മാന്യമായ വ്യാപാരം അതിവേഗ വളര്‍ച്ചയിലേക്ക് നയിക്കും: ചൈനയോട് യുഎസ്

മാന്യമായ വ്യാപാരം അതിവേഗ വളര്‍ച്ചയിലേക്ക് നയിക്കും: ചൈനയോട് യുഎസ്

ചൈനീസ് പ്രതിനിധികളുമായി വ്യാപാര വിഷയങ്ങളില്‍ തുറന്ന ചര്‍ച്ച നടത്തി

വാഷിംഗ്ടണ്‍: മാന്യമായ വ്യാപാരം ആഗോള സമ്പദ്ഘടനകളെ അതിവേഗ വളര്‍ച്ചയിലേക്ക് നയിക്കുമെന്ന് ചൈനയോട് യുഎസ് പ്രതിനിധി സംഘം വ്യക്തമാക്കിയതായി വൈറ്റ്ഹൗസ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി, സാമ്പത്തിക ബന്ധം പുനഃക്രമീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പ്രതിനിധി സംഘം തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് വൈറ്റ് ഹൗസ് വാര്‍ത്താക്കുറിപ്പിറക്കിയത്. ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂചിന്റെ നേതൃത്വത്തിലാണ് ഉന്നത തല അമേരിക്കന്‍ വ്യാപാര പ്രതിനിധി സംഘം ചൈനീസ് വൈസ് പ്രീമിയര്‍ ലി ഹെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയത്.

ചൈനയില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധിക തീരുവ ചുമത്തിയതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. ഇതിന് പകരമായി യുഎസില്‍ നിന്നുള്ള 128 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് ചൈനയും അധികതീരുവ ഏര്‍പ്പെടുത്തി.
‘ചൈന-യുഎസ് ഉഭയകക്ഷി സാമ്പത്തിക ബന്ധം വീണ്ടും സാധാരണ നിലയിലാക്കുന്നതിനും ബൗദ്ധിക സ്വത്തവകാശത്തിലെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും, സാങ്കേതികവിദ്യയുടെ ഒഴുക്ക് അനുചിതമായ രീതിയിലാക്കുന്നതിന് കാരണമാകുന്നന്ന നയങ്ങള്‍ തിരിച്ചറിയുന്നതിനും ചൈനീസ് ഉദ്യോഗസ്ഥരുമായി യുഎസ് പ്രതിനിധി സംഘം തുറന്ന ചര്‍ച്ചകള്‍ നടത്തി’, വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കുന്നു.

ചര്‍ച്ചയെ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രതിനിധി സംഘം പ്രസിഡന്റിനെ അറിയിക്കുമെന്നും അദ്ദേഹത്തിന്റെ തീരുമാനപ്രകാരമായിരിക്കും അടുത്ത നീക്കമെന്നും വൈറ്റ്ഹൗസ് കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ ബിസിനസുകളുടെയും തൊഴിലാളികളുടെയും ന്യായപൂര്‍ണമായ സംരംക്ഷണം ഉറപ്പു വരുത്താന്‍ ട്രംപ് ഭരണകൂടം മുന്‍തൂക്കം നല്‍കുന്നുവെന്നതിന്റെ തെളിവാണ് ഉയര്‍ന്ന തലത്തിലുള്ള യുഎസ് പ്രതിനിധി സംഘമെന്ന് പ്രസ്താവനയില്‍ പറയുന്നു. യുഎസ്-ചൈന വ്യാപാര ബന്ധത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അടിയന്തരമായ ആവശ്യമാണെന്ന് ഭരണകൂടങ്ങള്‍ക്കിടയില്‍ തന്നെ പൊതു അഭിപ്രായമുണ്ടെന്നും വൈറ്റ്ഹൗസ് പ്രസ്താവന ചൂണ്ടിക്കാട്ടി.

ചൈനയുമായുള്ള യുഎസ് ചരക്ക്-സേവന വ്യാപാരം 2016ല്‍ ഏകദേശം 648.2 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. ഇതില്‍ 478.9 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി ചൈനയാണ് നടത്തിയത്. ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതി 169.3 ബില്യണ്‍ ഡോളറായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടനയായ യുഎസിന് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്ഘടനയായ ചൈനയുമായുള്ള വ്യാപാര കമ്മി ഏകദേശം 500 ബില്യണ്‍ യുഎസ് ഡോളറാണ്. യുഎസ് ഉന്നതതല സംഘത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇക്കാര്യത്തില്‍ ചെറിയ പുരോഗതിയുണ്ടായെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 200 ബില്യണ്‍ യുഎസ് ഡോളറായി വ്യാപാര മിച്ചം വെട്ടിക്കുറയ്ക്കണമെന്ന് യുഎസ് ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് നിക്ഷേപങ്ങളിലുള്ള ദേശീയ സുരക്ഷാ അവലോകനങ്ങള്‍ ലഘൂകരിക്കണമെന്ന് ചൈന തിരിച്ച് യുഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Comments

comments

Categories: World