ഹോണ്ട ഡിയോ ഡീലക്‌സ് അവതരിപ്പിച്ചു

ഹോണ്ട ഡിയോ ഡീലക്‌സ് അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 53,292 രൂപ

ന്യൂഡെല്‍ഹി : ഡിയോ സ്‌കൂട്ടറിന്റെ പുതിയ ഡീലക്‌സ് വേരിയന്റ് ഹോണ്ട അവതരിപ്പിച്ചു. 53,292 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ബേസ് വേരിയന്റിനേക്കാള്‍ 3,000 രൂപ കൂടുതല്‍. അധിക തുക നല്‍കുമ്പോള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഓള്‍-ഡിജിറ്റല്‍ കണ്‍സോള്‍ എന്നീ ഫീച്ചറുകളാണ് ഹോണ്ട നല്‍കുന്നത്. ഡിയോ സ്‌കൂട്ടറുകളില്‍ ഈ രണ്ട് ഫീച്ചറുകളുടെയും അരങ്ങേറ്റമാണിത്. ഹോണ്ട ഗ്രാസിയ സ്‌കൂട്ടറിന് നല്‍കിയതുപോലെ 4-ഇന്‍-1 ഇഗ്നിഷന്‍ കീ ഡിയോ ഡീലക്‌സിനും ലഭിച്ചു. സീറ്റ് തുറക്കുന്നതിന് പ്രത്യേക സ്വിച്ചും നല്‍കി.

ഇതാദ്യമായി ഡിയോയുടെ സീറ്റിനടിയില്‍ ഓപ്ഷണല്‍ മൊബീല്‍ ചാര്‍ജിംഗ് പോയന്റ് ലഭിക്കും. ബേസ് വേരിയന്റിന്റെ അതേ സ്‌റ്റൈലിംഗ് തന്നെയാണ് പുതിയ വേരിയന്റിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഡീലക്‌സ് വേരിയന്റില്‍ സ്വര്‍ണ വര്‍ണത്തിലുള്ള റിം കാണാം. മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്, ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ രണ്ട് പുതിയ മാറ്റ് ഷേഡുകളില്‍ സ്‌കൂട്ടര്‍ ലഭിക്കും.

മെക്കാനിക്കല്‍ കാര്യങ്ങളില്‍ ഡിയോയുടെ സ്റ്റാന്‍ഡേഡ്, ഡീലക്‌സ് വേരിയന്റുകള്‍ തമ്മില്‍ മാറ്റമില്ല. ആക്റ്റിവ 5ജി യില്‍നിന്ന് കടമെടുത്ത 110 സിസി, എയര്‍ കൂള്‍ഡ് മോട്ടോറാണ് കരുത്തേകുന്നത്. 7.8 എച്ച്പി കരുത്തും 8.9 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ഈ എന്‍ജിന് കഴിയും. 130 എംഎം ഡ്രം യൂണിറ്റുകളാണ് രണ്ട് ചക്രങ്ങളിലും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. സിബിഎസ് (കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം) ഡിയോ ഡീലക്‌സ് വേരിയന്റില്‍ സ്റ്റാന്‍ഡേഡാണ്.

മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്, ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ മാറ്റ് ഷേഡുകളില്‍ സ്‌കൂട്ടര്‍ ലഭിക്കും

ജനപ്രീതിയാര്‍ജ്ജിച്ച ഹോണ്ട ഡിയോയുടെ ആകര്‍ഷകത്വം പിന്നെയും വര്‍ധിപ്പിക്കുന്നതാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന അധിക ഫീച്ചറുകള്‍. യമഹ റേ ഇസഡ്ആര്‍, ഹീറോ മാസ്‌ട്രോ എഡ്ജ്, സുസുകി ലെറ്റ്‌സ്, ടിവിഎസ് വീഗോ എന്നിവരോടാണ് ഹോണ്ട ഡിയോ ഡീലക്‌സ് മത്സരിക്കുന്നത്.

Comments

comments

Categories: Auto