ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ വേഗം വിസ്മയിപ്പിക്കുന്നത്: എഡിബി

ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ വേഗം വിസ്മയിപ്പിക്കുന്നത്: എഡിബി

അസന്തലിതാവസ്ഥ കുറച്ചുകൊണ്ട് ആഭ്യന്തര ആവശ്യകത വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം

ന്യൂഡെല്‍ഹി: ഇന്ത്യ നടപ്പുസാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ച ‘വിസ്മയിപ്പിക്കുന്ന വേഗത്തി’ലുള്ളതാണെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കില്‍ നിന്നുള്ള മുഖ്യ സാമ്പത്തിക വിദഗ്ധന്‍ യാസുയുകി സവാദ. ഇതേ വേഗം നിലനിര്‍ത്താന്‍ രാജ്യത്തിന് സാധിക്കുകയാണെങ്കില്‍ ഒരു ദശാബ്ദത്തിനുള്ളില്‍ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം നിലവിലുള്ളതിന്റെ ഇരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഏഴ് ശതമാനത്തിലധികം വളര്‍ച്ച നേടാനാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ എട്ട് ശതമാനം വളര്‍ച്ച എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയായിരിക്കും. ഏഴ് ശതമാനം എന്നത് മികച്ച വളര്‍ച്ചാ നിരക്കാണെന്നും യാസുയുകി സവാദ പറഞ്ഞു. അതുകൊണ്ട് എട്ട് ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിക്കാത്തതില്‍ ഇന്ത്യ ആശങ്കപ്പെടേണ്ടതില്ല. പക്ഷെ, വരുമാന അസന്തലിതാവസ്ഥ കുറച്ചുകൊണ്ട് ആഭ്യന്തര ആവശ്യകത വര്‍ധിപ്പിക്കുന്നതില്‍ രാജ്യം ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് യാസുയുകി പറഞ്ഞു. കയറ്റുമതി മൂല്യത്തേക്കാള്‍ ആഭ്യന്തര ആവശ്യകതയാണ് പ്രധാനമായി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ടുനയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യന്‍ മേഖലയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തികശക്തിയെന്ന ബഹുമതി ഇന്ത്യക്ക് നിലനിര്‍ത്തുമെന്നാണ് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ നിഗമനം. നടപ്പു സാമ്പത്തിക വര്‍ഷം 7.3 ശതമാനവും അടുത്ത സാമ്പത്തിക വര്‍ഷം 7.6 ശതമാനവും വളര്‍ച്ച നേടാന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് എഡിബിയുടെ നിഗമനം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം രാജ്യം 6.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് പ്രവചനം. 2016-2017ല്‍ 7.1 ശതമാനം വളര്‍ച്ച അനുഭവപ്പെട്ട സ്ഥാനത്താണിത്. ഈ സാമ്പത്തിക വര്‍ഷം മുതല്‍ പത്ത് വര്‍ഷത്തേക്ക് ഏഴ് ശതമാനം വളര്‍ച്ച തുടരാന്‍ ഇന്ത്യക്കായാല്‍ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം ഇരട്ടിയാകും.

നിലവില്‍ 2.5 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സാമ്പത്തികശക്തിയാണ് ഇന്ത്യ. 2025ഓടെ രാജ്യത്തിന്റെ സാമ്പത്തിക മൂല്യം അഞ്ച് ട്രില്യണ്‍ ഡോളറിലേക്ക് ഉയരുമെന്ന് അടുത്തിടെ കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞിരുന്നു.

Comments

comments

Categories: Business & Economy