ദി എന്റര്‍ടെയ്‌നറിലെ ഭൂരിപക്ഷഓഹരികള്‍ ഡോണ വിറ്റു

ദി എന്റര്‍ടെയ്‌നറിലെ ഭൂരിപക്ഷഓഹരികള്‍ ഡോണ വിറ്റു

ബഹ്‌റൈനിലെ ജിഎച്ച്എഫ് ഫിനാന്‍ഷ്യലിനാണ് ഡോണ ബെന്റണ്‍ ദി എന്റര്‍ടെയ്‌നറിലെ 85 ശതമാനം ഓഹരികളും വിറ്റത്

ദുബായ്: പ്രമുഖ വനിതാ സംരംഭകയും വൗച്ചര്‍ ബ്രാന്‍ഡായ ദി എന്റര്‍ടെയ്‌നറിന്റെ സ്ഥാപകയുമായ ഡോണ ബെന്റണ്‍ കമ്പനിയിലുള്ള തന്റെ ഭൂരിപക്ഷ ഓഹരികള്‍ വിറ്റു. ബഹ്‌റൈനിലെ ജിഎച്ച്എഫ് ഫിനാന്‍ഷ്യലിനാണ് ഡോണ ബെന്റണ്‍ ദി എന്റര്‍ടെയ്‌നറിലെ 85 ശതമാനം ഓഹരികളും വിറ്റത്.

ഓസ്‌ട്രേലിയക്കാരിയായ ഡോണ 2001ലാണ് ദുബായില്‍ ഡിസ്‌കൗണ്ട് വൗച്ചര്‍, ഓണ്‍ലൈന്‍ ആപ്പ് സംരംഭമായ ദി എന്റര്‍ടെയ്‌നറിന് തുടക്കമിട്ടത്. 17 വര്‍ഷം കഴിയുമ്പോള്‍ കമ്പനിക്ക് 20 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. യുഎഇ പൗരന്‍മാരല്ലാത്തവരുടെ ദൈനം ദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ സംരംഭമാണിത്. ദുബായിലെ ഏറ്റവും മികച്ച സംരംഭക വിജയകഥകളിലൊന്നായും ഡോണയുടെ ദി എന്റര്‍ടെയ്‌നര്‍ വിലയിരുത്തപ്പെടുന്നു.

ചെലവ് കൂടുതലായി ദുബായ് പോലൊരു നഗരത്തില്‍ വിവിധ സേവനങ്ങള്‍ക്ക് ഡിസ്‌കൗണ്ട് ഓഫറുകള്‍ നല്‍കിയതിലൂടെയാണ് ദി എന്റര്‍ടെയ്‌നര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ പെട്ടെന്ന് സ്വീകാര്യത നേടിയത്. കമ്പനിയുടെ വൗച്ചറുകളും കൂപ്പണും ഉപയോഗിക്കുമ്പോള്‍ സേവനം താങ്ങാവുന്നതായി മാറുന്നു എന്നത് തന്നെ ബിസിനസ് തന്ത്രം.

ഇച്ഛാശക്തി, ക്ഷമ, അതിജീവനത്തിനുള്ള ശേഷി, വിട്ടുവീഴ്ച്ച ചെയ്യാനുള്ള മനോഭാവം…ഇതെല്ലാമാണ് സംരംഭകത്വത്തില്‍ നിര്‍ണായകമാവുകയെന്ന് ഡോണ

സ്പാ, ഹോട്ടല്‍ താമസം, ഗോള്‍ഫ് തുടങ്ങി നിരവധി ആഡംബര സൗകര്യങ്ങള്‍ക്കും ദി എന്റര്‍ടെയ്‌നര്‍ ഡിസ്‌ക്കൗണ്ട് ഓഫറുകള്‍ നല്‍കാറുണ്ട്. 2013ല്‍ ബയ് വണ്‍, ഗെറ്റ് വണ്‍ ഫ്രീ ഓഫറുകളോടെ ഡോണ തുടങ്ങിയ മൊബീല്‍ ആപ്പ് വമ്പന്‍ വിജയമായിരുന്നു. ഇതിന് 35 മില്ല്യണ്‍ ഡോളര്‍ വിറ്റുവരവുണ്ടാക്കാനായെന്നാണ് കണക്കുകള്‍.

15 ആഗോള ഓഫീസുകളിലായി 300 ജീവനക്കാരാണ് കമ്പനിയിലുള്ളത്. ലൈഫ്‌സ്റ്റൈല്‍ ആപ്പ് എന്ന നിലയിലും ഡോണയുടെ സംരംഭത്തിന് ശ്രദ്ധ പിടിച്ചു പറ്റാന്‍ സാധിച്ചു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഞങ്ങളുടെ കമ്പനിയില്‍ നിരവധി പേര്‍ താല്‍പ്പര്യമറിയിച്ച് എത്തിയിരുന്നു. ജിഎഫ്എച്ചും അതില്‍ ഒന്നാണ്-ഡോണ പറഞ്ഞു.

തനിക്ക് ഏറെ അഭിമാനിക്കാന്‍ സാധിക്കുന്നതാണ് ഈ ഡീലെന്നും അവര്‍ പറഞ്ഞു. ഇച്ഛാശക്തി, ക്ഷമ, അതിജീവനത്തിനുള്ള ശേഷി, വിട്ടുവീഴ്ച്ച ചെയ്യാനുള്ള മനോഭാവം…ഇതെല്ലാമാണ് സംരംഭകത്വത്തില്‍ നിര്‍ണായകമാവുകയെന്നും അവര്‍ ഓര്‍മപ്പെടുത്തുന്നു.

വിശ്വസിക്കുന്ന മൂല്യങ്ങളില്‍ അടിയുറച്ച് നില്‍ക്കുകയാണ് തന്നെ സംബന്ധിച്ചിടത്തോളം വിജയത്തിന്റെ മന്ത്രമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia