പൊതുനയം രൂപീകരിക്കുന്നതില്‍ സ്ത്രീകള്‍ക്കു തുല്യാവസരം വേണം

പൊതുനയം രൂപീകരിക്കുന്നതില്‍ സ്ത്രീകള്‍ക്കു തുല്യാവസരം വേണം

കൊച്ചി: ഏതു മേഖലയിലും പൊതുനയം രൂപീകരിക്കുന്നതില്‍ സ്ത്രീകള്‍ക്കു ഗണ്യമായ പങ്കും തുല്യാവസരവും വേണമെന്നും അതു സ്ത്രീകള്‍ തന്നെ മുന്നിറങ്ങി നേടിയെടുക്കണമെന്നും മുന്‍ വിദേശകാര്യ സെക്രട്ടറിയും അംബാസഡറുമായിരുന്ന നിരുപമ റാവു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) വനിതാ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ് 2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

അമേരിക്കയും ചൈനയും അടക്കമുള്ള രാജ്യങ്ങളില്‍ സ്ത്രീകള്‍ മുന്നോട്ടുവരുന്നു. ഇന്ത്യ ഇക്കാര്യത്തില്‍ കുറെക്കൂടി മുന്നേറാനുണ്ടെങ്കിലും ഇവിടെയും ശ്രദ്ധേയരായ വനിതാ സാരഥികള്‍ പല രംഗത്തുമുണ്ട്. എങ്കിലും സ്ത്രീ നിലപാടുകള്‍ കൂടുതലുച്ചത്തില്‍ കേള്‍ക്കണമെങ്കില്‍ അവര്‍ക്ക് ആനുപാതികമായ പ്രാതിനിധ്യം എല്ലായിടത്തും കിട്ടണം.

ഫെമിനിസം എന്ന വാക്കിനര്‍ത്ഥം തുല്യത, അവസരസമത്വം എന്നൊക്കെയാണ്. മാതൃഭൂമി എന്നാണ് ഇന്ത്യയെ നാം വിശേഷിപ്പിക്കുന്നത്. അതായത് ഇന്ത്യയുടെ ആത്മാവു തന്നെ ഫെമിനിസമാണ്. വീട്ടിലെയും നാട്ടിലെയും രാജ്യത്തെയും അതിനപ്പുറം ദക്ഷിണേഷ്യയിലെയും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും അവിടെയെല്ലാം സ്വന്തം നിലയ്ക്കു നയരൂപീകരണം നടത്താനും സ്ത്രീകള്‍ മുന്നിട്ടിറങ്ങണം. സ്ത്രീകള്‍ക്കായി നേതൃരംഗം ഇപ്പോള്‍ തുറന്നുകിടക്കുകയാണ്. അവസരങ്ങളേറെയാണ്. സംവാദങ്ങള്‍ നടത്താനും പരസ്പരബന്ധം മെച്ചപ്പെടുത്താനും സ്ത്രീകള്‍ ശക്തരാകണമെന്ന് നിരുപമ നിര്‍ദേശിച്ചു.

വിദേശകാര്യ സര്‍വീസില്‍ ജോലി ചെയ്യാന്‍ വിവാഹിതരായ സ്ത്രീകളെ മുമ്പൊന്നും അനുവദിച്ചിരുന്നില്ല. പിന്നീട് അതു മാറി. വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി പദത്തിലേക്ക് വിവാഹിതയായി എന്ന കാരണത്താല്‍ യോഗ്യതയുണ്ടായിട്ടും അവസരം നിഷേധിക്കപ്പെട്ട സി ബി മുത്തമ്മ സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്നാണു പേഴ്‌സണല്‍ മന്ത്രാലയം ആ നയം മാറ്റിയത്. തുടര്‍ന്നു ഹര്‍ജി അവര്‍ പിന്‍വലിച്ചെങ്കിലും തുല്യസമത്വം എന്ന പ്രശ്‌നം ഇപ്പോഴും തുടരുകയാണെന്നായിരുന്നു കേസ് പരിഗണിച്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പരാമര്‍ശിച്ചത്.

