സെല്‍ഫ് ഡ്രൈവിംഗ് പരീക്ഷണത്തിന് ടൊയോട്ട പ്രത്യേക നഗരം നിര്‍മ്മിക്കും

സെല്‍ഫ് ഡ്രൈവിംഗ് പരീക്ഷണത്തിന് ടൊയോട്ട പ്രത്യേക നഗരം നിര്‍മ്മിക്കും

ടൊയോട്ട ഗാര്‍ഡിയന്‍ സിസ്റ്റം പരീക്ഷിക്കുന്നതിന് ടൊയോട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് നഗരം പണിയുന്നത്

പ്ലേനോ, ടെക്‌സസ് : ഓട്ടോണമസ് വാഹനങ്ങള്‍ പരീക്ഷിക്കുന്നതിന് ടൊയോട്ട പ്രത്യേക നഗരം പണിയുന്നു. യഥാര്‍ത്ഥ നഗരങ്ങളിലെ ഗതാഗത സാഹചര്യങ്ങളും മറ്റ് പരിതസ്ഥിതികളുമെല്ലാം പുന:സൃഷ്ടിച്ചായിരിക്കും ‘ക്ലോസ്ഡ്’ നഗരം നിര്‍മ്മിക്കുന്നത്. പരീക്ഷണാര്‍ത്ഥം ഓടുന്ന ഓട്ടോണമസ് വാഹനങ്ങള്‍ക്ക് യഥാര്‍ത്ഥ നഗരങ്ങളിലേതുപോലെ അതിവേഗ ഹൈവേകളില്‍ പ്രവേശിക്കുന്നതിനും തിരക്കേറിയ നഗരങ്ങളിലൂടെ കടന്നുപോകുന്നതിനുമെല്ലാം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

ടൊയോട്ട ഗാര്‍ഡിയന്‍ സിസ്റ്റം പരീക്ഷിക്കുന്നതിനാണ് ടൊയോട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ടിആര്‍ഐ) പ്രത്യേക നഗരം നിര്‍മ്മിക്കുന്നത്. ഒട്ടാവ ലേക്കിലെ മിഷിഗണ്‍ ടെക്‌നിക്കല്‍ റിസോഴ്‌സ് പാര്‍ക്കില്‍ ഏകദേശം 60 ഏക്കര്‍ സ്ഥലത്ത് നഗരം ഉയരും. നിര്‍മ്മാണ അനുമതികള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞു. ഈ വര്‍ഷം ഒക്‌റ്റോബറോടെ പ്രവര്‍ത്തനസജ്ജമാകും. പൊതു നിരത്തുകളില്‍ നടത്തിയാല്‍ അപകടം വിളിച്ചുവരുത്താവുന്ന പരീക്ഷണങ്ങളാണ് പ്രത്യേക നഗരത്തില്‍ ടൊയോട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സുരക്ഷിതമായി നടത്തുന്നത്.

ടൊയോട്ട ഗാര്‍ഡിയന്‍ ഓട്ടോമേറ്റഡ് വാഹന മോഡ് പരീക്ഷിക്കുന്നതിനാണ് നഗരം നിര്‍മ്മിക്കുന്നതെന്ന് ടിആര്‍ഐ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് റയാന്‍ യൂസ്റ്റിസ് പറഞ്ഞു. മിഷിഗണ്‍ ടെക്‌നിക്കല്‍ റിസോഴ്‌സ് പാര്‍ക്കിലെ 2.8 കിലോമീറ്റര്‍ നീളം വരുന്ന ഓവല്‍ ടെസ്റ്റ് ട്രാക്കിനകത്താണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഗതാഗതതിരക്കേറിയ നഗരങ്ങളും തെന്നുന്ന റോഡുകളും നാലുവരി പാതയുമെല്ലാം ഇതിനകത്ത് നിര്‍മ്മിക്കും.

മിഷിഗണ്‍ ടെക്‌നിക്കല്‍ റിസോഴ്‌സ് പാര്‍ക്കിന്റെ സ്ഥലം പാട്ടത്തിനെടുത്താണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഏകദേശം 60 ഏക്കര്‍ സ്ഥലത്ത് സൗകര്യങ്ങള്‍ ഒരുക്കും

മിഷിഗണ്‍ ടെക്‌നിക്കല്‍ റിസോഴ്‌സ് പാര്‍ക്കിന്റെ സ്ഥലം പാട്ടത്തിനെടുത്താണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നഗരത്തിന്റെ രൂപകല്‍പ്പന, നിര്‍മ്മാണം, പരിപാലനം എന്നിവയെല്ലാം ടിആര്‍ഐ നിര്‍വ്വഹിക്കും. ഓവല്‍ ട്രാക്കും മറ്റ് സൗകര്യങ്ങളും ഉപയോഗിക്കുന്നതിന് ടൊയോട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതിയുണ്ടായിരിക്കും.

Comments

comments

Categories: Auto