളില്‍ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് വന്‍തോതില്‍ നടന്ന തൊഴില്‍ കുടിയേറ്റം ഇതിന് ഉദാഹരണമാണ്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഗള്‍ഫ് പ്രവാസികള്‍ നല്കിയ സംഭാവന വിലപ്പെട്ടതാണ്. അതേസമയം തന്നെ ഇത് കേരളത്തില്‍ ആവശ്യത്തിന് ജോലിക്കാരില്ലാത്ത സ്ഥിതിവിശേഷവും സൃഷ്ടിച്ചു. ഈ വിടവ് നികത്തിക്കൊണ്ടാണ് ബംഗാളില്‍ നിന്നും ബീഹാറില്‍ നിന്നും മറ്റും തൊഴിലാളികള്‍ കേരളത്തിലേക്ക് എത്തിയത്. രാജ്യത്തിന്റെ പലഭാഗങ്ങളില്‍, പല കാലങ്ങളില്‍ ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ബ്രിട്ടീഷുകാരുടെ കാലത്ത് അസമിലെ തേയിലത്തോട്ടങ്ങളിലേക്ക് ഛാര്‍ഖണ്ഡില്‍ നിന്നും ഒറീസയില്‍ നിന്നുമുണ്ടായ കുടിയേറ്റം, കുടിയേറ്റക്കാരുടെ പറുദീസയായ മുംബൈയിലേക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും നടന്ന പ്രവാസം എന്നിവയൊക്കെ ഇന്ത്യയുടെ വളര്‍ച്ചയുടെ ചരിത്രത്തിനൊപ്പം സംഭവിച്ചതാണ്. കുടിയേറ്റക്കാര്‍ക്കെതിരെ മുംബൈയില്‍ രാഷ്ട്രീയമായ പ്രാദേശിക പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമൊക്ക അരങ്ങേറാറുണ്ടെങ്കിലും പ്രക്ഷോഭത്തിന്റെ ചൂടാറുന്നതോടെ എല്ലാവരും ഒരുമിച്ചു ജോലി ചെയ്യുകയാണ് പതിവ്. മുംബൈ പോലൊരു നഗരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തദ്ദേശീയരെക്കൊണ്ടു മാത്രം സാധിക്കില്ലെന്നതാണ് ഇതിന് കാരണം.
തൊഴില്‍തേടിയുള്ള ദേശാന്തരഗമനം ദാരിദ്ര്യത്തിന്റെയും വികസന അസന്തുലിതാവസ്ഥയുടെയും പ്രതിഫലനം മാത്രമായി കാണാനാകില്ല. തൊഴില്‍കുടിയേറ്റത്തിലൂടെ കൂടുതല്‍ വരുമാനം നേടാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കുന്നുണ്ട്. വരുമാനത്തിലുണ്ടാകുന്ന വര്‍ധനവ് ഭക്ഷണത്തില്‍ മുതല്‍ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ വരെ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുന്നു.
തൊഴില്‍കുടിയേറ്റക്കാര്‍ പ്രാദേശികമായ തൊഴിലുകള്‍ തട്ടിയെടുക്കുന്നുവെന്നും കൂലി നിരക്ക് കുറയാന്‍ കാരണക്കാരാകുന്നുവെന്നും കുടിയേറിയ സംസ്ഥാനത്തിന്റെ വരുമാനവളര്‍ച്ച കുറക്കുന്നുവെന്നുമൊക്കെ വിശ്വസിക്കപ്പെടുന്നുണ്ട്. എന്നാല്‍ യാഥാര്‍ഥ്യം മറ്റൊന്നാണ്. തൊഴില്‍ ആവശ്യമായി വരുന്നിടങ്ങളിലേക്ക് മാത്രമാണ് കുടിയേറ്റം സംഭവിക്കുന്നത്. തൊഴില്‍ കുടിയേറ്റക്കാരുടെ സംസ്ഥാനങ്ങളില്‍ മനുഷ്യവിഭവശേഷിയുടെ കുറവിന്റെ ഫലമായി ഉല്പാദനക്ഷമത കുറയുകയും ചെയ്യുന്നുണ്ട്.
ഡല്‍ഹിയിലേക്ക് വന്‍തോതില്‍ കുടിയേറ്റം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ്. ഹിമാലയത്തിന്റെ മടിത്തട്ടിലുള്ള ഈ സംസ്ഥാനത്ത് തരിശായിക്കിടക്കുന്ന പാടശേഖരങ്ങളും പൂട്ടിക്കിടക്കുന്ന വീടുകളും ധാരാളമായി കാണാനാകുമെന്നത് കുടിയേറ്റത്തിന്റെ സങ്കീര്‍ണ വശങ്ങളിലൊന്നാണ്. എന്നാല്‍ ആശയവിനിമയ, ഗതാഗത വിപ്ലവങ്ങളുടെ ഈ കാലത്ത് യുവജനങ്ങള്‍ക്ക് കൃഷിയിടങ്ങളെ മാത്രം ആശ്രയിച്ച് മികച്ച ജീവിത സാഹചര്യങ്ങള്‍ നേടാനാകില്ലെന്ന യാഥാര്‍ഥ്യവും മുന്നിലുണ്ട്.
തൊഴിലിനും വിദ്യാഭ്യാസത്തിനുമായുള്ള സ്ത്രീകളുടെ പ്രവാസം 2001 ല്‍ നിന്ന് 2011 ല്‍ എത്തുമ്പോള്‍ 101 ശതമാനം വര്‍ധിച്ചു. പുരുഷ ശരാശരിയെക്കാള്‍ ഇരട്ടിയാണിത്. വ്യാപാരത്തിനു വേണ്ടിയുള്ള കുടിയേറ്റത്തിന്റെ തോതില്‍ പുരുഷന്മാരെ അപേക്ഷിച്ച് നാലിരട്ടിയുടെ വര്‍ധനവാണ് സ്ത്രീകളുടെ എണ്ണത്തിലുണ്ടായത്.
തൊഴില്‍കുടിയേറ്റം ദാരിദ്ര്യത്തിന്റെയും ദുരിതത്തിന്റെയും അടയാളമായി കാണുമ്പോള്‍ തന്നെ സമ്പദ് വ്യവസ്ഥക്ക് അത് നല്കുന്ന ഉത്തേജനം അംഗീകരിക്കപ്പെടാതെ പോകാന്‍ പാടില്ല.
(ലേബര്‍നെറ്റ് ഫൗണ്ടേഷന്റെ സിഇഒയും സഹസ്ഥാപകയുമാണ് ലേഖിക)
you're currently offline