കൊഗ്നിസന്റിന്റെ അറ്റാദായം 6.64 % ഇടിഞ്ഞു

കൊഗ്നിസന്റിന്റെ അറ്റാദായം 6.64 % ഇടിഞ്ഞു

ബെംഗളുരു: മാര്‍ച്ച് പാദത്തില്‍ ഐടി കമ്പനിയായ കൊഗ്നിസന്റിന്റെ അറ്റാദായത്തില്‍ 6.64 ശതമാനം ഇടിവ് രേഖപ്പെടുത്തി. 520 മില്യണ്‍ ഡോളറാണ് 2018 മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ അറ്റാദായമായി കമ്പനി നേടിയത്. മുന്‍വര്‍ഷം മാര്‍ച്ച് പാദത്തില്‍ ഇത് 557 മില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ പാദത്തിലെ കമ്പനിയുടെ വരുമാനം 3.91 ബില്യണ്‍ ഡോളറാണ്. മുന്‍ വര്‍ഷം സമാന കാലയളവില്‍ നേടിയ 3.55 ബില്യണ്‍ ഡോളറില്‍ നിന്നും 10.45 ശതമാനം വളര്‍ച്ചയാണ് വരുമാനത്തില്‍ കമ്പനി രേഖപ്പെടുത്തിയത്.

2018 ആദ്യ പാദത്തില്‍ തങ്ങള്‍ മികച്ച സാമ്പത്തിക ഫലങ്ങള്‍ നേടിയെന്നും ഡിജിറ്റല്‍ സേവനങ്ങളിലേക്കും സൊലൂഷനുകളിലേക്കുമുള്ള മാറ്റം പുരോഗമിക്കുകയാണെന്നും കൊഗ്നിസന്റ് ചീപ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഫ്രാന്‍സിസ്‌കൊ ഡിസൂസ പറഞ്ഞു.സുസ്ഥിരമായ വരുമാന വളര്‍ച്ച കൈവരിക്കുന്നതിനും മാര്‍ജിനുകള്‍ വര്‍ധിപ്പിക്കുന്നതിനും തങ്ങളുടെ പദ്ധതിയുടെ ശക്തമായ നടപ്പിലാക്കല്‍ വ്യക്തമാക്കുന്നതാണ് ആദ്യ പാദത്തിലെ പ്രകടനമെന്ന് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ കരെന്‍ മക്‌ലൊഫീന്‍ പറയുന്നു. കൊഗ്നിസന്റിന്റെ ശക്തമായ ബാലന്‍സ് ഷീറ്റും പണമൊഴുക്കും ഭാവി വളര്‍ച്ചയ്ക്കായുള്ള നിക്ഷേപത്തെയും മൂലധന വരുമാനത്തെയും പ്രോല്‍സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം രണ്ടാം പാദത്തില്‍ 4-4.04 ബില്യണ്‍ ഡോളര്‍ വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് പാദത്തില്‍ 1400 ജീവനക്കാരെയാണ് കമ്പനി കൂട്ടിച്ചേര്‍ത്തത്. മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം കമ്പനിയിലെ മൊത്തം ജീവനക്കാരുടെ എണ്ണം 261,400 ആണ്. 2017 ഡിസംബര്‍ 31 വരെ ഇത് 2,60,000 ആയിരുന്നു.

Comments

comments

Categories: Business & Economy