ഒമാനിലും വരുന്നു ഐബിസ് സ്റ്റൈല്‍സ്

ഒമാനിലും വരുന്നു ഐബിസ് സ്റ്റൈല്‍സ്

280 റൂമുകളുള്ള ഹോട്ടലിനായി അക്കോര്‍ ഹോട്ടല്‍സും ഒമാന്‍ ടൂറിസം ഡെവലപ്‌മെന്റ് കമ്പനിയും കരാറില്‍ ഒപ്പുവെച്ചു

മസ്‌ക്കറ്റ്: അക്കോര്‍ ഹോട്ടല്‍സും ഒമാന്‍ ടൂറിസം ഡെവലപ്‌മെന്റ് കമ്പനിയും തമ്മില്‍ കൈകോര്‍ക്കുന്നു. ഐബിസ് സ്റ്റൈല്‍സ് ബ്രാന്‍ഡഡ് ഹോട്ടല്‍ ഒമാനില്‍ തുറക്കാനാണ് പുതിയ സഖ്യം. ആദ്യമായാണ് ഐബിസ് സ്റ്റൈല്‍സ് ബ്രാന്‍ഡ് ഒമാനിലെത്തുന്നുവെന്നതും സവിശേഷതയാണ്.

ഇക്കോണമി വിഭാഗത്തിലുള്ള 280 റൂം ഹോട്ടല്‍ മദിനത്ത് അല്‍ ഇര്‍ഫാനിലെ പുതിയ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിലായിരിക്കും സ്ഥിതി ചെയ്യുക. അക്കോര്‍ ഹോട്ടല്‍ ശൃംഖലയുടെ സാന്നിധ്യം പുതിയ ഐബിസ് ഹോട്ടലോടെ ഒമാനില്‍ അടയാളപ്പെടുത്തുകയാണ് ലക്ഷ്യം. 2020ല്‍ ഹോട്ടല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ.

ഒമാന്‍ ടൂറിസം ഡെവലപ്‌മെന്റ് കമ്പനിയാണ് ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്റര്‍ വികസിപ്പിച്ചിരിക്കുന്നത്. മീറ്റിംഗുകള്‍ക്കും കോണ്‍ഫെറന്‍സുകള്‍ക്കുമെല്ലാമുള്ള രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രമാണിത്. മൈസ് ടൂറിസത്തിന്റെ എല്ലാവിധ സാധ്യതകളും ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്.

നിലവില്‍ പ്രവര്‍ത്തിപ്പിക്കുന്നതും നിര്‍മാണഘട്ടത്തിലുള്ളതുമായി എട്ട് ഹോട്ടലുകള്‍ അക്കോറിന് ഒമാനിലുണ്ട്

ഒമാനില്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാകും ഐബിസ് സ്റ്റൈല്‍സ് ഹോട്ടല്‍. അവിടെ ഇത്തരത്തിലുള്ള ആദ്യത്തേതുമാണത്. ഒമാന്‍ ടൂറിസം ഡെവലപ്‌മെന്റ് കമ്പനിയുമായുള്ള ഞങ്ങളുടെ പങ്കാളിത്ത രാജ്യത്ത് പുതിയ അവസരങ്ങള്‍ തേടാന്‍ വിനിയോഗിക്കും. ടൂറിസം വികസനത്തിലേക്കും ഞങ്ങള്‍ ആവുന്നവിധം സംഭാവന ചെയ്യും. വലിയ പ്രതീക്ഷയാണ് പുതിയ പദ്ധതിയിലുള്ളത്-അക്കോര്‍ ഹോട്ടല്‍സ് മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക സിഇഒ ഒലിവിയര്‍ ഗ്രാനെറ്റ് പറഞ്ഞു.

ടൂറിസം ട്രാവല്‍ രംഗത്തെ സാധ്യതകള്‍ വിനിയോഗിക്കുന്നതിന്റെ ഭാഗമായാണ് അക്കോര്‍ ഹോട്ടല്‍സുമായുള്ള ഞങ്ങളുടെ പുതിയ പങ്കാളിത്തം. മേഖലയുടെ വികസനത്തിനായി ഈ പങ്കാളിത്തത്തിന്റെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തും-ഒമാന്‍ ടൂറിസം ഡെവലപ്‌മെന്റ് കമ്പനി സിഇഒ പീറ്റര്‍ വാലിച്ച്‌നൗസ്‌കി പറഞ്ഞു.

മിഡ് മാര്‍ക്കറ്റ് ഹോട്ടല്‍ കണ്‍സപ്റ്റ് എന്ന നിലയില്‍ ഐബിസ് വിജയകരമായ ഒരു ഇന്നൊവേറ്റിവ് ബ്രാന്‍ഡാണ്. മസ്‌ക്കറ്റില്‍ ഇതുവരെ ഉപയോഗപ്പുടത്താത്ത സാധ്യതകളിലേക്ക് ഇറങ്ങി ചെല്ലാന്‍ ഈ പങ്കാളിത്തം ഉപകരിക്കും. തദ്ദേശീയര്‍ക്കും വിദേശീയര്‍ക്കും ബിസിനസുകാര്‍ക്കും വിനോദം മാത്രം ആഗ്രഹിക്കുന്നവര്‍ക്കും എല്ലാം ഈ ബ്രാന്‍ഡ് വലിയ തോതില്‍ സ്വീകാര്യമാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ-പീറ്റര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ പ്രവര്‍ത്തിപ്പിക്കുന്നതും നിര്‍മാണഘട്ടത്തിലുള്ളതുമായി എട്ട് ഹോട്ടലുകള്‍ അക്കോറിന് ഒമാനിലുണ്ട്.

Comments

comments

Categories: Arabia