70 തരം ചായകളുമായി ‘ബഡ്ഡീസ് കഫെ’

70 തരം ചായകളുമായി ‘ബഡ്ഡീസ് കഫെ’

സുലൈമാനി മുതല്‍ ഓസ്‌ട്രേലിയന്‍, ഈജിപ്ഷ്യന്‍ ചായകളടക്കം 70 ഓളം വ്യത്യസ്ത ചായകളുടെ ആഘോഷമാണ് ബഡ്ഡീസ് കഫെയില്‍. പ്രതിദിനം 12,000 രൂപയ്ക്കാണ് വില്‍പ്പന നടക്കുന്ന കഫെയ്ക്ക് ഡാന്‍ജോ എന്ന പേരില്‍ സ്വന്തമായി ഒരു ടീ ബ്രാന്‍ഡ് തന്നെയുണ്ട്

ചായയോടുള്ള ഇഷ്ടത്തില്‍ ചായക്കട തുടങ്ങിയ വ്യക്തിയാണ് നിര്‍മല്‍ രാജ്. ഇന്ന് കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഡ്ഡീസ് കഫെ എന്ന സ്വന്തം സ്ഥാപനത്തിലൂടെ 70 വ്യത്യസ്ത തരം ചായകളാണ് ഈ ഇരുപത്തിയെട്ടുകാരന്‍ വില്‍ക്കുന്നത്.

നിര്‍മലിന് ചായയോടുള്ള ഇഷ്ടം അമ്മയ്‌ക്കൊപ്പം ചെറുപ്പത്തില്‍ തേയില ഫാക്റ്ററിയില്‍ പോയ കാലം മുതല്‍ തുടങ്ങിയതാണ്. തേയിലയുടെ കൊളുന്ത് ശേഖരിക്കുന്ന അമ്മയ്‌ക്കൊപ്പം തോട്ടത്തില്‍ കളിച്ചു നടന്ന വഴികളൊന്നും ഈ യുവാവിനു മറക്കാനാവില്ല. ഊട്ടിയിലെ ഇന്‍ഡ്‌കോ 6 എന്ന സ്ഥാപനത്തില്‍ ടീ മേക്കര്‍ ആയിരുന്ന അച്ഛന്റെ സ്വാധീനവും വളരെ വലുതാണ്. വളര്‍ന്നു വലുതാകുമ്പോള്‍ ചായക്കട തുടങ്ങണമെന്നുള്ള അന്നത്തെ ആറുവയസുകാരന്റെ സ്വപ്‌നമൊക്കെ അവിടത്തെന്നെ മൂടി വെക്കാനായിരുന്നു വിധി. അച്ഛന്റെ പെട്ടെന്നുള്ള മരണം, കുടുംബത്തിലെ സാമ്പത്തിക പ്രാരാബ്ധങ്ങള്‍ ഇവയെല്ലാം നിര്‍മലിനെ വഴിതിരിച്ചു. അച്ഛന്റെ മരണശേഷം തേയില ഫാക്റ്ററിയിലെ ക്ലര്‍ക്ക് ആയി അമ്മയ്ക്കു ജോലി ലഭിച്ചു. ബിരുദ പഠനത്തിനുശേഷം കോര്‍പ്പറേറ്റ് വിഭാഗത്തില്‍ ബിസിനസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടിവ് ആയി ജോലിയില്‍ പ്രവേശിച്ച നിര്‍മല്‍ തന്റെ പാഷന്‍ വീണ്ടും പൊടിതട്ടിയെടുക്കുകയായിരുന്നു. ഒഴിവുസമയത്ത് കോയമ്പത്തൂരിലെ പ്രാദേശിക കടകളില്‍ തേയില വിതരണം നടത്തിക്കൊണ്ട് വീണ്ടും മേഖലയില്‍ സജീവമായി. ഗുണമേന്‍മയുള്ള ചായ മിതമായ നിരക്കില്‍ നല്‍കുക എന്ന തന്റെ സ്വപ്‌നത്തിന്റെ നേര്‍ വിപരീത പ്രവര്‍ത്തനങ്ങളാണ് മേഖലയിലെ കച്ചവടക്കാര്‍ക്കിടയില്‍ നടക്കുന്നതെന്ന് അധികം വെകാതെ നിര്‍മല്‍ തിരിച്ചറിഞ്ഞു.

