ബജാജും ടിവിഎസ്സും എഥനോള്‍ വാഹനങ്ങള്‍ പുറത്തിറക്കും

ബജാജും ടിവിഎസ്സും എഥനോള്‍ വാഹനങ്ങള്‍ പുറത്തിറക്കും

വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയതായി നിതിന്‍ ഗഡ്കരി

ന്യൂഡെല്‍ഹി : എണ്ണ ഇറക്കുമതിച്ചെലവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ എഥനോള്‍ ഇന്ധനത്തില്‍ ഓടുന്ന വാഹനങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. റോഡ് ഗതാഗത മന്ത്രാലയമാണ് മുന്‍കയ്യെടുക്കുന്നത്. നൂറ് ശതമാനവും എഥനോളില്‍ ഓടുന്ന ഇരുചക്ര, മൂന്നുചക്ര വാഹനങ്ങള്‍ പുറത്തിറക്കണമെന്ന് മന്ത്രാലയം വാഹന നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോര്‍ കമ്പനി ഉള്‍പ്പെടെയുള്ള പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ ഇക്കാര്യത്തില്‍ വിജയിച്ചെന്നും വാഹനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയതായും റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

എഥനോളില്‍ ഓടുന്ന ബൈക്കുകളും സ്‌കൂട്ടറുകളും ഓട്ടോറിക്ഷകളും നിര്‍മ്മിക്കാന്‍ ബജാജ്, ടിവിഎസ് മാനേജ്‌മെന്റുകളോട് ആവശ്യപ്പെട്ടിരുന്നതായി നിതിന്‍ ഗഡ്കരി പറഞ്ഞു. ഈ വര്‍ഷത്തെ ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അപ്പാച്ചെ ആര്‍ടിആര്‍ 200 4വി എഫ്‌ഐ മോട്ടോര്‍സൈക്കിളിന്റെ എഥനോള്‍ വേര്‍ഷന്‍ ടിവിഎസ് പ്രദര്‍ശിപ്പിച്ചിരുന്നു.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ജൈവ ഇന്ധനങ്ങളില്‍ കൂടുതല്‍ ഗവേഷണം നടത്തണമെന്ന് നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു. ഒരു ടണ്‍ വയ്‌ക്കോലില്‍നിന്ന് 280 ലിറ്റര്‍ എഥനോള്‍ ഉല്‍പ്പാദിപ്പിക്കാമെന്ന് ഗഡ്കരി പറഞ്ഞു. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ വയ്‌ക്കോല്‍ കത്തിക്കുന്നത് ദേശീയ തലസ്ഥാനത്ത് വായു മലിനീകരണത്തിന് കാരണമാകുന്നതായി കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.

ഓട്ടോ എക്‌സ്‌പോയില്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി എഫ്‌ഐ മോട്ടോര്‍സൈക്കിളിന്റെ എഥനോള്‍ വേര്‍ഷന്‍ പ്രദര്‍ശിപ്പിച്ചിരുന്നു

നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ബദല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്. എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് താരതമ്യേന ചെലവ് കുറവാണ്. നെല്ല്, ഗോതമ്പ് എന്നിവയുടെ വയ്‌ക്കോലില്‍നിന്നും ചോളം, കരിമ്പ് എന്നിവ ഉപയോഗിച്ചും ഉല്‍പ്പാദിപ്പിക്കാവുന്നതാണ്.

Comments

comments

Categories: Auto