ടെറ മോട്ടോഴ്‌സ് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കും

ടെറ മോട്ടോഴ്‌സ് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കും

രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് മൂന്നുചക്ര, ഇരുചക്ര വാഹനം ഉള്‍പ്പെടെ അവതരിപ്പിക്കും

ന്യൂഡെല്‍ഹി : ജാപ്പനീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെറ മോട്ടോഴ്‌സ് കോര്‍പ്പറേഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മൂന്നുചക്ര, ഇരുചക്ര വാഹനം ഉള്‍പ്പെടെ അവതരിപ്പിക്കുന്നതിനാണ് തയ്യാറെടുക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ 5 മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തിയ ടെറ മോട്ടോഴ്‌സ് ഉല്‍പ്പന്ന വികസനത്തിനും ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുന്നതിനുമായി 5 മില്യണ്‍ യുഎസ് ഡോളറിന്റെ അധിക നിക്ഷേപം കൂടി നടത്തും.

2014 അവസാനത്തിലാണ് ടെറ മോട്ടോഴ്‌സ് ഇന്ത്യയില്‍ ബിസിനസ് ആരംഭിച്ചത്. രാജ്യത്തെ നമ്പര്‍ വണ്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായി മാറുകയാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്റ്റര്‍ അകിഹിറോ യുദ പറഞ്ഞു. ഇന്ത്യയില്‍ ഇതുവരെ ഏകദേശം 12,000 ഇലക്ട്രിക് റിക്ഷകള്‍ വില്‍ക്കാന്‍ ടെറ മോട്ടോഴ്‌സിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ വിവിധ തരം വാഹനങ്ങള്‍ അണിനിരത്തുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ലിഥിയം-അയണ്‍ ബാറ്ററി ഉപയോഗിക്കുന്ന ഇലക്ട്രിക് മൂന്നുചക്ര വാഹനം നിര്‍മ്മിക്കുന്നതിന്റെ തിരക്കുകളിലാണ് ടെറ മോട്ടോഴ്‌സ്. ഈ വാഹനം അടുത്ത വര്‍ഷം പുറത്തിറക്കുമെന്ന് അകിഹിറോ യുദ പറഞ്ഞു. ഇതേതുടര്‍ന്ന് 2020 ഓടെ ഇലക്ട്രിക് ഇരുചക്ര വാഹനം അവതരിപ്പിക്കും. പുതുതായി നടത്തുന്ന 5 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപത്തില്‍ 1.5-2 മില്യണ്‍ യുഎസ് ഡോളര്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഈ വര്‍ഷം വിനിയോഗിക്കും. ഇലക്ട്രിക് മൂന്നുചക്ര വാഹനത്തിന് പുതിയ അസംബ്ലി ലൈനുകള്‍ സ്ഥാപിക്കുന്നതിന് 3 മില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിക്കും.

ഇന്ത്യയെ വലിയ അവസരമായാണ് കാണുന്നതെന്ന് അകിഹിറോ യുദ പറഞ്ഞു. ജപ്പാനിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെറ മോട്ടോഴ്‌സ്, ഏഷ്യന്‍ രാജ്യങ്ങളിലേക്കായി ഇന്ത്യയെ കയറ്റുമതി കേന്ദ്രമാക്കാനാണ് ആലോചിക്കുന്നത്. നിലവില്‍ ചൈനയില്‍നിന്ന് പാര്‍ട്‌സുകള്‍ ഇറക്കുമതി ചെയ്യുന്ന ടെറ മോട്ടോഴ്‌സ് ഇന്ത്യയിലെ മൂന്ന് പ്ലാന്റുകളില്‍ വാഹനങ്ങള്‍ അസംബിള്‍ ചെയ്യുന്നു.

ഇന്ത്യയില്‍ 5 മില്യണ്‍ യുഎസ് ഡോളറിന്റെ അധിക നിക്ഷേപം നടത്തും

ഈ വര്‍ഷം 12,000 ഇലക്ട്രിക് റിക്ഷകള്‍ വില്‍ക്കുകയാണ് ലക്ഷ്യമെന്ന് അകിഹിറോ യുദ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ വില്‍പ്പന കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയായി (150) വര്‍ധിപ്പിക്കും. ടോക്കിയോ ആസ്ഥാനമായ ടെറ മോട്ടോഴ്‌സ് ജപ്പാനില്‍ ഇലക്ട്രിക് ഇരുചക്ര, ഇലക്ട്രിക് മൂന്നുചക്ര വാഹന നിര്‍മ്മാതാക്കളില്‍ മുന്‍നിര കമ്പനിയാണ്. വിയറ്റ്‌നാം, ഫിലിപ്പീന്‍സ് തുടങ്ങി വിവിധ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും സാന്നിധ്യമുണ്ട്.

Comments

comments

Categories: Auto