കിലോഗ്രാമിന് 40-60 രൂപയ്ക്ക് ശേഖരിക്കുന്ന തേയില ഇലകള്‍ ഡീലര്‍മാര്‍ വില്‍ക്കുന്നത് 150 മുതല്‍ 220 രൂപയ്ക്കു വരെയാണ്. മാത്രമല്ല ഗുണമേന്‍മയുള്ള തേയിലയില്‍ നിരവധി രാസവസ്തുക്കളും കച്ചവടക്കാര്‍ കലര്‍ത്തുന്നുണ്ട്. ഈ സാഹചര്യങ്ങളെ പ്രതിരോധിക്കുന്ന ഒരു സ്ഥാപനം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സ്വന്തമായി ഒരു ചായക്കടയ്ക്കു രൂപം നല്‍കുന്നത്.

ബഡ്ഡീസ് കഫെയുടെ തുടക്കം

ചായയും ചായക്കടയും പാഷനായി കൊണ്ടുനടന്ന നിര്‍മല്‍ മേഖലയിലെ കച്ചവടക്കണ്ണുകളില്ലാതെയാണ് ബഡ്ഡീസ് കഫെയ്ക്കു തുടക്കമിട്ടത്. തേയില നട്ടുവളര്‍ത്തി പരിപാലിക്കുന്നവര്‍ക്ക് സ്വന്തം ഉല്‍പ്പന്നത്തില്‍ മായം ചേര്‍ക്കാന്‍ മനസ് അനുവദിക്കില്ല. അതുപോലെതന്നെ തേയിലത്തോട്ടങ്ങളോടും ചായയോടുമുള്ള ഇഷ്ടത്താല്‍ അവ എത്രത്തോളം മനോഹരമാക്കാം എന്നാണ് താന്‍ ചിന്തിക്കാറുള്ളതെന്നും നിര്‍മല്‍ പറയുന്നു. നമ്മുടെ ഉല്‍പ്പന്നം മായത്തിന്റെ പേരിലല്ല, തികച്ചും പ്രകൃതിദത്തമാകുന്നതിന്റെ രുചിയിലാണ് സംതൃപ്തി ലഭിക്കുന്നത്. നമുക്ക് ഇഷ്ടമുള്ള ഒന്ന് ഉപഭോക്താക്കള്‍ക്ക് മികച്ച രീതിയില്‍ നല്‍കുമ്പോള്‍ മനസും നിറയും- നിര്‍മല്‍ പറയുന്നു.

2012ല്‍ കോയമ്പത്തൂര്‍ ആസ്ഥാനമായാണ് ബഡ്ഡീസ് കഫെ തുടങ്ങുന്നത്. 70 തരം വ്യത്യസ്ത ചായകളാണ് ഇവിടുത്തെ പ്രധാന ഹൈലൈറ്റ്. വൈറ്റ്, ഗ്രീന്‍, ഓലോംഗ്, ബ്ലാക്ക്, ഐസ്ഡ് ടീ, പഴവര്‍ഗങ്ങളും ഔഷധങ്ങളും കോര്‍ത്തിണക്കിയ വൃത്യസ്ത രുചികളിലുള്ള ചായ എന്നിങ്ങനെ ചായയുടെ ആഘോഷമാണ് ബഡ്ഡീസ് കഫെ. നിലവില്‍ ഒരു ബഡ്ഡീസ് കഫെ ഔട്ട്‌ലെറ്റും മൂന്ന് ബഡ്ഡീസ് ടീ പോയിന്റുകളുമാണ് നിര്‍മലിന് സ്വന്തമായുള്ളത്.

