പുതിയ നിറങ്ങളില്‍ അപ്പാച്ചെ ആര്‍ടിആര്‍ 200 4വി റേസ് എഡിഷന്‍

പുതിയ നിറങ്ങളില്‍ അപ്പാച്ചെ ആര്‍ടിആര്‍ 200 4വി റേസ് എഡിഷന്‍

ഗ്രേ-യെല്ലോ, റെഡ്-ബ്ലാക്ക്, വൈറ്റ്-റെഡ്, മാറ്റ് ബ്ലാക്ക്-റെഡ് ഗ്രാഫിക്‌സ് കളര്‍ സ്‌കീമുകളാണ് 200 സിസി സ്ട്രീറ്റ് ഫൈറ്ററിന് ലഭിച്ചത്

ന്യൂഡെല്‍ഹി : അപ്പാച്ചെ ആര്‍ടിആര്‍ 200 4വി റേസ് എഡിഷന്‍ 2.0 മോട്ടോര്‍സൈക്കിളിന് ടിവിഎസ് പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കി. ഗ്രേ-യെല്ലോ, റെഡ്-ബ്ലാക്ക്, വൈറ്റ്-റെഡ്, മാറ്റ് ബ്ലാക്ക്-റെഡ് ഗ്രാഫിക്‌സ് എന്നീ കളര്‍ സ്‌കീമുകളാണ് 200 സിസി സ്ട്രീറ്റ് ഫൈറ്ററിന് പുതുതായി ലഭിച്ചത്. നിലവില്‍ റെഡ് ഗ്രാഫിക്‌സ് സഹിതം ബ്ലാക്ക് ഷേഡിലാണ് ജനപ്രിയ മോട്ടോര്‍സൈക്കിള്‍ വിപണിയിലുള്ളത്. പുതിയ നിറങ്ങള്‍ കൂടാതെ, മറ്റ് ചില പരിഷ്‌കാരങ്ങളും മോട്ടോര്‍സൈക്കിളില്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ വില വര്‍ധിപ്പിക്കാന്‍ ടിവിഎസ് തയ്യാറായില്ല.

ഫ്‌ളൈസ്‌ക്രീന്‍, പുതിയ ഗ്രാഫിക്‌സ്, ആന്റി-റിവേഴ്‌സ് ടോര്‍ക്ക് യൂണിറ്റ് എന്ന് ടിവിഎസ് വിളിക്കുന്ന സ്ലിപ്പര്‍ ക്ലച്ച് എന്നിവയാണ് 2018 അപ്പാച്ചെ ആര്‍ടിആര്‍ 200 4വി റേസ് എഡിഷന്‍ 2.0 മോട്ടോര്‍സൈക്കിളിന് പുതുതായി ലഭിച്ചത്. സ്ലിപ്പര്‍ ക്ലച്ച് ലഭിച്ച ഏറ്റവും താങ്ങാവുന്ന വിലയിലുള്ള മോട്ടോര്‍സൈക്കിളുകളിലൊന്നാണ് അപ്പാച്ചെ ആര്‍ടിആര്‍ 200. ക്ലച്ച് എഫര്‍ട്ട് 22 ശതമാനം കുറയ്ക്കുന്നതിനും അതിവേഗ ഗിയര്‍ അപ്ഷിഫ്റ്റുകള്‍ക്കും സ്ലിപ്പര്‍ ക്ലച്ച് സഹായിക്കും.

മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. തുടര്‍ന്നും 197.75 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ഉപയോഗിക്കും. കാര്‍ബുറേറ്റഡ് വേരിയന്റില്‍ 20 ബിഎച്ച്പി കരുത്തും ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ വേരിയന്റില്‍ 20.5 ബിഎച്ച്പി കരുത്തും പുറപ്പെടുവിക്കുംവിധമാണ് എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. രണ്ട് വേരിയന്റുകളിലെയും ടോര്‍ക്ക് 18.1 ന്യൂട്ടണ്‍ മീറ്ററാണ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ ജോലികള്‍ കൈകാര്യം ചെയ്യും. മുന്‍, പിന്‍ ചക്രങ്ങളില്‍ ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കിയിരിക്കുന്നു. എബിഎസ് ഈയിടെ നല്‍കിയിരുന്നു.

ഫ്‌ളൈസ്‌ക്രീന്‍, പുതിയ ഗ്രാഫിക്‌സ്, സ്ലിപ്പര്‍ ക്ലച്ച് എന്നിവ പുതുതായി നല്‍കി. എന്നാല്‍ വില വര്‍ധിപ്പിച്ചിട്ടില്ല

95,685 രൂപ മുതല്‍ 1.09 ലക്ഷം രൂപ (ടോപ് എബിഎസ് വേരിയന്റ്) വരെയാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി യുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില. ബജാജ് പള്‍സര്‍ എന്‍എസ് 200, യമഹ എഫ്ഇസഡ് 25 എന്നിവയുമായി ബൈക്ക് കൊമ്പുകോര്‍ക്കും. പുറത്തിറങ്ങാനിരിക്കുന്ന ഹീറോ എക്‌സ്ട്രീം 200ആര്‍ മറ്റൊരു എതിരാളിയാണ്. എതിരാളികള്‍ക്കിടയില്‍ പുതുമ നിലനിര്‍ത്താന്‍ പുതിയ നിറങ്ങള്‍ അപ്പാച്ചെ 200 മോട്ടോര്‍സൈക്കിളിനെ സഹായിക്കും.

Comments

comments

Categories: Auto