വീണ്ടും സെല്‍ഫ് ഡ്രൈവിംഗ് കാറപകടം ; ഹോണ്ട കാറും വേമോ ഓട്ടോണമസ് വാനും കൂട്ടിയിടിച്ചു

വീണ്ടും സെല്‍ഫ് ഡ്രൈവിംഗ് കാറപകടം ; ഹോണ്ട കാറും വേമോ ഓട്ടോണമസ് വാനും കൂട്ടിയിടിച്ചു

ഹോണ്ട സെഡാന്‍ വേമോയുടെ സെല്‍ഫ് ഡ്രൈവിംഗ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു

അരിസോണ : ഓട്ടോണമസ് കാര്‍ കമ്പനിയായ വേമോയുടെ വാന്‍ അപകടത്തില്‍പ്പെട്ടു. അരിസോണയ്ക്കു സമീപം ചാന്‍ഡലറില്‍ മറ്റൊരു കാര്‍ വേമോയുടെ സെല്‍ഫ് ഡ്രൈവിംഗ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടസമയത്ത് വേമോ വാന്‍ ഓട്ടോണമസ് മോഡിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം വാഹനം പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. ഡ്രൈവറുടെ സീറ്റില്‍ ഹ്യൂമണ്‍ ബാക്കപ്പ് ഡ്രൈവര്‍ ഉണ്ടായിരുന്നു. ഓട്ടോണമസ് ഡ്രൈവിംഗ് മോഡും ഡ്രൈവറുമല്ല അപകടത്തിന് ഉത്തരവാദിയെന്ന് അന്വേഷണശേഷം പൊലീസ് സ്ഥിരീകരിച്ചു. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന് കീഴിലാണ് വേമോ പ്രവര്‍ത്തിക്കുന്നത്.

ഹോണ്ട സെഡാനാണ് വേമോ ഓട്ടോണമസ് വാനുമായി കൂട്ടിയിടിച്ചത്. മറ്റൊരു വാഹനവുമായി കൂട്ടിയിടി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ, ഓട്ടോണമസ് മോഡില്‍ സാവധാനം സഞ്ചരിച്ചിരുന്ന വേമോ വാനുമായി ഹോണ്ട കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വേമോ വാനിന്റെ ഡ്രൈവര്‍ സീറ്റിലിരുന്ന വ്യക്തിക്ക് പരുക്കേറ്റു. എന്നാല്‍ പരുക്ക് ഗുരുതരമല്ല. അപകടം സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അപകടത്തിന് ഉത്തരവാദി വേമോ വാഹനമല്ലെന്നും പൊലീസ് അറിയിച്ചു. ഫീനിക്‌സ് ഏരിയയില്‍ നടക്കുന്ന രണ്ടാമത്തെ സെല്‍ഫ് ഡ്രൈവിംഗ് കാറപകടമാണ് ഇത്. നേരത്തെ യുബറിന്റെ സെല്‍ഫ് ഡ്രൈവിംഗ് വാഹനമിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചിരുന്നു.

ഓട്ടോണമസ് ഡ്രൈവിംഗ് മോഡും ഡ്രൈവറുമല്ല അപകടത്തിന് ഉത്തരവാദിയെന്ന് പൊലീസ് അറിയിച്ചു. വേമോ വാനിന്റെ ഡ്രൈവര്‍ സീറ്റിലിരുന്ന വ്യക്തിക്ക് അപകടത്തില്‍ പരുക്കേറ്റു

ഹ്യൂമണ്‍ ബാക്കപ്പ് ഡ്രൈവറില്ലാതെ സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ വേമോ ഉടന്‍ പരീക്ഷിക്കുമെന്ന് 2017 നവംബറില്‍ ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. വാഹനത്തില്‍ വേമോ ജീവനക്കാരന്‍ ഉണ്ടാകുമെങ്കിലും പിന്‍ സീറ്റിലായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. 2016 ല്‍ ഫ്‌ളോറിഡയില്‍ ഓട്ടോപൈലറ്റ് സംവിധാനത്തില്‍ ഓടിയിരുന്ന ടെസ്‌ല കാര്‍ ട്രാക്ടര്‍-ട്രെയ്‌ലറുമായി കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചിരുന്നു.

Comments

comments

Categories: Auto