ഫിലിം റിവ്യു – 102 Not Out (ഹിന്ദി)

ഫിലിം റിവ്യു – 102 Not Out (ഹിന്ദി)

സംവിധാനം: ഉമേഷ് ശുക്ല
അഭിനേതാക്കള്‍: അമിതാഭ് ബച്ചന്‍, ഋഷി കപൂര്‍, ജിമിത്ത് ത്രിവേദി
ദൈര്‍ഘ്യം:101 മിനിറ്റ്

മുതിര്‍ന്ന പൗരന്മാരുടെ കഥ, അതിന്റെ സാധ്യത പ്രയോജനപ്പെടുത്തി നല്ല രീതിയില്‍ എങ്ങനെയാണു ചിത്രീകരിക്കേണ്ടതെന്നു ഹിന്ദി സിനിമാ ലോകത്തിന് അറിയില്ലെന്നു പൊതുവേ പറയപ്പെടാറുള്ള കാര്യമാണ്. യുവത്വത്തിലാണു ബോളിവുഡ് എന്നും ആകൃഷ്ടരായിട്ടുള്ളത്. മുതിര്‍ന്ന കഥാപാത്രങ്ങളെ സാധാരണയായി അപ്രധാന വേഷങ്ങളിലേക്കു തരം താഴ്ത്തുകയാണു പതിവ്. വല്ലപ്പോഴുമൊക്കെ ഒരു Piku വരുമെന്നല്ലാതെ മുതിര്‍ന്ന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് ഒരു സിനിമ ബോളിവുഡില്‍ അപൂര്‍വമാണ്. എന്നാല്‍ ഉമേഷ് ശുക്ലയുടെ സംവിധാനത്തില്‍ ഈയാഴ്ച റിലീസ് ചെയ്ത 102 നോട്ട് ഔട്ട് എന്ന പുതിയ ചിത്രം ഈ ധാരണകളെ മാറ്റിമറിക്കുകയാണ്.

അമിതാഭ് ബച്ചന്റെയും, റിഷി കപൂറിന്റെയും സാന്നിധ്യം കൊണ്ടു മാത്രം ശ്രദ്ധേയമായി മാറുകയാണ് 102 നോട്ട് ഔട്ട്. സൗമ്യ ജോഷി സംവിധാനം ചെയ്ത ഗുജറാത്തി നാടകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. നാടകത്തിന്റെ പേരും 102 നോട്ട് ഔട്ട് എന്നു തന്നെയാണ്. അച്ഛന്‍-മകന്‍ ബന്ധമാണ് പ്രമേയം. ഇരുവരും തമ്മില്‍ പലകാര്യങ്ങളിലും എതിരഭിപ്രായം പുലര്‍ത്തുന്നവരാണ്. ജീവിതത്തെ, അതിന്റെ എല്ലാ മനോഹാരിതയോടും കൂടി നോക്കിക്കാണുകയാണ് 102 വയസുള്ള ദത്താത്രേയ് വഖാരിയ(അമിതാഭ് ബച്ചന്‍). എന്നാല്‍ അയാളുടെ 75 വയസുള്ള മകന്‍ ബാബുലാല്‍ വഖാരിയയാകട്ടെ (ഋഷി കപൂര്‍), ദത്താത്രേയയെ പോലെയല്ല. എപ്പോഴും ക്രുദ്ധമായ മുഖഭാവവുമായി നടക്കുന്നയാളും, മുന്‍കോപിയുമാണ്. ആരോഗ്യത്തില്‍ എപ്പോഴും ആശങ്കാകുലനുമാണ്. അയാളുടെ പഴയകാല ചരിത്രത്തില്‍ അയാള്‍ ബന്ധനസ്ഥനുമാണ്.

