ദക്ഷിണാഫ്രിക്കയില്‍ സാന്നിധ്യം ശക്തമാക്കി ഇന്ത്യന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കയില്‍ സാന്നിധ്യം ശക്തമാക്കി ഇന്ത്യന്‍ കമ്പനികള്‍

2015-2016ല്‍ 9.5 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടന്നത്

ന്യൂഡെല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ പ്രവര്‍ത്തനം നടത്തുന്ന 140ഓളം ഇന്ത്യന്‍ കമ്പനികള്‍ മൊത്തമായി നാല് ബില്യണ്‍ ഡോളറിലധികം നിക്ഷേപം അവിടെ നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 18,000 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ ഈ കമ്പനികള്‍ ദക്ഷിണാഫ്രിക്കയില്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും പിഡബ്ല്യുസിയും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രത്യക്ഷ വിദേശ നിക്ഷേപത്തിനു(എഫ്ഡിഐ) പുറമെ ദക്ഷിണാഫ്രിക്കയിലെ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിലും നൈപുണ്യ വികസന പദ്ധതികളിലുമുള്‍പ്പെടെ ഇന്ത്യന്‍ കമ്പനികള്‍ വഹിക്കുന്ന പങ്ക് വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. ഭാവിയില്‍ ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യന്‍ ബിസിനസുകളുടെ സാന്നിധ്യം ശക്തമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കുന്നതിനും കൂടുതല്‍ നിക്ഷേപം നടത്തുന്നതിനും ദക്ഷിണാഫ്രിക്കന്‍ കമ്പനികള്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന വിലയിരുത്തലും റിപ്പോര്‍ട്ട് പങ്കുവെക്കുന്നുണ്ട്. വിപ്രോ, കോള്‍ ഇന്ത്യ, സിപ്ല, ജിന്‍ഡാല്‍ സ്റ്റീല്‍, പവര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ അടുത്തിടെ ദക്ഷിണാഫ്രിക്കയില്‍ നിക്ഷേപം നടത്തിയതായും സിഐഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരോഗ്യ രംഗത്ത് റാന്‍ബാക്‌സി, സിപ്ല തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ കടന്നുവന്നതോടെ എച്ച്‌ഐവി പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിനായുള്ള എആര്‍വി (ആന്റി റെട്രോവൈറല്‍) മരുന്നുകള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ വില കുറഞ്ഞു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതിന് വലിയ സാധ്യതകളാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനങ്ങളുടെ അനുബന്ധ ഘടകങ്ങള്‍, ട്രാന്‍സ്‌പോര്‍ട്ട് ഉപകരണങ്ങള്‍, മരുന്നുകള്‍, മരുന്നുനിര്‍മാണവുമായി ബന്ധപ്പെട്ട വസ്തുക്കള്‍, എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, ചെരുപ്പ്, രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍, അരി തുടങ്ങിയവയാണ് ഇന്ത്യ പ്രധാനമായും ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയക്കുന്നത്.

2003-2004 കാലയളവില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ 2.5 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2014-2015ല്‍ ഇത് 11.79 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. പത്ത് വര്‍ഷത്തിനുള്ളില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര മൂല്യത്തില്‍ 9.29 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണുണ്ടായിട്ടുള്ളത്. അതേസമയം, 2015-2016ല്‍ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ഇടപാടുകളില്‍ നേരിയ ഇടിവ് അനുഭവപ്പെട്ടിരുന്നു. ഇക്കാലയളവില്‍ 9.5 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്നത്. ദക്ഷിണാഫ്രിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് ഇടിഞ്ഞതും നയപരവും രാഷ്ട്രീയപരവും സാമ്പത്തികപരവുമായ അനിശ്ചിതത്വങ്ങളും വിനിമയ നിരക്കിലെ വ്യതിയാനങ്ങളുമാണ് ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ ഇടിവ് വരാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Comments

comments

Categories: Slider, Top Stories