ചായയെ ആഘോഷമാക്കുന്ന കഫെ

ബഡ്ഡീസ് കഫെയുടെ തുടക്കം 15 ഓളം വ്യത്യസ്ത തരം ചായകളുമായാണ്. നിലവില്‍ 70ല്‍ പരം രുചികളുമായാണ് നിര്‍മലിന്റെ ടീ റൂം മേഖലയില്‍ വേറിട്ട പ്രവര്‍ത്തനശൈലി കാത്തുസൂക്ഷിക്കുന്നത്. ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനത്താണ് കഫെ പ്രവര്‍ത്തിക്കുന്നതെങ്കിലും പരമ്പരാഗത ഇന്ത്യന്‍ ശൈലിയിലുള്ള ചായകള്‍ മാത്രമല്ല ഇവിടെ ലഭിക്കുന്നത്. ഇന്ത്യയിലെ ക്ലാസിക് സുലൈമാനി മുതല്‍ ജാപ്പനീസ് മാച്ചാ ടീ, സൗത്ത് ആഫ്രിക്കന്‍ റൂയിബോസ്, ജര്‍മന്‍ ഹെര്‍ബല്‍ ടീ, ഈജിപ്ഷ്യന്‍ പ്യുവര്‍ ഷാമോമൈല്‍, ഓസ്‌ട്രേലിയന്‍ ഫ്രൂട്ട് ബേസ്ഡ് ഇന്‍ഫ്യൂഷന്‍ എന്നിങ്ങനെ ലോകോത്തര ചായകളുടെ വിവിധ ശ്രേണിയും ഈ കഫെയിലുണ്ട്. ഇതുകൂടാതെ ഒരു ഇന്‍-ഹൗസ് ടീ ബ്രാന്‍ഡ് തന്നെ നിര്‍മല്‍ സൃഷ്ടിച്ചിട്ടുണ്ട്. ഡാന്‍ജോ എന്ന പേരിലുള്ള ഈ ടീ ബ്രാന്‍ഡ് നിലവില്‍ ബഡ്ഡീസ് കഫെയില്‍ മാത്രമാണ് ലഭ്യമാകുന്നത്.

കോയമ്പത്തൂര്‍ അന്തര്‍ദേശീയ എയര്‍പോര്‍ട്ടില്‍ ബഡ്ഡീസ് കഫെയുടെ രണ്ടാമത്തെ ബ്രാഞ്ച് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍. കൂടാതെ ഈ വര്‍ഷം അവസാനത്തോടെ എട്ട് പുതിയ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. നിലവില്‍ ബഡ്ഡീസ് കഫെ വഴി മാത്രം ലഭിക്കുന്ന ഡാന്‍ജോ എന്ന ടീ ബ്രാന്‍ഡ് സപ്ലൈ ചെയിന്‍ വഴിയും ഇ-പ്ലാറ്റ്‌ഫോമിലും ഉടന്‍ തന്നെ അവതരിപ്പിക്കും

ബയോഡൈനാമിക് കള്‍ട്ടിവേഷനിലൂടെ തേയില നിര്‍മിക്കുന്ന കര്‍ഷകരില്‍ നിന്നാണ് ബഡ്ഡീസ് കഫെയിലേക്കു വേണ്ട ഓര്‍ഗാനിക് തേയിലകള്‍ വാങ്ങുന്നത്. ഇന്ത്യയില്‍ നിന്നു മാത്രമല്ല, ലോകത്തിലെവിടെ നിന്നും മികച്ച തേയില കണ്ടെത്തി വാങ്ങാനും നിര്‍മല്‍ ഒരുക്കമാണ്. അത്രത്തോളമുണ്ട് ഈ തേയിലപ്രേമിക്ക് സംരംഭത്തോടുള്ള ആത്മാര്‍ത്ഥത. ഏതു വിധേനയാണെങ്കിലും തന്റെ പാഷനില്‍ മായം ചേര്‍ക്കാന്‍ കഴിയില്ലെന്നാണ് നിര്‍മല്‍ രാജിന്റെ പക്ഷം.