ഒരു ദിവസം, തന്റെ മകനെ വൃദ്ധസദനത്തിലേക്ക് അയയ്ക്കാന്‍ പോവുകയാണെന്ന് അപ്രതീക്ഷിതമായി അച്ഛന്‍ പ്രഖ്യാപിക്കുകയാണ്. എന്നാല്‍ ഇതിനെതിരേ മകന്‍ പ്രതിഷേധിക്കുന്നു. തുടര്‍ന്നു പിതാവ് ചില നിബന്ധനകള്‍ വയ്ക്കുന്നു. അയാള്‍ മകനോട് അഞ്ച് കാര്യങ്ങള്‍ ആറ് മാസത്തിനുള്ളില്‍ ചെയ്തു തീര്‍ക്കണമെന്ന് ആവശ്യപ്പെടുകയാണ്. എന്നാല്‍ ഇരുവരെയും സംബന്ധിച്ച് ഇത് ഒരു നിബന്ധന എന്നതിനേക്കാള്‍ അതിന് അപ്പുറമുള്ളൊരു കാര്യമാണ്.

ചില പോരായ്മകളോടെയാണു ചിത്രം ആരംഭിക്കുന്നത്. അഭിനേതാക്കള്‍ കഥയുമായി താദാത്മ്യം പ്രാപിക്കാന്‍ സമയമെടുക്കുന്നുണ്ട്. ഭാവങ്ങളെക്കാളും, ചലനങ്ങളെക്കാളുമധികമായി, സംഭാഷണങ്ങളെയാണു കഥ ആശ്രയിക്കുന്നത്. ചിത്രത്തിന്റെ വാചാലമായ ആദ്യഭാഗത്തിനു ശേഷം, പ്രധാന അഭിനേതാക്കളായ അമിതാഭ് ബച്ചനും, ഋഷികപൂറും അവരുടെ കഥാപാത്രങ്ങളിലേക്ക് പ്രവേശിക്കുന്നതോടെയാണു ചിത്രം രൂപമെടുക്കുന്നത്. ഇതിലൂടെ നിരവധി അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നുണ്ട്. ഋഷി കപൂര്‍, അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്റെ മാസ്മരികതയിലൂടെ പ്രേക്ഷകനെ പഴയ ഓര്‍മകളിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ കുട്ടിക്കാലം ഓര്‍ത്തെടുക്കാനും രഹസ്യമായിട്ടാണെങ്കിലും തേങ്ങി കരയാനും പ്രേരിപ്പിക്കുന്നുണ്ട്. അമിതാഭ് ബച്ചന്‍ ചിത്രത്തിന്റെ കേന്ദ്രകഥാപാത്രമാകുമ്പോള്‍, ഋഷി കപൂര്‍ രംഗങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന ഘടകമായി തീരുകയാണ്.

ഋഷി കപൂറിന്റെ മുന്‍കോപിയായ വൃദ്ധകഥാപാത്രം പ്രേക്ഷകനുമായി ഒരു അടുപ്പം സ്ഥാപിക്കുന്നുണ്ട്. അയാളുടെ നിശബ്ദതയും നിലവിളികളും ചില ഘട്ടങ്ങളില്‍ പ്രേക്ഷകന്റേതു കൂടിയായി മാറുന്നുമുണ്ട്. ഊര്‍ജ്ജസ്വലമായ അഭിനയം പുറത്തെടുക്കുന്നതിനുള്ള അവസരം തിരക്കഥ അമിതാഭ് ബച്ചന് ഒരുക്കിയിട്ടുമുണ്ട്.
ജീവിതത്തിലെ കഴിവുകളെ കുറിച്ചും, കയ്‌പേറിയ ഓര്‍മകളെ എങ്ങനെ മധുരമുള്ളതാക്കി തീര്‍ക്കാമെന്നും കാണിച്ചു തരുന്ന ഒരു ചിത്രമാണ് 102 നോട്ട് ഔട്ട്. 101 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണു ചിത്രം. ജീവിതത്തില്‍ ഉയര്‍ന്ന മൂല്യങ്ങള്‍ പിന്തുടരാനും, ഊര്‍ജ്ജസ്വലത കൈവരിക്കാനും ഈ 101 മിനിറ്റ് ദൈര്‍ഘ്യം തന്നെ ധാരാളം.

Comments

comments

Categories: FK Special, Movies, Slider