ഹൃദ്രോഗവ്യാപനം തടയാന്‍ പദ്ധതികളുമായി സിഎസ്‌ഐകെ 

ഹൃദ്രോഗവ്യാപനം തടയാന്‍ പദ്ധതികളുമായി സിഎസ്‌ഐകെ 

കൊച്ചി: സംസ്ഥാനത്തെ ആശങ്കാജനകമായ ഹൃദ്രോഗ വ്യാപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, കേരള ചാപ്റ്ററിന്റെ ദ്വിദിന സമ്മേളനം കൊച്ചി ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്നു. ജീവിത ശൈലി, ഭക്ഷണ ക്രമം, ജോലി സാഹചര്യങ്ങള്‍, ജനിതകക്രമം തുടങ്ങി അപകട സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന ഘടകങ്ങളെ വിലയിരുത്തി പ്രതിരോധ നടപടികള്‍ രൂപപ്പെടുത്തുന്നതായിരുന്നു സമ്മേളനം.

സമ്മേളനത്തിന്റെ ഉദ്ഘാടനം സിഎസ്‌ഐ ദേശീയ പ്രസിഡന്റ് ഡോ. ശരത്ചന്ദ്ര നിര്‍വഹിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും, കൊളസ്‌ട്രോളും, അമിതവണ്ണവും മാനസിക പിരിമുറക്കവുമെല്ലാം ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് യുവതലമുറയെയാണ്. അനാരോഗ്യകരാമായ ജീവിതശൈലി, ഭക്ഷണരീതി, വ്യായാമമില്ലായ്മ, ഉറക്കമില്ലായ്മ, ഉദാസീനത, പുകവലി, അമിത മദ്യപാനം എന്നിവയെല്ലാം രോഗവ്യാപനത്തെ രൂക്ഷമാക്കുന്നുണ്ട്. ആരോഗ്യം വ്യക്തിയുടെ ഉത്തരവാദിത്തമാണ്.  ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് സ്വയം മാറാന്‍ യുവജനത തയ്യാറാവണമെന്ന് ഡോ. ശരത്ചന്ദ്ര പറഞ്ഞു.

സിഎസ്‌ഐകെ സംസ്ഥാന പ്രസിഡന്റ് ഡോ. രാജു ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.  ഇന്ത്യയില്‍ പ്രതിവര്‍ഷം ഇരുപതു ലക്ഷത്തോളം ഹൃദയാഘാത കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.ഇവയില്‍ വലിയൊരു ഭാഗം യുവാക്കളാണ്. രോഗസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം.

ചിട്ടയായ ജീവിതരീതിയും വ്യായാമവും, ചെലവു കുറഞ്ഞ മരുന്നുകള്‍ വഴിയും അപകട സാധ്യത ഇല്ലാതാക്കാം. ഇതിനായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ സിഎസ്‌ഐകെ ആരംഭിച്ചിട്ടുണ്ട്. പോസ്റ്ററുകള്‍, വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ എന്നിവ വഴിയുള്ള പ്രചരണ പരിപാടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റസിഡന്റസ് അസോസിയേഷനുകള്‍, സാമൂഹിക സംഘടനകള്‍ പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണം അത്യാവശ്യമാണെന്ന് ഡോ.രാജു ജോര്‍ജ്ജ് പറഞ്ഞു.

രോഗിയുടെ അതിജീവനം അടിയന്തിര വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി രോഗിയെ പെട്ടെന്ന് തന്നെ സ്‌പെഷ്യാലിറ്റി ആശുപത്രിയും ആംബുലന്‍സുമായി ബന്ധിപ്പിക്കുന്ന മൊബീല്‍ ആപ്പിന് സിഎസ്‌ഐകെ രൂപം കൊടുക്കുന്നുണ്ടെന്ന് ഡോ. രാജു ജോര്‍ജ്ജ് പറഞ്ഞു. ഡോ. ടൈനി നായര്‍, സയന്റിഫിക്ക് കമ്മറ്റി ചെയര്‍മാന്‍ ഡോ. മര്‍ക്കോസ് കെ പി, തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.

രക്താതിസമ്മര്‍ദവും ഹൃദ്‌രോഗവും, കുട്ടികളിലെ ഹൃദ്രോഗങ്ങള്‍, ചികിത്സയും പരിചരണവും, ഹൃദ്രോഗങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയല്‍, ഹൃദയമിടിപ്പ് ക്രമപ്പെടുത്തല്‍, കാത്തിറ്റര്‍ ചികിത്സയിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ എന്നിവ സമ്മേളനത്തിന്റെ ഒന്നാം ദിവസം ചര്‍ച്ചാവിഷയമായി.

ക്ലിനിക്കല്‍ കാര്‍ഡിയോളജി, പ്രതിരോധം, ശസ്ത്രക്രിയാരീതികള്‍ എന്നിവയിലെ ശാസ്ത്ര മുന്നേറ്റങ്ങള്‍ സംബന്ധിച്ച പന്ത്രണ്ട് സിംപോസിയങ്ങള്‍ ആണ് സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നത്. കൊറോണറി ഇമേജിംഗ്, ഹൃദയാഘാത പരിചരണം ശിശുക്കളിലും ജന്മനാലുള്ളതുമായ ഹൃദ്രോഗങ്ങള്‍ രക്താധിസമ്മര്‍ദ നിയന്ത്രണത്തിനുളള നൂതന മാര്‍ഗരേഖകള്‍ അമിതവണ്ണവും ഹൃദ്രോഗവും, ടാവി ചികിത്സ തുടങ്ങിയവയാണ് പ്രധാന സിംപോസിയങ്ങള്‍ എന്ന് ഡോ. സ്റ്റിജി ജോസഫ് പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറിലധികം ഹൃദ്രോഗ വിദഗ്ധരും ഡോക്റ്റര്‍മാരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Comments

comments

Categories: Health