രൂപയുടെ മൂല്യം 15 മാസത്തെ താഴ്ന്ന നിരക്കില്‍

രൂപയുടെ മൂല്യം 15 മാസത്തെ താഴ്ന്ന നിരക്കില്‍

എണ്ണവിലയിലെ കുതിപ്പ് രൂപയെ തളര്‍ത്തുന്നു

ന്യൂഡെല്‍ഹി: യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ ഇന്നലെയും രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. 67 രൂപയായിരുന്നു ഇന്നലെ രാവിലെ രൂപയുടെ വിനിമയ മൂല്യം. കഴിഞ്ഞ 15 മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില വര്‍ധിച്ചതിനെ തുടര്‍ന്ന് ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസും ഇറാനും തമ്മിലുള്ള വാക്‌പോരുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്.

ഇന്നലെ വ്യാപാപം ആരംഭിച്ച് പെട്ടെന്നുതന്നെ രൂപയുടെ മൂല്യം 67 രൂപയിലേക്ക് താഴ്ന്നു. 26 പൈസയുടെ നഷ്ടമാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. 2017 ഫെബ്രുവരി 17ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 67.18 ആയിരുന്നു ഡോളറിനെതിരേ രൂപയുടെ മൂല്യം. നടപ്പു വര്‍ഷത്തെ കേന്ദ്ര ബജറ്റിനു ശേഷം രൂപയുടെ മൂല്യത്തില്‍ വലിയ ഇടിവാണുണ്ടായിരിക്കുന്നത്. അതസേമയം, ഡോളറിന്റെ മൂല്യം ഇന്നലെ നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. യുഎസ് സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തുവിട്ടതാണ് ഡോളറിനു തുണയായത്.

ഡോളര്‍ സൂചിക 0.1 ശതമാനം ഇടിഞ്ഞ് 92.461ലെത്തി. എന്നാല്‍, വെള്ളിയാഴ്ചത്തെ ഉയര്‍ന്ന നിരക്കായ 92.908ന് അടുത്താണ് സൂചിക ഇപ്പോഴുമുള്ളത്. ഡിസംബര്‍ മുതലുള്ള കാലയളവിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ക്രൂഡ് ഓയില്‍ വില ഇന്നലെ ബാരലിന് 70 ഡോളറിനു മുകളിലെത്തി. 2014 നവംബര്‍ മുതലുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. വെനസ്വലയിലെ സാമ്പത്തിക പ്രതിസന്ധി കാരണം ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും എണ്ണ വിപിണിയെ ബാധിച്ചു. ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും യുഎസ് പിന്മാറുമോ എന്നതു സംബന്ധിച്ച ആശങ്കകളും രാജ്യാന്തര വിപണികളില്‍ എണ്ണ വില ഉയരാന്‍ കാരണമായി.

Comments

comments

Categories: Slider, Top Stories