ഏഷ്യാ പസഫിക്കില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

ഏഷ്യാ പസഫിക്കില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

മേഖലയിലെ ഏറ്റവും പ്രബല ശക്തിയായി യുഎസ് തുടരുന്നു

ന്യൂഡെല്‍ഹി: ഏഷ്യാ-പസഫിക് മേഖലയിലെ 25 രാജ്യങ്ങളില്‍ മൊത്തത്തിലുള്ള കരുത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ നാലാം സ്ഥാനത്തെന്ന് ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏഷ്യാ പവര്‍ ഇന്‍ഡക്‌സ് സൂചിക. ഭാവിയിലെ വമ്പനെന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും പ്രതിരോധ നെറ്റ്‌വര്‍ക്കുകളുടെയും സാമ്പത്തിക ബന്ധങ്ങളുടെയും സൂചകങ്ങളില്‍ ഇന്ത്യ പിന്നിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ഊര്‍ജ-സാമ്പത്തിക വിഭവങ്ങള്‍, സൈനിക ശേഷി, വീണ്ടെടുക്കല്‍ കഴിവ്, ഭാവി പ്രവണതകള്‍, നയതന്ത്ര സ്വാധീനം, സാമ്പത്തിക ബന്ധങ്ങള്‍, പ്രതിരോധ നെറ്റ്‌വര്‍ക്ക്, സാംസ്‌കാരിക സ്വാധീനം എന്നീ എട്ട് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരു രാജ്യത്തിന്റെ മൊത്തത്തിലുള്ള ശക്തി നിര്‍ണയിക്കുന്നത്.

‘ ജപ്പാനും ഇന്ത്യയും പ്രധാനപ്പെട്ട പവര്‍ സ്റ്റാറ്റസുകളിലാണ് ഉള്ളത്. ടോക്കിയോ സ്മാര്‍ട്ട് പവറാണെങ്കില്‍ ന്യൂഡെല്‍ഹി ഭാവിയിലെ വമ്പനാണ്’, റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2018ലെ റിപ്പോര്‍ട്ടിന്റെ പ്രധാന കണ്ടെത്തലുകളില്‍ ഒന്ന് മേഖലയിലെ ഏറ്റവും പ്രബല ശക്തിയായി യുഎസ് തുടരുന്നുവെന്നതാണ്. യുഎസിനൊപ്പം അതിവേഗം ഉയര്‍ന്നു വരുന്ന മറ്റൊരു ശക്തി ചൈനയാണ്. ലോകത്തിലെ നാല് വലിയ സമ്പദ്ഘടനകളില്‍ മൂന്നെണ്ണവും ഏഷ്യയിലാണ്. നാലെണ്ണത്തില്‍ യുഎസ് മാത്രമാണ് പസഫിക് മേഖലയില്‍ നിന്നുള്ളത്. 2025 ഓടെ ലോകത്തിലെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവുമുള്ളത് ഏഷ്യയിലായിരിക്കും. പത്തിലൊന്ന് മാത്രമായിരിക്കും പാശ്ചാത്യ മേഖലയിലുണ്ടാവുക.

സാമ്പത്തിക വിഭവങ്ങള്‍, സൈനിക ശേഷി,നയതന്ത്ര സ്വാധീനം എന്നീ അളവുകളില്‍ ഇന്ത്യ നാലാം സ്ഥാനത്തും വീണ്ടെടുക്കലില്‍ അഞ്ചാം സ്ഥാനത്തുമാണ്. സാംസ്‌കാരിക സ്വാധീനം, ഭാവി പ്രവണതകള്‍, എന്നിവയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണുള്ളത്. എന്നാല്‍ സാമ്പത്തിക ബന്ധങ്ങളില്‍ ഏഴാം സ്ഥാനത്തും പ്രതിരോധ നെറ്റ്‌വര്‍ക്കില്‍ 10-ാം സ്ഥാനത്തുമാണ് ഇന്ത്യയ്ക്ക് ഇടം നേടാനായത്.

മൊത്തം വിഭവങ്ങളില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണുള്ളതെന്നും മേഖലയിലെ അതിവേഗം വളരുന്ന സമ്പദ്ഘടനയാകാന്‍ രാജ്യം തയാറെടുത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 2016നും 2030നുമിടയില്‍ ഇന്ത്യ 169 ശതമാനം വളര്‍ച്ച നേടുമെന്ന പ്രതീക്ഷയാണ് റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നത്.

എട്ട് ഘടകങ്ങളില്‍ അഞ്ചെണ്ണത്തിലും യുഎസാണ് മുന്നില്‍. മൊത്തത്തിലുള്ള ശക്തിയില്‍ ചൈനയേക്കാള്‍ പത്ത് പോയ്ന്റ് മുന്നിലാണ് യുഎസ്. ഏഷ്യയിലെ ഏറ്റവും വലിയ സൈനിക ശക്തിയെന്ന സ്ഥാനം ചൈന നിലനിര്‍ത്തിയിട്ടുണ്ട്. സാമ്പത്തിക ബന്ധങ്ങളില്‍ യുഎസിനെ കടത്തിവെട്ടി ചൈന മുന്നേറിയിട്ടുണ്ട്. ട്രംപ് ഭരണകൂടവും അതിന്റെ വിദേശ നയങ്ങളും മൂലം യുഎസിന് മേഖലയിലെ നയതന്ത്ര സ്വാധീനം നഷ്ടമായെന്നും ഏഷ്യന്‍ മേഖലയിലെ യുഎസിന്റെ രാഷ്ട്രീയ നേതൃത്വം സംശയകരമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

റഷ്യ, ആസ്‌ട്രേലിയ, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ,തായ്‌ല്ന്‍ഡ്, ന്യൂസീലന്‍ഡ്, വിയറ്റ്‌നാം,പാക്കിസ്ഥാന്‍, തായ്‌വാന്‍, ഫിലിപ്പീന്‍സ്, ഉത്തര കൊറിയ എന്നിവയെ മധ്യ ശക്തികളായും ബംഗ്ലാദേശ്,ബ്രൂണൈ,മ്യാന്‍മര്‍, ശ്രീലങ്ക,കംമ്പോഡിയ,മംഗോളിയ,ലാവോസ്,നേപ്പാള്‍ എന്നീ രാജ്യങ്ങളെ ചെറു ശക്തികളായുമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Comments

comments

Categories: Slider, Top Stories