ചായയില്‍ നിന്നും കോഫിയിലേക്ക്

തുടക്കത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടാണ് ബഡ്ഡീസ് കഫെ ലാഭത്തിലേക്ക് എത്തിയത്. ബിസിനസില്‍ അത്ര വലിയ പരിചയമില്ലാത്തതിനാല്‍ നിരവധി പാളിച്ചകള്‍ നേരിടേണ്ടി വന്നു. 100 സ്‌ക്വയര്‍ ഫീറ്റ് മുറിയിലാണ് ആറ് വര്‍ഷം മുമ്പ് കഫെ തുടങ്ങിത്. റോഡരികില്‍ നിന്നു പോലും നിര്‍മലും സംഘവും ചായ വിറ്റു. നഷ്ടത്തിലായിരുന്നു കച്ചവടം. ഷോപ്പിന്റെ വാടക പോലും തികയുമായിരുന്നില്ല. പിന്നീട് ടീ കഫെയുടെ വിസ്തൃതി കൂട്ടിയതോടെ ആളുകള്‍ എത്തിത്തുടങ്ങി. ചായയേക്കാള്‍ ആളുകള്‍ക്കാവശ്യം കോഫി ആയിരുന്നു. 15 തരം ചായകള്‍ക്കൊപ്പം കോഫിയും വിറ്റിരുന്നെങ്കിലും ചായ ആയിരുന്നു ഞങ്ങളുടെ ഹൈലൈറ്റ്. സ്വന്തം ഉല്‍പ്പന്നത്തില്‍ അന്ന് മുതല്‍ക്കെ ഞങ്ങളും ചില സ്ഥിരം ഉപഭോക്താക്കളും കാണിച്ച വിശ്വാസമാണ് ഇന്നത്തെ ബഡ്ഡീസ് കഫെയുടെ വിജയത്തിനു കാരണമായത്- നിര്‍മല്‍ പറയുന്നു

തുടക്കത്തില്‍ കഫെയിലെ വില്‍പ്പന പ്രതിദിനം 300 രൂപ ആയിരുന്നു. ഇന്നത് 12,000 രൂപയായി ഉയര്‍ന്നിരിക്കുന്നു. പത്തു പേരടങ്ങുന്ന സംഘമാണ് ഇന്ന് ബഡ്ഡീസ് കഫെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ടീ സബ്‌സ്‌ക്രിപ്ഷന്‍ ഉള്‍പ്പെടെ കോര്‍പ്പറേറ്റ് പാര്‍ട്ടി, ഡോര്‍ ഡെലിവറി, ടീ പാക്കേജിംഗ് എന്നീ നിലകളിലും കഫെയുടെ പ്രവര്‍ത്തനം നീളുന്നുണ്ട്. സ്ഥിരം ഉപഭോക്താക്കളില്‍ ഒരാളില്‍ നിന്നു തന്നെ കമ്പനി അടുത്തിടെ ബിസിനസ് വികസനത്തിനായി നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. നിക്ഷേപത്തുക വെളിപ്പെടുത്തിയിട്ടില്ല.

ഫ്രഷ് ടീയ്‌ക്കൊപ്പം സംഗീതവും ആസ്വദിച്ച് വീടുകളിലെന്ന പോലയുള്ള അന്തരീക്ഷമാണ് ഇന്ന് ബഡ്ഡീസ് കഫെയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യക്കാര്‍ മാത്രമല്ല, വിദേശികളും ഞങ്ങളുടെ ആരാധകരായി മാറിയിരിക്കുന്നു. വിദേശത്ത് ഫ്രാഞ്ചൈസി തുടങ്ങാനുള്ള അന്വേഷണങ്ങളും ലഭിക്കുന്നുണ്ട്- നിര്‍മല്‍ പറയുന്നു.

കോയമ്പത്തൂര്‍ അന്തര്‍ദേശീയ എയര്‍പോര്‍ട്ടില്‍ ബഡ്ഡീസ് കഫെയുടെ രണ്ടാമത്തെ ബ്രാഞ്ച് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍. കൂടാതെ ഈ വര്‍ഷം അവസാനത്തോടെ എട്ട് പുതിയ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. നിലവില്‍ ബഡ്ഡീസ് കഫെ വഴി മാത്രം ലഭിക്കുന്ന ഡാന്‍ജോ എന്ന ടീ ബ്രാന്‍ഡ് സപ്ലൈ ചെയിന്‍ വഴിയും ഇ-പ്ലാറ്റ്‌ഫോമിലും ഉടന്‍ തന്നെ അവതരിപ്പിക്കും

Comments

comments