ഫേസ്‌വാഷ് ആരോഗ്യത്തിന് ഹാനികരമെന്നു പഠനം

ഫേസ്‌വാഷ് ആരോഗ്യത്തിന് ഹാനികരമെന്നു പഠനം

വൃക്തിഗത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഫേസ് വാഷ്, ബോഡിവാഷ് എന്നിവയുള്‍പ്പെടെ വിവിധ കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങളില്‍ മൈക്രോ പ്ലാസ്റ്റിക്കുകള്‍ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇവ മല്‍സ്യങ്ങള്‍ക്കും അതുവഴി മനുഷ്യനു തന്നെയും ഭീഷണിയാകുമെന്ന് പഠനം വ്യക്തമാക്കുന്നു

ഫേസ്‌വാഷ്, ബോഡിവാഷ് എന്നിവ ആരോഗ്യത്തിന് ദൂഷ്യഫലമുണ്ടാക്കുമെന്നു പഠനം. ഇവയില്‍ അടങ്ങിയിരിക്കുന്ന ചെറിയ പ്ലാസ്റ്റിക് കണികകള്‍ മല്‍സ്യങ്ങള്‍ക്കും അതുവഴി മനുഷ്യനു തന്നെയും ഭീഷണി ഉയര്‍ത്തുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ശരീരത്തിനും മുഖത്തിനും ഫ്രഷ് ലുക്ക് സമ്മാനിക്കുന്നതിന്റെ ഭാഗമായി ഇന്ന് ഒട്ടുമിക്കരും ഉപയോഗിക്കുന്ന ഒന്നാണ് ഫേസ് വാഷ്. ദിവസത്തില്‍ പല തവണ ഇവ മുഖം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നവരുമുണ്ട്. ഉപയോഗിച്ച ശേഷം കഴുകി കളയുന്ന ഇവ ഡ്രെയിനേജുകള്‍ വഴി നദികളിലേക്കും തടാകങ്ങളിലേക്കും ചെന്നെത്തുകയാണ് പതിവ്. ഇത്തരത്തില്‍ പ്ലാസ്റ്റിക്കിന്റെ ചെറുകണികകള്‍ അടങ്ങിയ മാലിന്യങ്ങള്‍ മല്‍സ്യങ്ങളിലേക്കും അവ പിന്നീട് ഭക്ഷിക്കുന്നതിലൂടെ മനുഷ്യരിലേക്കും ചെന്നെത്തുന്നു. വെള്ളത്തില്‍ മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശം കൂടുന്നത് നദികളിലും തടാകങ്ങളിലുമുള്ള മല്‍സ്യങ്ങളുടെ നാശത്തിന് വഴിവെക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോക്‌സിക് ലിങ്ക് നടത്തിയ പഠനം അനുസരിച്ച് ഡെല്‍ഹിയിലും ഇന്ത്യയിലൊട്ടാകെയും വില്‍ക്കുന്ന ഒട്ടുമിക്ക ഫേസ്‌വാഷ്, ബോഡിവാഷ് ഉല്‍പ്പന്നങ്ങളിലും മൈക്രോ പ്ലാസ്റ്റിക്, മൈക്രോ ബീഡ്‌സ് എന്നിങ്ങനെ അറിയപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ ചെറിയ കണങ്ങള്‍ അടങ്ങിയിട്ടുണ്ട്. സ്‌ക്രബര്‍ എന്ന രീതിയിലും ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പൊലിമ ലഭിക്കുന്നതിനും വേണ്ടിയാണ് ഇവ ഫേസ്‌വാഷുകളിലും മറ്റും കലര്‍ത്താറുള്ളത്. വൃക്തിഗത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഇത്തരത്തിലുള്ള 18 ഓളം ഉല്‍പ്പന്നങ്ങള്‍ പഠനത്തിന്റെ ഭാഗമായി നിരീക്ഷണ വിധേയമാക്കിയിരുന്നു. വിപണിയിലെ മികച്ച ഉപഭോക്തൃ ബ്രാന്‍ഡുകളെയും ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. ”നിരീക്ഷണ വിധേയമാക്കിയ എല്ലാ ഉല്‍പ്പന്നങ്ങളിലും കുറഞ്ഞത് 28ശതമാനത്തോളം പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ഫേസ്‌വാഷിലും ഫേഷ്യല്‍ സ്‌ക്രബറിലും മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നു. എന്തിനേറെ ടൂത്ത്‌പേസ്റ്റിലും ഷാംപൂവില്‍ പോലും പ്ലാസ്റ്റിക്കിന്റെ കണികകള്‍ കണ്ടെത്താന്‍ കഴിഞ്ഞു”, ടോക്‌സിക് ലിങ്കിന്റെ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്ററായ പ്രീതി മഹേഷ് പറയുന്നു.

5 മില്ലിമീറ്ററിലോ ചിലപ്പോള്‍ ഒരു മില്ലിമീറ്ററില്‍ താഴെയോ വലുപ്പം മാത്രമാണ് ഈ പ്ലാസ്റ്റിക് കണികകള്‍ക്കുള്ളത്. മല്‍സ്യങ്ങള്‍ ഇവ ഭക്ഷിക്കുന്നതിലൂടെ ദഹനവ്യവസ്ഥ താറുമാറാക്കപ്പെടുന്നു. മാത്രമല്ല ഭക്ഷ്യശൃംഖല വഴി മനുഷ്യരില്‍ എത്തപ്പെടുകയും ചെയ്യും. ലോകമെമ്പാടും മലിനീകരണ ഭീഷണി ഉയര്‍ത്തുന്നതില്‍ പ്രധാന വില്ലനായിരിക്കുകയാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍. യുഎസിലും യൂറോപ്പിലും ഇവ നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇതുവരെ ഇക്കാര്യത്തില്‍ നിയമമൊന്നും വന്നിട്ടില്ല. ഈ വര്‍ഷം ജനുവരിയില്‍ നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ മൈക്രോബീഡ്‌സ് അടങ്ങിയ കോസ്‌മെറ്റിക്‌സുകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഉന്നയിച്ചിരുന്നു. ബ്യുറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ് മൈക്രോഫീഡ്‌സിനെ സുരക്ഷിതമല്ലാത്തവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇവയുടെ ഉപയോഗം വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍ബാധം തുടരുകയാണ്.

Comments

comments

Categories: FK Special, Health, Slider