2017ല്‍ ഇ-കൊമേഴ്‌സില്‍ നടന്നത് 2.1 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍

2017ല്‍ ഇ-കൊമേഴ്‌സില്‍ നടന്നത് 2.1 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍

2026ഓടെ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി 200 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ച നേടുമെന്നാണ് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ കഴിഞ്ഞ വര്‍ഷം 2.1 ബില്യണ്‍ ഡോളറിന്റെ ലയന-ഏറ്റെടുക്കല്‍ ഇടപാടുകള്‍ നടന്നതായി റിസര്‍ച്ച് സംരംഭമായ ഗ്രാന്റ് തോണ്‍ടന്‍. 21 ഇടപാടുകളാണ് 2017ല്‍ രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖലയില്‍ നടന്നിട്ടുള്ളത്. ഫ്ളിപ്കാര്‍ട്ട്, പേടിഎം തുടങ്ങിയ കമ്പനികള്‍ ഇതില്‍ പങ്കാളികളാണ്. 2016ല്‍ 2,224 മില്യണ്‍ ഡോളറിന്റെ 18 ലയന-ഏറ്റെടുക്കല്‍ കരാറുകളാണ് നടന്നിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ മൊത്തം 226 മില്യണ്‍ ഡോളറിന്റെ ആറ് ലയന-ഏറ്റെടുക്കല്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ആഭ്യന്തര ഇ-കൊമേഴ്‌സ് ഭീമന്‍ ഫ്ളിപ്കാര്‍ട്ടും യുഎസ് റീട്ടെയ്‌ലര്‍ വാള്‍മാര്‍ട്ടും തമ്മിലുള്ള നിക്ഷേപ ചര്‍ച്ചകള്‍ കൂടി ഫലം കാണുന്നതോടെ കരാറുകളുടെ മൂല്യം ഉയരും. രാജ്യത്തെ ഇ-കൊമേഴ്‌സ് രംഗത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ ഇടപാട് കൂടിയായിരിക്കും ഇത്. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇ-കൊമേഴ്‌സ് ആവശ്യകത വര്‍ധിക്കുമെന്നും ഗ്രാന്റ് തോണ്‍ടന്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ വിദ്യാ ശങ്കര്‍ പറഞ്ഞു. വാള്‍മാര്‍ട്ട്-ഫ്ളിപ്കാര്‍ട്ട് ചര്‍ച്ചകള്‍ ഇതിനോടകം തന്നെ വിപണിയില്‍ മത്സരത്തിന് തിരികൊളുത്തിയിട്ടുണ്ടെന്നും വിദ്യാ ശങ്കര്‍ അറിയിച്ചു.

ഏറ്റെടുക്കലുകളിലൂടെ വിവിധ രംഗങ്ങളിലും വിപണികളിലും സാന്നിധ്യമറിയിച്ചിട്ടുള്ള ചരിത്രം വാള്‍മാര്‍ട്ടിനുണ്ടെന്ന് വിദ്യാ ശങ്കര്‍ ഓര്‍മ്മിപ്പിച്ചു. ആമസോണുമായുള്ള മത്സരം ശക്തമാക്കുന്നതിന് 2016ല്‍ ഇ-കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പായ ജെറ്റ് ഡോട്ട് കോം വാള്‍മാര്‍ട്ട് ഏറ്റെടുത്തിരുന്നു. ഇന്ത്യന്‍ ഓണ്‍ലൈന്‍ സെഗ്‌മെന്റില്‍ ചുവടുറപ്പിക്കുക എന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്നും വിദ്യാ ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. 15 ബില്യണ്‍ ഡോളര്‍ വരെ വാള്‍മാര്‍ട്ട് ഫഌപ്കാര്‍ട്ടില്‍ നിക്ഷേപിക്കുമെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്. ഇതോടൊപ്പം ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റും ഫ്ളിപ്കാര്‍ട്ടില്‍ നിക്ഷേപിക്കുമെന്ന് സൂചനയുണ്ട്. വരും ദിവസങ്ങളില്‍ ഫ്ളിപ്കാര്‍ട്ട്-വാള്‍മാര്‍ട്ട് കരാറില്‍ ധാരണയാകുമെന്നാണ് സൂചന.

സിംഗപ്പൂരില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെന്ന അംഗീകാരം നേടുന്നതിന് അടുത്തിടെ 350 മില്യണ്‍ ഡോളറിന്റെ ഓഹരികള്‍ ഫ്ളിപ്കാര്‍ട്ട് തിരികെ വാങ്ങിയിരുന്നു. ഇത് ഒന്നിലധികം കക്ഷികളില്‍ നിന്നും ഓഹരികള്‍ ഏറ്റെടുക്കുന്നതിലുള്ള സങ്കീര്‍ണത കുറച്ച് വാള്‍മാര്‍ട്ടിന് നിക്ഷേപം എളുപ്പമാക്കും. വിപണി സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് പരസ്യങ്ങള്‍ക്കായും വെയര്‍ഹൗസുകളും ലോജിസ്റ്റിക്‌സ് സൗകര്യവും വികസിപ്പിക്കുന്നതിനുമായി വന്‍ നിക്ഷേപമാണ് ഫ്ളിപ്കാര്‍ട്ടും ആമസോണും പോലുള്ള കമ്പനികള്‍ രാജ്യത്ത് നടത്തിയിട്ടുള്ളത്. 2026ഓടെ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി 200 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ച നേടുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിഗമനം.

Comments

comments

Categories: Business & Economy