അമേരിക്കയെയും ചൈനയെയും സ്ത്രീകള്‍ നയിക്കുന്ന കാലം വരുമോ എന്ന ചോദ്യം ഉയര്‍ന്നിരിക്കുന്നു. അരനൂറ്റാണ്ടു മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഏറെ മെച്ചമാണ് അവിടങ്ങളിലെ സ്ത്രീസാഹചര്യം. ചൈനയിലെ പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍ ഒരു വനിതയേയുള്ളു. സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ആരുമില്ല. അവര്‍ക്കു വനിതാ അംബാസര്‍മാരുമില്ല. എന്നാല്‍, പൊതുവേ അവിടെയും സ്ത്രീകള്‍ക്ക് അവസരങ്ങള്‍ വര്‍ധിക്കുന്നതായാണു കാണുന്നത്. ഇന്ത്യയും ഇക്കാര്യത്തില്‍ കുറെയേറെ മുന്നേറാനുണ്ട്-നിരുപമ ചൂണ്ടിക്കാട്ടി.

മറ്റുള്ളവരെ അനുകരിക്കുന്നതില്‍ നിന്നു മാറി സ്വന്തം വ്യക്തിത്വത്തില്‍ തന്നെ സ്ത്രീകള്‍ ഉയര്‍ന്നു വരണമെന്നു വിശിഷ്ടാതിഥിയായിരുന്ന പ്രമുഖ സംവിധായികയും എഴുത്തുകാരിയുമായ അഞ്ജലി മേനോന്‍ പറഞ്ഞു. മിക്കവരും പുരുഷ നേതാക്കളെയാണു മാതൃകയാക്കുന്നത്. സ്വന്തം വ്യക്തിത്വം മറന്നും ഉപേക്ഷിച്ചും പുരുഷന്റെ നിഴലായിത്തന്നെ മാറുകയാണവര്‍. മറ്റു മാതൃകകളെ തേടി സ്ത്രീകള്‍ പോകരുത്. മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമായി ചിന്തിക്കണം. എല്ലാവരെപ്പോലെയും ആകാതെ ആള്‍ക്കൂട്ടത്തില്‍ തനതു വ്യക്തിത്വവുമായി തലയുയര്‍ത്തി നില്‍ക്കാന്‍ പഠിക്കണം. അവരവരെ തിരിച്ചറിയണം. അതിനുള്ള കഴിവുകള്‍ വളര്‍ത്തിയെടുക്കണം. സ്വയം വിലയിരുത്തി വേണം മുന്നോട്ടുപോകാന്‍ അഞ്ജലി നിര്‍ദേശിച്ചു.കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിതാ മാനേജേഴ്‌സ് ഫോറം ചെയര്‍പേഴ്‌സണ്‍ മരിയ ഏബ്രഹാം സ്വാഗതവും കെഎംഎ സെക്രട്ടറി ആര്‍ മാധവ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു. മീണ വിശ്വനാഥന്‍, ഇന്ദു ജയറാം എന്നിവരും സംസാരിച്ചു.

ട്വിങ്കിള്‍ ഗ്രൂപ്പ് സ്ഥാപകയും സിഇഒയുമായ സുമതി ശ്രീനിവാസ് പ്രത്യേക പ്രഭാഷണം നടത്തി. ബംഗളൂരുവില്‍ നിന്നുള്ള പ്രമുഖ തിയേറ്റര്‍ പ്രതിഭ വിക്രം ശ്രീധര്‍, ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വീസസ് അസറ്റ് സൊല്യൂഷന്‍സ് ഓഫ് എ ആന്‍ഡ് ഐ ഗ്ലോബല്‍ ഹെഡ് സുജാത മാധവ് ചന്ദ്രന്‍, റെസിടെക് എംഡി ലേഖ ബാലചന്ദ്രന്‍, മന്ത്ര സ്ഥാപകയും ലീഡ് ഡിസൈനറുമായ ശാലിനി ജയിംസ്, ഗവ. പ്ലീഡര്‍ തുഷാര ജയിംസ്, പേപ്പര്‍ ട്രെയ്ല്‍ സ്ഥാപകയും സിഇഒയുമായ ദിവിയ തോമസ്, സ്റ്റാര്‍ ടിവി സീനിയര്‍ വൈസ് പ്രസിഡന്റ് നീനു ജേക്കബ്, റേയ്‌സ് 3ഡി ടെക്‌നോളജീസ് അനുഭ സിന്‍ഹ, എയിക ബയോകെമിക്കല്‍സ് എംഡി ആര്‍ദ്ര ചന്ദ്രമൗലി, ലഹരിവിമുക്ത പ്രവര്‍ത്തക ആനി റിബു ജോഷി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.

 

Comments

comments

Categories: More