വൈദ്യുതി വിപ്ലവത്തില്‍ ഇന്ത്യയുടെ മാതൃക

വൈദ്യുതി വിപ്ലവത്തില്‍ ഇന്ത്യയുടെ മാതൃക

സമ്പൂര്‍ണ വൈദ്യുതിവല്‍ക്കരണം എന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെ അങ്ങനെ എഴുതിതള്ളേണ്ടതില്ല. വൈദ്യുതിവല്‍ക്കരണത്തില്‍ മികച്ച പ്രകടനം തന്നെയാണ് രാജ്യം നടത്തിയിരിക്കുന്നത്

വൈദ്യുതിവല്‍ക്കരണത്തിന്റെ കാര്യത്തില്‍ ഇന്ത്യ സുപ്രധാന നാഴികക്കല്ല് തന്നെയാണ് പിന്നിട്ടിരിക്കുന്നത്. വൈദ്യുതീകരണ പദ്ധതി വിജയം തന്നെയാണെന്നാണ് ഇന്നലെ ലോകബാങ്കും വ്യക്തമാക്കിയത്. രാജ്യത്തെ 85 ശതമാനം ജനവിഭാഗത്തിനും വൈദ്യുതി ലഭ്യത ഉറപ്പുവരുത്തിയ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയതെന്ന് ലോകബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2010നും 2016നും ഇടയില്‍ പ്രതിവര്‍ഷം 30 ദശലക്ഷം പേരിലേക്ക് വൈദ്യുതി എത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ഇത് ലോകത്ത് മറ്റേതൊരു രാജ്യം നേടിയ വൈദ്യുതീകരണ കണക്കുകളേക്കാള്‍ മുന്നിലാണെന്നാണ് ലോകബാങ്ക് ചൂണ്ടിക്കാട്ടിയത്. 2015ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് 1000 ദിവസത്തിനകം ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജന പദ്ധതിയിലൂടെ രാജ്യത്ത് സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്.

വൈദ്യുതി എത്താതിരുന്ന രാജ്യത്തെ 18,452 ഗ്രാമങ്ങളില്‍17,181 ഗ്രാമങ്ങളിലും വൈദ്യുതി എത്തിയതോടെയാണ് ഇന്ത്യ പുതിയ തലത്തിലേക്ക് ഉയര്‍ന്നത്. നിരവധി പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ആഘോഷിക്കേണ്ട നേട്ടം തന്നെയാണിത്. അവശേഷിക്കുന്ന 15 ശതമാനത്തിലേക്ക് കൂടി വൈദ്യതി എത്തിക്കേണ്ടതിന്റ വേഗം കൂട്ടിയാല്‍ 2030ന് മുമ്പേ തന്നെ ലോകത്തിന് മുഴുവന്‍ മാതൃക തീര്‍ക്കുന്ന ട്ടേം ഇന്ത്യക്ക് സ്വന്തമാവുകയും ചെയ്യും.

മണിപ്പൂരിലെ ലെയ്‌സംഗ് ഗ്രാമത്തില്‍ വൈദ്യുതി എത്തിയതോടെയാണ് എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയെന്ന സാഹചര്യത്തിലേക്ക് രാജ്യം എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നിശ്ചിയിച്ച തിയതിയെക്കാള്‍ 12 ദിവസം മുമ്പ് ലക്ഷ്യം നേടാന്‍, 2018 ഏപ്രില്‍ 28ന് ഇന്ത്യക്ക് സാധിച്ചുവെന്നാണ് വാര്‍ത്തകള്‍. ഒരു ഗ്രാമം വൈദ്യുതീകരിച്ചെന്ന് പറഞ്ഞാല്‍ ആ ഗ്രാമത്തിലെ എല്ലാവര്‍ക്കും വൈദ്യുതി ലഭിച്ചു എന്നര്‍ത്ഥമില്ല. അതുകൊണ്ടു തന്നെ എല്ലാ കുടുംബങ്ങളിലേക്കും എത്രയും വേഗത്തില്‍ വൈദ്യുതി എത്തിക്കുക എന്നതിനാകണം ഇനി കേന്ദ്ര സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കേണ്ടത്.

Comments

comments

Categories: Editorial, Slider